| Saturday, 15th November 2025, 8:09 am

ഞാന്‍ കാരണം അന്ന് ഒരാള്‍ക്ക് സൈബര്‍ ബുള്ളിയിങ് നേരിടേണ്ടി വന്നു, അത് പൊളിറ്റിക്കലി ഇന്‍കറക്ടാണെന്ന് പിന്നീടാണ് മനസിലായത്: ജിബിന്‍ ഗോപിനാഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡീയസ് ഈറേയിലെ മുഴുനീള വേഷത്തിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടിയിരിക്കുകയാണ് ജിബിന്‍ ഗോപിനാഥ്. നാല്പതിലധികം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത ജിബിന്റെ കരിയര്‍ മാറ്റിമറിച്ച സിനിമയാണ് ഡീയസ് ഈറേ. സിനിമയില്‍ നിന്ന് ബ്രേക്കെടുത്തേക്കാം എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് താരം.

അങ്ങനെ തോന്നിയിട്ടുണ്ടെന്നും എന്നാല്‍ അത് സിനിമയുടെ കാര്യത്തിലല്ലെന്നും ജിബിന്‍ പറഞ്ഞു. കേരള പൊലീസിന് വേണ്ടി വീഡിയോ ചെയ്യുന്ന സമയത്ത് ഒരു സംഭവമുണ്ടായിട്ടുണ്ടെന്നും അത് പൊളിറ്റിക്കലി ഇന്‍കറക്ടാണെന്ന് പിന്നീട് തിരിച്ചറിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അന്ന് ചെയ്ത ഒരു വീഡിയോ കാരണം ഒരാള്‍ക്ക് സൈബര്‍ ബുള്ളിയിങ് നേരിടേണ്ടി വന്നു. അയാളെ ബുള്ളി ചെയ്യാന്‍ കേരള പൊലീസ് കാരണമായി എന്ന് പിന്നീടാണ് എനിക്ക് തിരിച്ചറിവുണ്ടായത്. അത് പൊളിറ്റിക്കലി ശരിയല്ലെന്നും മനസിലായി. പക്ഷേ, ആ സമയത്ത് അങ്ങനെ തോന്നിയില്ല. എങ്ങനെയെങ്കിലും ക്യാമറക്ക് മുന്നിലെത്തണമെന്ന് മാത്രമേ അന്ന് ചിന്തിച്ചുള്ളൂ.

കേരള പൊലീസിന്റെ മീഡിയ സെല്‍ ഇങ്ങനെയൊരു വീഡിയോ പ്രോഗ്രാം ചെയ്യുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ അത് ഞാന്‍ പ്രസന്റ് ചെയ്യാമെന്ന് ചോദിച്ചുവാങ്ങുകയായിരുന്നു. അങ്ങനെ ചെയ്ത ഒരു വീഡിയോയില്‍ പൊളിറ്റിക്കലി കറക്ടല്ലാത്ത ഒരു പരാമര്‍ശമുണ്ടായിരുന്നു. അത് അറിഞ്ഞുകൊണ്ടായിരുന്നില്ല. അതിനെക്കുറിച്ച് അങ്ങനെ ചിന്തിച്ചിരുന്നില്ല. അതുകൊണ്ടാണ് ആ വ്യക്തിക്ക് സൈബര്‍ ബുള്ളിയിങ് നേരിടേണ്ടി വന്നത്.

എനിക്ക് അതിഭീകരമായ ഫാന്‍ ബേസ് ഉണ്ടായിരുന്നു. പക്ഷേ, ഞാന്‍ കാരണം ഒരാള്‍ക്ക് സൈബര്‍ അറ്റാക്ക് ലഭിച്ചു. പൊലീസുകാര്‍ അവരെ ഇട്ടുകൊടുത്തു എന്നൊരു സംസാരം ഉണ്ടായി. അവിടെ ഞാന്‍ പാളിപ്പോയി. എന്റെ മകള്‍ക്ക് അന്ന് ചെറിയ പ്രായമായിരുന്നു. സൈബര്‍ സ്‌പെയ്‌സില്‍ എന്റെ കുടുംബത്തിനെയടക്കം പലരും അറ്റാക്ക് ചെയ്തു. അതോടെ എനിക്ക് മടുത്തു. ഇനി ഒന്നിനുമില്ലെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് വരെ ഇട്ടിരുന്നു’ ജിബിന്‍ ഗോപിനാഥ് പറയുന്നു.

കൊവിഡ് ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ കേരള പൊലീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുട്ടന്‍പിള്ള സീരീസിലൂടെയാണ് ജിബിന്‍ ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ജിബിനിലെ നടനെ അടയാളപ്പെടുത്തിയ സിനിമയാണ് ഡീയസ് ഈറെ. റിലീസിന് തയാറെടുക്കുന്ന കളങ്കാവലിലും ജിബിന്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Content Highlight: Gibin Gopinath saying he got criticism during Kuttanpilla series

We use cookies to give you the best possible experience. Learn more