| Friday, 5th December 2025, 3:45 pm

ഗിഗ് വര്‍ക്കേഴ്‌സ് റോബോട്ടുകളല്ല; 10 മിനിറ്റ് ഡെലിവറികള്‍ അവസാനിപ്പിക്കണമെന്ന് രാഘവ് ഛദ്ദ എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ ഗിഗ് വര്‍ക്കേഴ്‌സ് റോബോട്ടുകളല്ലെന്ന് ആം ആദ്മി പാര്‍ട്ടി എം.പി രാഘവ് ഛദ്ദ രാജ്യസഭയില്‍. 10 മിനിറ്റ് ഡെലിവെറിയെന്ന സ്വേച്ഛാധിപത്യം അവസാനിപ്പിക്കണമെന്നും പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തിനിടെ ഛദ്ദ ആവശ്യപ്പെട്ടു.

‘ഗിഗ് വര്‍ക്കേഴ്‌സിന്റെ ജോലി വേഗതയുടെ സ്വേഛാധിപത്യമെന്നാണ് വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. 10 മിനിറ്റ് ഡെലിവെറിയെന്ന അപകടകരമായ പ്രവണതയാണ് ഇപ്പോള്‍ നടക്കുന്നത്.

ഡെലിവെറി സമയത്തിന്റെ സമ്മര്‍ദം കാരണം ട്രാഫിക് ബ്ലോക്കില്‍ അകപ്പെടുന്ന ഡെലിവെറി ബോയ് സമ്മര്‍ദങ്ങളെ തുടര്‍ന്ന് അമിതവേഗതയില്‍ വാഹനമോടിക്കുകയും അപകടത്തിലകപ്പെടുകയും ചെയ്യും.

ഇതൊരു സ്ഥിരം ജോലിഅല്ലാത്തതിനാല്‍ തന്നെ മാനുഷിക പരിഗണനയോ ആരോഗ്യ, അപകട ഇന്‍ഷൂറന്‍സോ ഇവര്‍ക്ക് ലഭിക്കുന്നില്ല. ഈ തൊഴിലാളികള്‍ റോബോട്ടുകളല്ല. ഇവരെല്ലാം ആരുടെയെങ്കിലും പ്രിയപ്പെട്ടവര്‍ കൂടിയാണ്. അതുകൊണ്ടുതന്നെ പത്ത് മിനിറ്റ് ഡെലിവെറിയെന്ന ഈ ദുരന്തം അവസാനിപ്പിക്കണം’, ഛദ്ദ ആവശ്യപ്പെട്ടു.

ക്വിക്ക്- കൊമേഴ്‌സ്, ആപ്പുകളിലൂടെയുള്ള ഓണ്‍ലൈന്‍ ഡെലിവെറി, മറ്റ് സര്‍വീസ് ബിസിനസുകള്‍ എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആം ആദ്മി പാര്‍ട്ടി എം.പി രാഘവ് ഛദ്ദ/ photo: The Statesman.com

നിശബ്ദ തൊഴിലാളികളിലൂടെ വലിയ ഇ-കൊമേഴ്‌സ് കമ്പനികളും ഇന്‍സ്റ്റന്റ് ഡെലിവെറി ആപ്പുകളും ബില്യണ്‍ കണക്കിന് ഡോളറാണ് നേട്ടമുണ്ടാക്കുന്നത്. എന്നാല്‍ ഗിഗ് തൊഴിലാളികളുടെ അവസ്ഥ ഇപ്പോഴും ഒരു ദിവസവേതനക്കാരന്റെ അവസ്ഥയെക്കാള്‍ മോശമാണെന്നും ഛദ്ദ വിശദീകരിച്ചു.

ഗിഗ് തൊഴിലാളികള്‍ ആനുകൂല്യങ്ങളൊന്നും ലഭിക്കാത്തവരാണ്. ദിവസവേതനക്കാരുടെയും ഫാക്ടറി തൊഴിലാളികളുടെയും ജീവിതത്തേക്കാള്‍ വളരെ മോശമാണ് ഇത്തരം തൊഴിലാളികളുടെതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

നിങ്ങളുടെ ഓര്‍ഡര്‍ വന്നുകൊണ്ടിരിക്കുന്നു എന്ന സന്ദേശം ഫോണിലെത്തുമ്പോള്‍ ആരും അംഗീകരിക്കാത്ത ഒരു വ്യക്തി ഇതിന് പിന്നിലുണ്ട്.

സൊമാറ്റോയിലെയും സ്വിഗ്ഗിയിലെയും ഡെലിവെറി ബോയ്‌സ്, ഓല, ഊബര്‍ എന്നിവയിലെ ഡ്രൈവര്‍മാര്‍,ബ്ലിങ്കിറ്റിലെയും സെപ്‌റ്റോയിലെയും റൈഡര്‍മാര്‍, അര്‍ബന്‍ കമ്പനികളിലെ പ്ലംബര്‍മാര്‍, ബ്യൂട്ടീഷ്യന്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവരാണ് അത്.

ഈ ജോലികള്‍ ചെയ്യുന്നവരെ ഗിഗ് വര്‍ക്കേഴ്‌സ് എന്നാണ് വിളിക്കുന്നത്. എന്നാലിവരെ താന്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ അദൃശ്യ ചക്രങ്ങള്‍ എന്ന് വിളിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഛദ്ദ പറഞ്ഞു.

Content Highlight: Gig workers are not robots; 10-minute deliveries should be ended, says Raghav Chadha MP

We use cookies to give you the best possible experience. Learn more