| Wednesday, 30th September 2026, 12:55 pm

സിനിമകളുടെ വിജയം പ്രഷറായി തോന്നാറുണ്ട്, ആ സിനിമകളുടെ വിജയം സത്യത്തിൽ എനിക്കൊരു ഭാരമായിരുന്നു; ഗിരീഷ് എ.ഡി

അജ്മല്‍ കെ

കേരള ബോക്സ് ഓഫീസിൽ നിന്ന് 153 കോടിയിലധികം കളക്ഷൻ നേടി ഇൻഡസ്ട്രി ഹിറ്റും ആഗോളതലത്തിൽ 326 കോടിയിലധികം കളക്ഷനും നേടി സ്വപ്നക്കുതിപ്പ് നടത്തുകയാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ്.

ഇപ്പോഴിതാ ‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘പ്രേമലു’ എന്നീ സിനിമകൾ നേടിയ വലിയ വിജയം തന്റെ അടുത്ത സിനിമകളിലേക്ക് കടക്കുമ്പോൾ ഒരു സമ്മർദമായി തോന്നാറുണ്ടെന്ന് തുറന്നു പറയുകയാണ് സംവിധായകൻ ഗിരീഷ് എ.ഡി. പ്രേക്ഷകർക്ക് അടുത്ത സിനിമയിൽ വലിയ പ്രതീക്ഷയുണ്ടെന്ന ഓർമപ്പെടുത്തൽ പോലെയാണ് ആ വിജയമെന്നും ഗിരീഷ് വനിതക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഗിരീഷ് എ.ഡി. Photo. Screen Grab/ Youtube.

‘തണ്ണീർമത്തൻ ദിനങ്ങളുടെയും പ്രേമലുവിന്റെയും വിജയം തീർച്ചയായും എന്നിലേക്ക് ഇറക്കിവയ്ക്കുന്ന ഒരു ഭാരമുണ്ട്. ‘ഗിരീഷേ, നിന്റെ അടുത്ത സിനിമയിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുണ്ട്’ എന്ന് ആരോ പറയാതെ പറയുന്നതുപോലെ. വിജയിക്കാനും പരാജയപ്പെടാനും സാധ്യതയുള്ള മേഖലയാണ് സിനിമ,’ ഗിരീഷ് പറഞ്ഞു.

സിനിമയിൽ വിജയവും പരാജയവും ഒരുപോലെ സംഭവിക്കാമെന്ന് അറിയാമെങ്കിലും അതിന്റെ പേടി തനിക്കുള്ളിലുമുണ്ടെന്നും ഗിരീഷ് തുറന്നുപറഞ്ഞു.

‘ഇതൊക്കെ അറിയാമെങ്കിലും എന്റെ ഉള്ളിലും വിജയത്തിന്റെയും പരാജയത്തിന്റെയും പേടിയുണ്ട്. മാറ്റിയെടുക്കണം,’ ഗിരീഷ് വ്യക്തമാക്കി.

സ്കൂൾ കാലത്താണ് സംവിധാനമെന്ന മോഹം ഉള്ളിൽ കടന്നുകൂടിയതെന്നും, എന്നാൽ മുതിർന്നപ്പോൾ അതൊക്കെ വെറുതെയാണെന്ന് തോന്നി. ബി.ടെക് പഠനം പൂർത്തിയാക്കിയതോടെ ജോലി നേടുന്നതിലായിരുന്നു ശ്രദ്ധ എന്നും സംവിധായകൻ പറഞ്ഞു.

കെ.എസ്.ഇബിയിൽ കരാർ അടിസ്ഥാനത്തിൽ സബ് എൻജിനീയറായി ജോലി ചെയ്യുന്നതിനിടെയാണ് വീണ്ടും സംവിധാനമോഹം ശക്തമായത്. സിനിമയിലേക്ക് നേരിട്ട് കടക്കുന്നതിനുപകരം ഷോർട്ട് ഫിലിമിലൂടെ തുടങ്ങാമെന്നായിരുന്നു തീരുമാനമെന്നും ഗിരീഷ് കൂട്ടിച്ചേർത്തു.

‘സ്‌കൂൾ കാലത്ത് എപ്പോഴോ ആണ് സിനിമാമോഹം ഉള്ളിൽ കടന്നുകൂടിയത്. സംവിധാനമായിരുന്നു അന്നും ഇഷ്ടം. മുതിർന്നപ്പോൾ ‘ഇതൊക്കെ വെറുതെയാണ്’ എന്ന് തോന്നി. ബി.ടെക് കഴിഞ്ഞതോടെ ജോലി നേടുന്നതിലായി ശ്രദ്ധ. കെ.എസ്.ഇബിയിൽ കരാർ അടിസ്ഥാനത്തിൽ സബ് എൻജിനീയറായി ജോലി ചെയ്യുമ്പോഴാണ് വീണ്ടും സംവിധാനമോഹം ഉണരുന്നത്,’ ഗിരീഷ് പറഞ്ഞു.

അങ്ങനെ ചെറിയ കാൻവാസിലായിരുന്നു പരീക്ഷണം തുടങ്ങുന്നത്. യശ്പാലാണ് ആദ്യ ഷോർട്ട് ഫിലിം. കുട്ടികളെ വച്ച് ചെയ്ത ‘വിശുദ്ധ അംബ്രോസി’ന് അവാർഡുകൾ ലഭിച്ചത് ആത്മവിശ്വാസം നൽകി എന്നും ഗിരീഷ് പറഞ്ഞു.

പിന്നാലെ ചെയ്ത ‘മൂക്കുത്തി’ വൈറലായതോടെ സംവിധായകൻ ജേമോൻ ടി. ജോണിന്റെ ശ്രദ്ധയിലേക്കെത്തി. അതുവഴിയാണ് തന്റെ ആദ്യ സിനിമയായ ‘തണ്ണീർമത്തൻ ദിനങ്ങൾ’ സംഭവിക്കുന്നതെന്നും ഗിരീഷ് പറഞ്ഞു.

തണ്ണീർമത്തൻ ദിനങ്ങൾ,പ്രേമലു, സൂപ്പർ ശരണ്യ. Photo. Screen Grab/ Youtube. IMDb

രസകരമായ മറ്റൊരു കാര്യം, സിനിമയിലേക്കുള്ള ക്ഷണം ലഭിച്ചാൽ പറയാൻ ഒരു കഥ വേണമല്ലോ എന്ന ചിന്തയിൽ ‘തണ്ണീർമത്തൻ ദിനങ്ങൾ’ നേരത്തെ തന്നെ എഴുതിവച്ചിരുന്നുവെന്നതാണെന്നും ഗിരീഷ് പറഞ്ഞു.

‘സത്യത്തിൽ സിനിമയിലേക്കൊരു ക്ഷണം വന്നാൽ പറയണമല്ലോ എന്നോർത്ത് മുൻകൂട്ടി എഴുതിയതാണ് ‘തണ്ണീർമത്തൻ ദിനങ്ങൾ,’ ഗിരീഷ് പറഞ്ഞു.

Content Highlight: Girish A.D. opens up about feeling the pressure of his films’ success

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more