| Friday, 3rd October 2025, 3:31 pm

ഫിഫയ്ക്ക് ജിയോ പൊളിറ്റിക്കല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ല: ഇന്‍ഫാന്റിനോ

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫയ്ക്ക് ജിയോ പൊളിറ്റിക്കല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ലെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. ഫുട്‌ബോളിന് ഇപ്പോള്‍ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം മാത്രമാണ് നല്‍കാന്‍ കഴിയുകയെന്നും ലോകത്ത് വിവിധ സംഘര്‍ഷങ്ങളില്‍ പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒപ്പമാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഫിഫ ആസ്ഥാനത്ത് നടന്ന ഒരു മീറ്റിങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങളില്‍ ദുരിതമനുവഭിക്കുന്നവര്‍ക്കൊപ്പമാണ്. സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് ഇപ്പോള്‍ ഫുട്‌ബോളിന് നല്‍കാനാവുന്നത്.

ഫിഫയ്ക്ക് ജിയോ പൊളിറ്റിക്കല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ല. പക്ഷേ, ആളുകളെ ഒന്നിപ്പിക്കാനുള്ള കഴിവ്, വിദ്യാഭ്യാസ, സാംസ്കാരിക, മാനുഷിക നേട്ടങ്ങള്‍ എന്നിവയില്‍ കേന്ദ്രീകരിച്ച് ഫുട്‌ബോളിനെ ആഗോളതലത്തില്‍ പ്രോത്സാഹിപ്പിക്കണം,’ ഇന്‍ഫന്റിനോ പറഞ്ഞു.

ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്രഈല്‍ ഫലസ്തീനില്‍ നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ച് ഇസ്രഈല്‍ ഫുട്‌ബോള്‍ ടീമിനെ വിലക്കണമെന്ന് കായിക ലോകം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ടീമിനെ 2026 ലോകകപ്പിലടക്കം പങ്കെടുപ്പിക്കരുതെന്ന് നിരവധി താരങ്ങളും ടീമുകളും ഫിഫയോടും യുവേഫയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

സ്‌പെയിന്‍ ഇസ്രഈല്‍ ലോകകപ്പിന് യോഗ്യത നേടിയാല്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. തുര്‍ക്കി ഈ ആവശ്യമുന്നയിച്ച് ഇരുസംഘടനകള്‍ക്കും ഔദ്യോഗികമായി കത്തെഴുതിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഫിഫ പ്രസിഡന്റിന്റെ പ്രസ്താവന.

ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (പി.എഫ്.എ) പ്രസിഡന്റ് ജിബ്രില്‍ റജൂബുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇന്‍ഫന്റിനോ പറഞ്ഞു. ഈ സമയത്ത് പി.എഫ്.എയും പ്രസിഡന്റ് റജൂബും കാണിച്ച സഹിഷ്ണുതയെ ഞാന്‍ അഭിന്ദിക്കുന്നു. ലോകത്തില്‍ വിഭജിക്കപ്പെട്ട ആളുകളെ ഒരുമിച്ച് കൊണ്ടുവരാന്‍ ഫുട്‌ബോളിനെ ഉപയോഗിക്കുന്നതില്‍ ഫിഫയുടെ പ്രതിബദ്ധത താൻ അവരോട് പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഫിഫയോട് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ നിന്ന് ഇസ്രഈലിനെ വിലക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇസ്രഈല്‍ യുവേഫ അംഗമാണെന്നും അവരാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടതെന്നും ഫിഫ വൈസ് പ്രസിഡന്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം, ഉക്രൈനില്‍ യുദ്ധം ആരംഭിച്ചതിന്റെ പേരില്‍ 2022ല്‍ ഫിഫയും യൂവേഫയും റഷ്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇതുവരെ ഇസ്രാഈലിനെതിരെ അത്തരമൊരു നടപടിയുണ്ടായിട്ടില്ല.

Content Highlight:  Gianni Infantino says FIFA can’t solve Geo Political conflicts as pressure mount to sanction Israel in Palestine conflict

We use cookies to give you the best possible experience. Learn more