ഡിയസ് ഈറെ, കളങ്കാവല്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലും മലയാളി പ്രേക്ഷകമനസ്സിലും നിറഞ്ഞുനില്‍ക്കുന്ന താരമാണ് ജിബിന്‍ ഗോപിനാഥ്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രമായ ഡിയസ് ഈറെയിലെ കഥാപാത്രവും ജിതിന്‍.കെ.ജോസിന്റെ മമ്മൂട്ടി നായകനായ കളങ്കാവലിലെ പൊലീസ് വേഷവും അതിഗംഭീരമായാണ് ജിബിന്‍ അവതരിപ്പിച്ചത്.
യഥാര്‍ത്ഥ ജീവിതത്തിലും പൊലീസുകാരനായ ജിബിന്‍ ചെറിയ ചെറിയ വേഷങ്ങളിലൂടെയും ഒരുപാട് കാലത്തെ പരിശ്രമത്തിലൂടെയുമാണ് മലയാള സിനിമയില്‍ തന്റെതായ സ്ഥാനം കണ്ടെത്തിയത്. ക്യാമറക്കു മുന്നില്‍ നില്‍ക്കാന്‍ പറ്റുന്ന ഒരവസരവും താന്‍ മിസ്സാക്കാറില്ലെന്ന് പറയുകയാണ് താരം ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍.
ഡിയസ് ഈറെ. Photo: theatrical poster
‘ക്യാമറക്ക് മുന്നില്‍ നില്‍ക്കാന്‍ പറ്റുന്ന ഒരവസരവും പാഴാക്കരുതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍, അത് ഷോര്‍ട് ഫിലിം ആയാലും, ജൂനിയര്‍ ആര്‍ടിസ്റ്റായിട്ടായാലും എന്തിനധികം പറയുന്നു ഇന്റര്‍വ്യൂ ആയാല്‍ പോലും. കണ്ണൂര്‍ സ്‌ക്വാഡില്‍ ചെറിയ ഒരു സീനില്‍ അഭിനയിച്ചത് കണ്ടിട്ടാണ് കളങ്കാവലിലേക്ക് മമ്മൂക്ക എന്നെ വിളിക്കുന്നത്. എന്റെ ഒരു ഇന്റര്‍വ്യൂ കണ്ടിട്ടാണ് ഡിയസ് ഈറെയിലെ മുഴുനീള റോളിലേക്ക് രാഹുല്‍ സദാശിവന്‍ എന്നെ കാസ്റ്റ് ചെയ്തത്.
അന്ന് ആ ഇന്റര്‍വ്യൂ ഒട്ടും താത്പര്യത്തോടെയല്ല ഞാന്‍ ചെയ്തത്. ഷേവ് ചെയ്യാതെ കുറ്റി താടിയൊക്കെയായി, വലിയ ഭംഗി ഒന്നും ഇല്ലാത്ത ഷര്‍ട്ടൊക്കെ ഇട്ടാണ് പോയത്. പക്ഷേ ഇത് തന്നെയായിരുന്നു ഡിയസ് ഈറെയിലെ മധുസൂദനന്‍ പോറ്റിയുടെ ബേസിക്ക് നേച്ചര്‍ എന്ന് പറയുന്നത്. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇത് ഇങ്ങനെ കണക്ട് ആവുമെന്ന്,’ ജിബിന്‍ പറഞ്ഞു.
സിനിമയിലെത്തുക എന്നത് തന്റെ അത്യാഗ്രഹമായിരുന്നുവെന്നും ഓണ്‍ സ്‌ക്രീനിലായാലും ഓഫ് സ്‌ക്രീനിലായാലും ക്യാമറക്ക് മുമ്പില്‍ നില്‍ക്കാനുള്ള അവസരം താന്‍ ഒരിക്കലും പാഴാക്കില്ലെന്നും താരം പറഞ്ഞു. ആരൊക്കെ ഇന്റര്‍വ്യൂ ചെയ്യാന്‍ വിളിച്ചാലും അവിടെയെല്ലാം ചെല്ലാന്‍ ശ്രമിക്കാറുണ്ടെന്നും ഏത് വിധത്തിലാണ് അവസരം കിട്ടുക എന്ന് പറയാന്‍ പറ്റില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
കളങ്കാവല്‍. Photo: theatrical poster
വക്കാലത്ത് നാരായണന്‍കുട്ടി, ഐ.ജി തുടങ്ങിയ സിനിമകളില്‍ ജൂനിയര്‍ ആര്‍ടിസ്റ്റ് ആയി തുടങ്ങിയ ജിബിന്‍ ശ്രദ്ധിക്കപ്പെടുന്നത് 2017 ല്‍ സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത വൈ എന്ന ചിത്രത്തിലൂടെയാണ്. കേരള പൊലീസിന്റെ കുട്ടന്‍പിള്ള എന്ന ബോധവത്കരണ വീഡിയോ സിരീസിലൂടെയും താരം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Content Highlight: gibin gopinath talks about his passio for acting