| Friday, 14th November 2025, 8:34 am

ഈ യാത്രയില്‍ എനിക്ക് മടുപ്പ് തോന്നിയില്ല; കളങ്കാവലിലെ മമ്മൂക്കയുടെ പ്രകടനം നേരില്‍ കണ്ട് അതിശയിച്ചു: ജിബിന്‍ ഗോപിനാഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് ജിബിന്‍ ഗോപിനാഥ്.  രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ ഡീയസ് ഈറേയില്‍ മധുസൂദന്‍ പോറ്റി എന്ന കഥാപാത്രമായി മുഴുനീള വേഷത്തില്‍ അദ്ദേഹം തിളങ്ങി.

വരാന്‍ പോകുന്ന മമ്മൂട്ടി ചിത്രം കളങ്കാവലിലും ജിബിന്‍ ഒരു വേഷം
കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

‘ഒരിക്കലും എനിക്ക് ഈ യാത്രയില് മടുപ്പ് തോന്നിയിട്ടില്ല. ഞാന്‍ ചെയ്ത സീന്‍ തിയേറ്ററില്‍ വന്നിട്ടുണ്ടോ ഇല്ലെയോ എന്നത് എന്റെ കണ്‍സേണ്‍ ആയിരുന്നില്ല. സിനിമ ചെയ്യുക എന്നതാണ് എന്റെ ആഗ്രഹം. തുടക്കത്തിലൊക്കെ ചെറിയ വിഷമമുണ്ടായിട്ടുണ്ട്. ഒരു 500 പേര് സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി നില്‍ക്കുമ്പോള്‍ അതില്‍ ഒരു 250 പേരെങ്കിലും സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്ത് വരണമെന്ന് ആഗ്രഹിക്കുന്നവരാണ്,’ജിബിന്‍ പറയുന്നു.

വലിയ റോളുകളിലേക്കുള്ള ആദ്യ പടിയായാണ് താന്‍ ജൂനിയര്‍ ആക്ടേഴ്‌സിന്റെ റോളിനെ കാണുന്നതെന്നും അങ്ങനെ ഉയര്‍ന്ന് വരാന്‍ നമുക്ക് കഴിയുമെന്നും ജിബിന്‍ പറഞ്ഞു. ചിലപ്പോള്‍ കുറെ നാള്‍ ഒരു പൊസിഷനില്‍ തന്നെ ഇരിക്കേണ്ടി വരുമെന്നും ജിബിന്‍ കൂട്ടിച്ചേര്‍ത്തു. ചെറിയ ചെറിയ വീഴ്ച്ചകള്‍ കിട്ടി മുകളിലേക്ക് വരുന്ന വ്യക്തിക്ക് ഒരു വലിയ വീഴ്ച്ച വീണാലും പിടിച്ച് നില്‍ക്കാന്‍ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 27ന് റിലീസിനൊരുങ്ങുന്ന കളാങ്കാവലിലെ മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘ഒരോ സിനിമയിലും പുതിയ കാര്യങ്ങള്‍ ട്രൈ ചെയ്യുന്നയാളാണ് മമ്മൂക്ക. കളങ്കാവിലിലും അദ്ദേഹത്തിന്റെ ഫെര്‍ഫോമന്‍സ് നേരിട്ട് കണ്ട് അതിശയപ്പെട്ടിട്ടുണ്ട്. മമ്മൂക്കയുടെ പെര്‍ഫോമന്‍സിനെ പറ്റി പറയാന്‍ ഞാന്‍ ആളല്ല. സിനിമയിലെ ഒരു സീനില്‍ അദ്ദേഹത്തിന്റെ പുരികത്തിന്റെ അനക്കം കണ്ട് ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുമോ എന്ന് ചിന്തിച്ചു,’ ജിബിന്‍ ഗോപിനാഥ് പറയുന്നു.

Content highlight: Gibin gopinath is talking about his film career

We use cookies to give you the best possible experience. Learn more