ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്‌സ് ഓഫീസിൽ വലിയ വിജയമാണ് സ്വന്തമാക്കിയത്. നിവിൻ പോളിയും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ദിവസങ്ങൾക്കുള്ളിൽ തന്നെ 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുകയും പിന്നീട് 300 കോടിയിലധികം കളക്ഷൻ നേടുകയും ചെയ്തു. ഗിരീഷ് എ.ഡിയുടെ സംവിധാനത്തിലുള്ള ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.
ചിത്രത്തിന്റെ ഭാഗമായി സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്ന ‘ഒരു സാത്തുക്കുടി പ്രണയം’ എന്ന ഷോർട്ട് ഫിലിമും ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഷോർട്ട് ഫിലിമുകളെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും അതിലെ ഡയലോഗ് ഡെലിവറികളെ കുറിച്ചും തുറന്നു പറയുകയാണ് ഗിരീഷ് എ.ഡി. ഇന്ത്യൻ എക്സ്പ്രസ്സ് മലയാളം എന്ന ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.
ഗിരീഷ് എ.ഡി.Photo: Screen Grab/ Youtube
‘ഷോർട്ട് ഫിലിം കണ്ടിട്ട് നമ്മൾ അവരുടെ അഭിനയം വിലയിരുത്തും. നമ്മുടെ ഒരു എൻജോയ്‌മെന്റിന് അതിലെ കാര്യങ്ങളൊക്കെ ചർച്ച ചെയ്യും. അയാൾക്ക് ഫഹദിന്റെ ഛായയുണ്ട്, മറ്റേയാൾ നിവിന്റെ പോലെയുണ്ട് എന്നൊക്കെയുള്ള കാര്യങ്ങൾ പറയും. അവരെക്കുറിച്ചൊക്കെ അങ്ങനെ സംസാരിക്കും. അതൊന്നും അനലൈസ് ചെയ്യുന്നതല്ല. പക്ഷേ നമുക്ക് ഒരാവശ്യം വന്നാൽ ഇതൊക്കെയാണ് ഉപകാരപ്പെടുക, ഗിരീഷ് പറഞ്ഞു.
ഒരു സാത്തുക്കുടി പ്രണയം എന്ന ഷോർട്ട് ഫിലിമിലെ ഡയലോഗുകൾ കുറെ ഒക്കെ സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നെന്നും ബാക്കി പലതും സ്‌പോട്ടിൽ ചെയ്തതാണെന്നും സംവിധായകൻ പറഞ്ഞു. ഡോണ്ട് പ്രൊഡ്യൂസ് ടൂ മച്ച് എന്ന ഡയലോഗ് വന്നതിനെ കുറിച്ചും ഗിരീഷ് വ്യക്തമാക്കി.
‘അത് ശരിക്കും സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നതല്ല. പാർവതി പറഞ്ഞതാണ്, ‘ഇങ്ങനെ ഒരു സാധനം ഉണ്ട്, പറയട്ടെ’ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു പറഞ്ഞോ, പിന്നെ എന്താ. ഇതൊക്കെയാണ് ആവശ്യം. ഇതൊന്നും ഒളിപ്പിച്ചുവെക്കാൻ പാടില്ല. അങ്ങനെ അവൾ അപ്പോ പറഞ്ഞ ഡയലോഗാണ് ‘ഡോണ്ട് പ്രൊഡ്യൂസ് ടൂ മച്ച്’, കൂടുതൽ അങ്ങോട്ട് ഉണ്ടാക്കണ്ട എന്നൊക്കെയുള്ളത്,’ ഗിരീഷ് പറഞ്ഞു.
സ്ക്രിപ്റ്റിൽ എഴുതിവെച്ചിരിക്കുന്നതിനപ്പുറം സെറ്റിൽ നിന്ന് ലഭിക്കുന്ന ഇത്തരം ചെറിയ കാര്യങ്ങൾ കൂടി സിനിമയുടെ ഭാഗമാകാറുണ്ട്. എന്നാൽ അത്തരമൊരു ആശയം സിനിമയിൽ ഉൾപ്പെടുത്തുമ്പോൾ അത് പ്രേക്ഷകരിലേക്ക് എങ്ങനെ എത്തുമെന്നത് മുൻകൂട്ടി ഉറപ്പിച്ച് പറയാൻ കഴിയില്ലെന്നും ഗിരീഷ് പറഞ്ഞു.
Content Highlight: Gireesh A.d talks about parvathy ayyapadas