| Saturday, 8th August 2026, 10:05 pm

ആദ്യം ചേട്ടനെ സഹായിച്ചു, ഇപ്പൊ ദേ അനിയത്തിയെ ബുദ്ധിമുട്ടിച്ചു, ഡീയസ് ഈറേക്ക് പിന്നാലെ തുടക്കത്തിലും ശ്രദ്ധ നേടി ജിബിന്‍ ഗോപിനാഥ്

അമര്‍നാഥ് എം.

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ തുടക്കം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആദ്യചിത്രത്തില്‍ തന്നെ ഗംഭീര പ്രകടനമാണ് വിസ്മയ കാഴ്ചവെച്ചത്. മീനു എന്ന സാധാരണ പെണ്‍കുട്ടിക്ക് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. വളരെ ശക്തമായ സാമൂഹിക പ്രസക്തിയുള്ള വിഷയവും തുടക്കം സംസാരിക്കുന്നുണ്ട്.

വലിയൊരു താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പലരും തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമായി ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ എടുത്തുപറയേണ്ട കഥാപാത്രങ്ങളിലൊന്നാണ് സി.പി.ഒ ബൈജു. റിയല്‍ ലൈഫിലും പൊലീസായ ജിബിന്‍ ഗോപിനാഥാണ് ബൈജുവായി വേഷമിട്ടത്. കുടുംബത്തിലെ ഫ്രസ്‌ട്രേഷന്‍ ജോലിസ്ഥലത്ത് തീര്‍ക്കുന്ന ടിപ്പിക്കല്‍ പൊലീസുകാരനാണ് ബൈജു. തന്നെ ഏല്പിച്ച റോള്‍ ജിബിന്‍ ഭംഗിയായി ചെയ്തിട്ടുണ്ട്.

തനിക്ക് അതിക്രമം നേരിടേണ്ടി വന്നു എന്ന് ഒരു പെണ്‍കുട്ടി പരാതിപ്പെടുമ്പോള്‍ അവളെ വിക്ടിം ബ്ലെയിം ചെയ്യുന്ന ഭാഗങ്ങള്‍ ജിബിന്‍ ഗംഭീരമായി പെര്‍ഫോം ചെയ്തു. ക്ലൈമാക്‌സില്‍ വിസ്മയയുടെ കഥാപാത്രം ബൈജുവിനിട്ട് ഒന്ന് പൊട്ടിച്ചിരുന്നെങ്കില്‍ ആഗ്രഹിച്ചെങ്കിലും അതിനെക്കാള്‍ നല്ല രീതിയില്‍ ആ കഥാപാത്രത്തിനുള്ള മറുപടി നല്‍കിയിട്ടുണ്ട്.

വിസ്മയയുടെ തുടക്കത്തില്‍ മാത്രമല്ല, സഹോദരന്‍ പ്രണവിന്റെ മുന്‍ ചിത്രമായ ഡീയസ് ഈറേയിലും ജിബിന്‍ ഗോപിനാഥ് പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു. ചിത്രത്തില്‍ മധുസൂദനന്‍ പോറ്റി എന്ന കഥാപാത്രം ജിബിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു. പ്രണവ് അവതരിപ്പിച്ച റോഷന്‍ എന്ന കഥാപാത്രത്തെ സഹായിക്കുന്ന വേഷമായിരുന്നു ജിബിന്റേത്.

ജിബിന്‍ ഗോപിനാഥ്. Photo: IMDB

ചേട്ടന്റെ കഥാപാത്രത്തെ സഹായിച്ച ജിബിന്‍ അനിയത്തിയുടെ സിനിമയിലേക്ക് എത്തിയപ്പോള്‍ നേരെ ഓപ്പോസിറ്റായ കഥാപാത്രമാണ് ചെയ്തത്. രണ്ട് സിനിമകളിലും ജിബിന്‍ ഗോപിനാഥ് എന്ന നടന്റെ കാലിബര്‍ എടുത്തറിയാന്‍ സാധിച്ചു. യഥാര്‍ത്ഥ ജീവിതത്തില്‍ പൊലീസായതിനാല്‍ തുടക്കത്തിലെ വേഷം ജിബിന് കേക്ക്‌വാക്കായിരുന്നു.

കേരള പൊലീസിന്റെ റീലുകളിലൂടെ ശ്രദ്ധ നേടിയ നടനാണ് ജിബിന്‍ ഗോപിനാഥ്. ലോക്ക്ഡൗണ്‍ സമയത്ത് കുട്ടന്‍പിള്ള സ്പീക്കിങ് എന്ന യൂട്യൂബ് ചാനല്‍ ജിബിന് കൂടുതല്‍ റീച്ച് സമ്മാനിച്ചു. ഇപ്പോഴിതാ മോഹന്‍ലാലിന്റെ കുടുംബത്തിലെ രണ്ട് പേര്‍ക്കൊപ്പവും അദ്ദേഹം സ്‌ക്രീന്‍ പങ്കിട്ടു. ഇനിയും ജിബിനെത്തേടി മികച്ച വേഷങ്ങള്‍ വരുമെന്നുറപ്പാണ്.

Content Highlight: Gibin Gopinath’s performance in Thudakkam movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more