പുതുതലമുറയുടെ ജീവിതം അവരുടെ ഭാഷയിൽ സ്‌ക്രീനിലെത്തിച്ച സംവിധായകനാണ് ഗിരീഷ് എ.ഡി. പുതുമുഖങ്ങളെ അണിനിരത്തി സാധാരണക്കാരായ ചെറുപ്പക്കാരുടെ പ്രണയവും സൗഹൃദവും തമാശകളുമൊക്കെ അവതരിപ്പിച്ച അദ്ദേഹത്തിന്റെ ശൈലി തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചതാണ്.
നിവിൻ പോളിയെയും മമിത ബൈജുവിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി വലിയ ക്യാൻവാസിൽ ഗിരീഷ് എ.ഡി. ഒരുക്കിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് ആഗോളതലത്തിൽ 200 കോടി ക്ലബ്ബിൽ ഇടംനേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ നടി മമിതയെകുറിച്ചു സംസാരിക്കുകയാണ് ഗിരീഷ് എ ഡി.
ഗിരീഷ് എ ഡി. Photo. Screen grab/ Youtube
മമിത അഭിനയിച്ച ‘വിശ്വനാഥൻ ആൻഡ് സൺസി’ലെ അഭിനയം കണ്ടപ്പോൾ, ആ ആൾ തന്നെയാണോ ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലും അഭിനയിച്ചതെന്ന് തോന്നിപ്പോയി എന്ന് പറയുകയാണ് ഗിരീഷ് എ. ഡി.
‘ബെത്‌ലഹേം കുടുംബ യൂണിറ്റിലെ മമിതയുടെ അഭിനയം നോക്കിയാൽ, അതിന് തൊട്ടുമുമ്പ് അവർ അഭിനയിച്ച വിശ്വനാഥൻ ആൻഡ് സൺസിലേതു പോലെയല്ല. ബെത്‌ലഹേമിന്റെ ഷൂട്ടിംങ് നടന്നുക്കൊണ്ടിരിക്കുമ്പോഴാണ് വിശ്വനാഥനിലെ പാട്ട് ഇറങ്ങുന്നത്.
അതു കണ്ടപ്പോൾ ഇവൾ തന്നെയാണോ അത് ചെയ്തത് എന്ന് തോന്നിപ്പോയി. വിശ്വനാഥൻ ആൻഡ് സൺസിലും ബേത്‌ലഹേമിലും ഏജ് ഗാപ്പ് റിലേഷൻഷിപ്പ് ആണ് പ്രമേയമെങ്കിലും, വിശ്വനാഥനിലെ കഥാപാത്രത്തിന്റെ വൈബ് തികച്ചും വേറെയാണ്. ഇത്രയും ദിവസം മമിതയെ ബേത്‌ലഹേമിലെ കഥാപാത്രമായി കണ്ടിട്ട് പെട്ടെന്ന് ആ പാട്ടൊക്കെ കണ്ടപ്പോൾ വലിയൊരു കോൺട്രാസ്റ്റ് തോന്നി,’ ഗിരീഷ് എ ഡി പറഞ്ഞു.
മമിത ബൈജു. Photo. X.Com
മമിതയെ വെച്ചുള്ള ഷൂട്ടിങ് വളരെ എളുപ്പമുള്ള ഒന്നാണെന്നും, അതുകൊണ്ടുതന്നെ മമിതയെ മാത്രം വെച്ച് ഒരു സിനിമ ചെയ്താലും അത് വളരെ നന്നായിരിക്കും ഗിരീഷ് എ ഡി പറഞ്ഞു.
‘മമിത നല്ല പൊട്ടൻഷ്യലുള്ള ഒരു ആക്ടറാണ്, പുള്ളിക്കാരി ഇങ്ങനെ ഇംപ്രൂവ് ചെയ്തു വരുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷമുണ്ട്. മമിതയെ മാത്രം ഒരു സോളോ ഹീറോ ആക്കി ഒരു സിനിമ പ്ലാൻ ചെയ്താൽ അത് വളരെ രസമായിരിക്കും. കാരണം മമിതയെ അഭിനയിപ്പിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഷൂട്ടിങ് എന്നത് തലവേദന പിടിച്ച ഒരു പരിപാടിയാണെങ്കിലും, മമിതയെ വെച്ച് ചെയ്യുമ്പോൾ കാര്യങ്ങൾ വളരെ കംഫർട്ടബിൾ ആണെന്നും ഗിരീഷ് എ. ഡി കൂട്ടിച്ചേർത്തു.