കേരള ബോക്സ് ഓഫീസിൽ നിന്ന് 153 കോടിയിലധികം കളക്ഷൻ നേടി ഇൻഡസ്ട്രി ഹിറ്റും ആഗോളതലത്തിൽ 326 കോടിയിലധികം കളക്ഷനും നേടി സ്വപ്നക്കുതിപ്പ് നടത്തുകയാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നിവിൻ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ചിത്രം ഏജ്-ഗ്യാപ് റൊമാൻസിനെ പശ്ചാത്തലമാക്കിയായിരുന്നു സംവിധായകൻ ഒരുക്കിയത്.
ചിത്രത്തിലെ നിവിനും മമിതയും തമ്മിലുള്ള കോമ്പോയെ പ്രേക്ഷകർ ഏറ്റെടുത്തതോടെ ലോകഃയെയും വെട്ടി മലയാളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടമാണ് ഇപ്പോൾ ബെത്‌ലഹേം സ്വന്തമാക്കിയിരിക്കുന്നത്.
ഗിരീഷ്. Photo. Screen Grab/ Youtube
ഇപ്പോഴിതാ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘പ്രേമലു’ എന്നീ സിനിമകൾ ചെയ്യുമ്പോൾ പ്രേക്ഷകർ എവിടെ കയ്യടിക്കുമെന്നും എവിടെ ചിരിക്കുമെന്നും ഏകദേശ ധാരണയുണ്ടായിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ ഗിരീഷ് എ.ഡി. എന്നാൽ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒരുക്കുമ്പോൾ അത്തരമൊരു വിലയിരുത്തൽ സാധ്യമായിരുന്നില്ലെന്നും ഗിരീഷ് പറഞ്ഞു. തിരക്കഥയിലും കാസ്റ്റിങ്ങിലും ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും ചില സംശയങ്ങൾ ബാക്കിനിന്നിരുന്നുവെന്നും വ്യക്തമാക്കി.
‘തണ്ണീർമത്തൻ ദിനങ്ങളും പ്രേമലുവും ഷൂട്ട് ചെയ്യുമ്പോൾ തന്നെ പ്രേക്ഷകർ എവിടെ കയ്യടിക്കും, ചിരിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഏകദേശ ധാരണയുണ്ടായിരുന്നു. ബെത്‌ലഹേമിൽ അത്തരമൊരു വിലയിരുത്തൽ സാധ്യമായിരുന്നില്ല. തിരക്കഥയിലും കാസ്റ്റിങ്ങിലും ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും ചില സംശയങ്ങൾ ബാക്കി നിന്നിരുന്നു.
ആദ്യമായി വലിയ താരങ്ങളെ വെച്ച് സിനിമ ചെയ്യുന്നതിന്റെ ടെൻഷനും നിവിൻ പോളിയും മമിത ബൈജുവും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസം പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയുമൊക്കെ ആ സംശയങ്ങൾക്ക് പിന്നിലുണ്ടായിരുന്നുവെന്നും,’ ഗിരീഷ് വ്യക്തമാക്കി.
ബെത്‌ലഹേം കുടുംബ യൂണിറ്റ്,ഗിരീഷ്. Photo. IMDb. Screen Grab/ Youtube
മുൻ സിനിമകളുടെ വിജയം അടുത്ത സിനിമയിലേക്ക് കടക്കുമ്പോൾ ഒരു പ്രഷറായി തോന്നാറുണ്ടെന്നും ഗിരീഷ് തുറന്നുപറഞ്ഞു.
‘തണ്ണീർമത്തൻ ദിനങ്ങളുടെയും പ്രേമലുവിന്റെയും വിജയം തീർച്ചയായും എന്നിലേക്ക് ഇറക്കിവെക്കുന്ന ഒരു ഭാരം ഉണ്ട്. ‘ഗിരീഷേ, നിന്റെ അടുത്ത സിനിമയിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുണ്ട്’ എന്ന് ആരോ പറയാതെ പറയുന്നതുപോലെ. വിജയിക്കാനും പരാജയപ്പെടാനും സാധ്യതയുള്ള മേഖലയാണ് സിനിമ. ഇതൊക്കെ അറിയാമെങ്കിലും എന്റെ ഉള്ളിലും വിജയത്തിന്റെയും പരാജയത്തിന്റെയും പേടിയുണ്ട്,’ ഗിരീഷ് പറഞ്ഞു.
Content Highlight: Gireesh A.D talks about Bethelehem kudumba unit