കഴിഞ്ഞ ദിവസം നടന്ന കോണ്‍കകാഫ് ഗോള്‍ഡ് കപ്പിന്റെ കലാശപ്പോരാട്ടത്തില്‍ യു.എസ്.എയെ പരാജയപ്പെടുത്തി മെക്‌സിക്കോ കിരീടമുയര്‍ത്തിയിരുന്നു. ടെക്‌സസ്, ഹ്യൂസ്റ്റണ്‍ എന്‍.ആര്‍.ജി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് വിജയിച്ചാണ് മെക്‌സിക്കോ ഗോള്‍ഡ് കപ്പില്‍ മുത്തമിട്ടത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ലീഡ് വഴങ്ങിയതിന് ശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ചാണ് മെക്‌സിക്കോ കിരീടമുയര്‍ത്തിയത്. അമേരിക്കക്കായി ക്രിസ് റിച്ചാര്‍ഡ്‌സ് വല കുലുക്കിയപ്പോള്‍ മെക്‌സിക്കോക്കായി റൗള്‍ ഹിമെനെസും എഡ്‌സണ്‍ അല്‍വാരസും ലക്ഷ്യം കണ്ടു.
ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോഴും ലീഡ് കൈവിടാതെ കാത്തതോടെ മെക്‌സിക്കന്‍ യുവതാരം ഗില്‍ബെര്‍ട്ടോ മോറയുടെ പേരില്‍ ഒരു ചരിത്ര നേട്ടമാണ് കുറിക്കപ്പെട്ടിരിക്കുന്നത്. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഒരു അന്താരാഷ്ട്ര കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഐതിഹാസിക നേട്ടമാണ് മോറെ സ്വന്തമാക്കിയത്. 16 വയസും 265 ദിവസവും മാത്രമായിരുന്നു കിരീടമുയര്‍ത്തുമ്പോള്‍ മോറയുടെ പ്രായം.
2024ല്‍ സ്‌പെയ്ന്‍ യുവതാരം ലാമിന്‍ യമാല്‍ സ്ഥാപിച്ച റെക്കോഡ് പഴങ്കഥയാക്കിയാണ് മോറ പുതുചരിത്രമെഴുതിയത്. സ്‌പെയ്‌നിനൊപ്പം യുവേഫ യൂറോ കപ്പ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഫുട്‌ബോള്‍ ഇതിഹാസം പെലെയെ മറികടന്ന് ലാമിന്‍ യമാല്‍ അന്ന് ഈ റെക്കോഡില്‍ തന്റെ പേരെഴുതിച്ചേര്‍ത്തത്.
(താരം – ടീം – കിരീടം – പ്രായം – വര്‍ഷം എന്നീ ക്രമത്തില്‍)
ഗില്‍ബെര്‍ട്ടോ മോറ – മെക്‌സിക്കോ – കോണ്‍കകാഫ് ഗോള്‍ഡ് കപ്പ് – 16 വയസും 265 ദിവസവും – 2025*
ലാമിന്‍ യമാല്‍ – സ്‌പെയ്ന്‍ – യുവേഫ യൂറോ കപ്പ് – 17 വയസും രണ്ട് ദിവസവും – 2024
പെലെ – ബ്രസീല്‍ – ലോകകപ്പ് – 17 വയസും 249 ദിവസവും – 1958
മെക്‌സിക്കന്‍ ലീഗായ ലിഗ എം.എക്‌സില്‍ ക്ലബ്ബ് ടീവുവാനയ്ക്ക് വേണ്ടി കളിക്കുന്ന താരമാണ് ഗില്‍ബര്‍ട്ടോ മോറ. ക്ലബ്ബ് തലത്തില്‍ ഇതുവരെ യൂറോപ്യന്‍ മണ്ണില്‍ താരം കളത്തിലിറങ്ങിയട്ടില്ല. എന്നാല്‍ വൈകാതെ താരം യുവേഫ ലീഗുകളില്‍ കളത്തിലറങ്ങുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
ടൂര്‍ണമെന്റില്‍ ഫൈനലടക്കം രണ്ട് മത്സരത്തിലാണ് ഈ മധ്യനിര താരം കളത്തിലിറങ്ങിയത്. ഒരു അസിസ്റ്റും മോറ സ്വന്തമാക്കി. മെക്‌സിക്കന്‍ ദേശീയ ടീമിന് പുറമെ മെക്‌സിക്കോ U15, മെക്‌സിക്കോ U16, മെക്‌സിക്കോ U17 ടീമുകള്‍ക്കായും മോറ കളത്തിലിറങ്ങിയിട്ടുണ്ട്.
അതേസമയം, കലാശപ്പോരാട്ടത്തില്‍ 4-2-3-1എന്ന ഫോര്‍മേഷനിലാണ് മൗറീഷ്യോ പോച്ചറ്റീനോ അമേരിക്കയെ കളത്തിലിറക്കിയത്. അതേസമയം, മെക്‌സിക്കന്‍ പരിശീകന്‍ ഹാവിയര്‍ മഗ്വയര്‍ 4-3-3 എന്ന രീതിയിലും തന്റെ കുട്ടികളെ കളത്തിലിറക്കിവിട്ടത്.
