| Monday, 28th September 2026, 8:21 am

പ്രേമലു 2 മുടങ്ങിപ്പോകുമെന്ന് കരുതിയിരുന്നില്ല, അത് നിന്നുപോയത് എന്നെ മാത്രം ബാധിക്കുന്ന ഒരു കാര്യമല്ല; ഗിരീഷ് എ.ഡി

അജ്മല്‍ കെ

കേരള ബോക്സ് ഓഫീസിൽ നിന്ന് 153 കോടിയിലധികം കളക്ഷൻ നേടി ഇൻഡസ്ട്രി ഹിറ്റും ആഗോളതലത്തിൽ 326 കോടിയിലധികം കളക്ഷനും നേടി സ്വപ്നക്കുതിപ്പ് നടത്തുകയാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നിവിൻ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ചിത്രം ഏജ്-ഗ്യാപ് റൊമാൻസിനെ പശ്ചാത്തലമാക്കിയായിരുന്നു സംവിധായകൻ ഒരുക്കിയത്. ചിത്ര-ത്തിലെ നിവിനും മമിതയും തമ്മിലുള്ള കോമ്പോയെ പ്രേക്ഷകർ ഏറ്റെടുത്തതോടെ ലോകഃയെയും വെട്ടി മലയാളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടമാണ് ഇപ്പോൾ ബെത്‌ലഹേം സ്വന്തമാക്കിയിരിക്കുന്നത്.

ഇപ്പോഴിതാ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ അപ്രതീക്ഷിതമായ തിരിച്ചടികളുണ്ടാകുമ്പോൾ മനസ് വേദനിക്കാറുണ്ടെങ്കിലും അതിൽ തന്നെ തളർന്നിരിക്കാതെ ജോലിയിൽ കൂടുതൽ ശ്രദ്ധ നൽകുകയാണ് ചെയ്യാറുള്ളതെന്ന് തുറന്നു പറഞ്ഞ് സംവിധായകൻ ഗിരീഷ് എ.ഡി. ‘പ്രേമലു 2’ ചെയ്യാതിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ആ നിരാശയിൽ നിന്നാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എഴുതിയതെന്നും ഗിരീഷ് പറഞ്ഞു.

ഗിരീഷ് എ.ഡി. Photo. Screen Grab/ Youtube

‘അപ്രതീക്ഷിതമായ തിരിച്ചടികളിൽ മനസ് വേദനിക്കാറുണ്ട്. എന്നാൽ അതോർത്തു കരഞ്ഞ് മാറിയിരിക്കേണ്ടതില്ലല്ലോ. വിഷമങ്ങളിൽ നിന്ന് പുറത്തുകടക്കാൻ ഞാൻ കണ്ടെത്തിയ പോംവഴി ജോലിയിൽ കൂടുതൽ ശ്രദ്ധിക്കുക എന്നതാണ്,’ ഗിരീഷ് പറഞ്ഞു.

പ്രേമലു 2 നടക്കാതെ പോയ സാഹചര്യം തനിക്ക് മാത്രമുള്ള ഒരു നഷ്ടമായിരുന്നില്ലെന്നും ഒരു സിനിമ നിന്നുപോകുമ്പോൾ അതിന്റെ പ്രത്യാഘാതം ഒരാളെയോ രണ്ടുപേരെയോ മാത്രമല്ല ബാധിക്കുന്നതെന്നും ഗിരീഷ് കൂട്ടിച്ചേർത്തു.

‘പ്രേമലു 2 പിൻവലിക്കേണ്ടി വരുമെന്ന് ചിന്തിച്ചിരുന്നില്ല. ഒരു സിനിമ നിന്നുപോകുക എന്നത് ബാധിക്കുന്നത് ഒരാളെയോ രണ്ടുപേരെയോ അല്ല. ആ നിരാശ മറികടക്കാൻ എഴുതിയതാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്,’ഗിരീഷ് വ്യക്തമാക്കി.

പ്രേമലുവിൽ നിന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ വരെയുള്ള യാത്രയിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ തുടങ്ങിയവരിൽ നിന്ന് ലഭിച്ച പിന്തുണയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

പ്രേമലു 2,ഗിരീഷ് എ.ഡി. Photo. IMDb. Screen Grab/ Youtube

‘പ്രേമലുവിലൂടെയാണ് ഭാവന സ്റ്റുഡിയോസിനൊപ്പമുള്ള യാത്ര ആരംഭിക്കുന്നത്. അന്നുമുതൽ ബെത്‌ലഹേം വരെ ദിലീഷേട്ടനും ശ്യാമേട്ടനും ഫഹദുമെല്ലാം തരുന്ന പിന്തുണ വലുതാണ്. പ്രേമലു 2 നടക്കില്ലെന്ന് വന്ന ഘട്ടത്തിൽ പോലും ‘സാരമില്ല, നീ അടുത്ത പടത്തിന്റെ വർക്ക് തുടങ്ങൂ’ എന്നാണ് അവർ പറഞ്ഞത്. ഇങ്ങനെ ഒപ്പം നിൽക്കുന്ന മനുഷ്യർ ഭാഗ്യമാണ്,’ ഗിരീഷ് പറഞ്ഞു.

Content Highlight: Girish A.D. opens up about why ‘Premalu’ was put on hold

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more