പുതുതലമുറയുടെ ജീവിതം അവരുടെ ഭാഷയിൽ സ്‌ക്രീനിലെത്തിച്ച സംവിധായകനാണ് ഗിരീഷ് എ.ഡി. പുതു മുഖങ്ങളെ അണിനിരത്തി സാധാരണക്കാരായ ചെറുപ്പക്കാരുടെ പ്രണയവും സൗഹൃദവും തമാശകളുമൊക്കെ അവതരിപ്പിച്ച അദ്ദേഹത്തിന്റെ ശൈലി തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചതാണ്.
വലിയൊരു സ്റ്റാർ കാസ്റ്റുമായി കൂടുതൽ വലിയ ക്യാൻവാസിൽ ഗിരീഷ് എ.ഡി. ഒരുക്കിയ പുതിയ ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം റിലീസ് ചെയ്ത് കേവലം ആറ് ദിവസങ്ങൾക്കുള്ളിൽ തന്നെ ആഗോളതലത്തിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. ഇതോടെ മലയാളത്തിൽ നിന്ന് അതിവേഗം 100 കോടി ക്ലബ്ബിലെത്തുന്ന ചിത്രമെന്ന റെക്കോഡും സ്വന്തമാക്കി.
ഗിരീഷ് എ.ഡി. Photo. Screen grab/ Youtube
ഇപ്പോഴിതാ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഗിരീഷ് എ.ഡി.
തന്റെ സിനിമകളിലേക്ക് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഗിരീഷ് എ.ഡി.
‘പ്രത്യേകതകൾ ഒന്നുമില്ലാത്ത സാധാരണക്കാരായിരിക്കും എന്റെ സിനിമകളിലെ ഹീറോ അല്ലെങ്കിൽ കേന്ദ്ര കഥാപാത്രങ്ങളായി വരുന്നത്. ബെത്‌ലഹേം കുടുംബ യൂണിറ്റിൽ നിവിൻ പോളി ചെയ്യുന്ന ജസ്റ്റിൻ എന്ന കഥാപാത്രവും അങ്ങനെ സാധാരണക്കാരനായ ഒന്നാണ്. അതിനുശേഷം ആ സിനിമയ്ക്ക് വേണ്ട ചില പ്രത്യേകതകൾ ആ കഥാപാത്രത്തിന് നൽകുന്നു, അത്രയേയുള്ളൂ,’ ഗിരീഷ് എ ഡി പറഞ്ഞു.
ഗിരീഷ് എ.ഡി. ചിത്രങ്ങളിൽ നായകന്മാർക്ക് പ്രത്യേകതകൾ ഒന്നും ഉണ്ടാകാറില്ലെകിലും അവർക്ക് എതിരെ നിൽക്കുന്ന കഥാപാത്രങ്ങൾക്ക് കൂടുതൽ ഗുണങ്ങൾ ഉള്ളതായി കാണാറുണ്ട്. അത്തരം ഒരു തെരഞ്ഞെടുപ്പിലേക്ക് എങ്ങനെ എത്തുന്നു എന്ന അവതാരകന്റെ ചോദ്യത്തിനും ഗിരീഷ് എ.ഡി. മറുപടി നൽകിയത്ത് ഇങ്ങനെയാണ്.
ഗിരീഷ് എ.ഡി. Photo. X.com
‘പൊതുവെ സിനിമകളിൽ കണ്ടുവരുന്ന പരമ്പരാഗത ഹീറോ സങ്കൽപ്പങ്ങളെ ഒന്നു പൊളിച്ചെഴുതാനുള്ള ശ്രമങ്ങളാണ് എന്റെ സിനിമകളിലൂടെ ഞാൻ നടത്തിയിട്ടുള്ളത്. തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു തുടങ്ങിയ ചിത്രങ്ങളിലൊക്കെ കുറച്ച് കരിക്കച്ചർ സ്വഭാവമുള്ള കഥാപാത്രങ്ങളുണ്ട് അത് വേണമെന്നു വെച്ച് അങ്ങനെ നൽകുന്നതാണ്.
എല്ലാവരും പെർഫെക്റ്റ് ആയിരിക്കണം എന്ന ചിന്തയെ പൊളിച്ച്, തികച്ചും സാധാരണക്കാരായ ആളുകൾ ഹീറോ ആകട്ടെ, അതിനുശേഷം മറ്റുള്ളവർ ഇവർക്കെതിരെ നിൽക്കുന്നവരാകട്ടെ എന്ന ചിന്തയിൽ നിന്നാണ് ഇത്തരം കഥാപാത്രങ്ങൾ ഉണ്ടാകുന്നത്,’ ഗിരീഷ് എ.ഡി. പറഞ്ഞു.