മത്സരത്തിന്റെ നാലാം മിനിട്ടില്‍ മെക്‌സിക്കോയെ ഞെട്ടിച്ച് യു.എസ്.എ ലീഡ് നേടി. സെബാസ്റ്റിയന്‍ ബെല്‍ഹാര്‍ട്ടറെടുത്ത ഫ്രീ കിക്കില്‍ നിന്നുമാണ് ഗോള്‍ പിറവിയെടുത്തത്. ബെല്‍ഹാര്‍ട്ടറിന്റെ കിക്കില്‍ കൃത്യമായി തലവെച്ച ക്രിസ് റിച്ചാര്‍ഡ്‌സ് ഗോളിയെ മറികടന്ന പന്ത് ഗോള്‍വര കടത്തി.
ഗോള്‍ വഴങ്ങിയതോടെ തിരിച്ചിടിക്കാനായി മെക്‌സിക്കോയുടെ ശ്രമം. പല തവണ യു.എസ്.എ ഗോള്‍മുഖം ആക്രമണ ഭീഷണിയിലായി. ഒടുവില്‍ 27ാം മിനിട്ടില്‍ മെക്‌സിക്കോ ഈക്വലൈസര്‍ ഗോള്‍ കണ്ടെത്തുകയും ചെയ്തു.
മാര്‍സല്‍ ലൂയീസ് നീട്ടി നല്‍കിയ പന്ത് റൗള്‍ ഹിമെനെസ് ഒരു ബുള്ളറ്റ് ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. ഗോള്‍കീപ്പര്‍ക്ക് ഒരു അവസരവും നല്‍കാതെയാണ് പന്ത് വലയിലെത്തിയത്. അന്തരിച്ച ലിവര്‍പൂള്‍ താരം ഡിയാഗോ ജോട്ടയുടെ ഗോള്‍ സെലിബ്രേഷനൊപ്പമാണ് ഹിമനെസ് ഗോള്‍ ആഘോഷിച്ചത്.
തുടര്‍ന്നും മെക്‌സിക്കോ ആക്രമിച്ചുതന്നെ കളിച്ചു. 35ാം മിനിട്ടിലും 40ാം മിനിട്ടിലും മെക്‌സിക്കോ ഗോളിനടുത്തെത്തിയിരുന്നു. 40ാം മിനിട്ടില്‍ മോറയുടെ സൂപ്പര്‍ ഷോട്ട് അടക്കം സേവ് ചെയ്ത ഗോള്‍ കീപ്പര്‍ മാറ്റ് ഫ്രീസ് അപകടമൊഴിവാക്കി.
ആദ്യ പകുതിയുടെ ആഡ് ഓണ്‍ ടൈമില്‍ ലഭിച്ച സുവര്‍ണാവസരം യു.എസ്.എയ്ക്കും ഗോളാക്കി മാറ്റാന്‍ സാധിക്കാതെ പോയതോടെ 1-1 എന്ന നിലയില്‍ മത്സരം ഹാഫ് ടൈമില്‍ പിരിഞ്ഞു.
രണ്ടാം പകുതിയില്‍ ഇരു ടീമുകളും അറ്റാക്കിങ് അപ്രോച്ച് തന്നെ കൈമുതലാക്കിയപ്പോള്‍ ഇരു ഗോള്‍മുഖങ്ങളും നിന്നുവിറച്ചു.
ഒടുവില്‍ 76ാം മിനിട്ടില്‍ മെക്‌സിക്കോ രണ്ടാം ഗോള്‍ സ്വന്തമാക്കി. ജോഹാന്‍ വാസ്‌ക്വെസ് എടുത്ത ഫ്രീ ക്രിക്ക് ഗോള്‍വലയിലേക്ക് ഹെഡ് ചെയ്ത് ക്യാപ്റ്റന്‍ എഡ്‌സണ്‍ അല്‍വാരസാണ് വലകുലുക്കിയത്. പക്ഷേ, റഫറി ഓഫ് സൈഡ് വിളിച്ചു. എന്നാല്‍ വാറില്‍ നോക്കി അത് ഗോളെന്നുറപ്പിച്ചതോടെ എന്‍.ആര്‍.ജി സ്‌റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ ആര്‍ത്തിരമ്പി.
നിശ്ചിതസമയത്തിലും ഒമ്പത് മിനിട്ടിന്റെ ആഡ് ഓണ്‍ ടൈമിലും യു.എസ്.എക്ക് ഗോള്‍ കണ്ടെത്താനാകാതെ വന്നതോടെ മെക്‌സിക്കോ തങ്ങളുടെ ചരിത്രത്തിലെ പത്താം കോണ്‍കകാഫ് ഗോള്‍ഡ് കപ്പ് സ്വന്തമാക്കുകയായിരുന്നു.
Content Highlight: Gilberto Mora surpassed Lamine Yamal and Pele to become the youngest player to win an international trophy