| Friday, 31st July 2026, 11:59 am

ബോക്സിലേക്ക് പന്തെത്തിച്ചാല്‍ അവന്‍ കൃത്യമായി ഗോളാക്കി മാറ്റും: ബഫണ്‍

സുദേവ് എ

ഫുട്ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി മിന്നും പ്രകടനങ്ങളിലൂടെ ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുതാരങ്ങളില്‍ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്.

മെസിയെക്കുറിച്ചും റൊണാള്‍ഡോയെക്കുറിച്ചും ഇറ്റലിയുടെ ഇതിഹാസ ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ബഫണ്‍ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാവുന്നത്. 2018ല്‍ വണ്‍ ഫുട്‌ബോളിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബഫണ്‍ ഇരുവരുടെയും പ്രതിഭയിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് സംസാരിച്ചത്. മെസിയെ ഏറ്റവും മികച്ച ഫിനിഷറെന്ന് വിളിച്ച ബഫണ്‍ റൊണാള്‍ഡോ ബോക്‌സിനുള്ളിലെ അപകടകാരിയായ താരമാണെന്നും വ്യക്തമാക്കി.

‘മെസി ഫുട്ബോളിലെ സമ്പൂര്‍ണനായ ഒരു താരമാണ്. കളിക്കളത്തിലെ അവന്റെ ടെക്നിക്കുകള്‍ വളരെ മികച്ചതാണ്. അവന്‍ ഒരു മികച്ച ഫിനിഷര്‍ കൂടിയാണ്. എന്നാല്‍ റൊണാള്‍ഡോക്ക് ഒരുപക്ഷേ അല്പം പ്രായമായത് കൊണ്ടാവാം പെനാല്‍ട്ടി എടുക്കുമ്പോള്‍ കുറച്ചു പ്രശ്നങ്ങള്‍ കാണാം. അദ്ദേഹം ബോക്സിനുള്ളില്‍ നിന്നും തന്ത്രപരമായി ഷോട്ട് എടുക്കാന്‍ ശ്രമിക്കില്ല. എന്നാല്‍ ബോക്സിലേക്ക് പന്ത് എത്തിച്ചാല്‍ റൊണാള്‍ഡോ അത് കൃത്യമായി ഗോളാക്കി മാറ്റും,’ ബഫണ്‍ പറഞ്ഞു.

നിലവില്‍ 2026 ലോകകപ്പിന് ശേഷം ഇരു താരങ്ങളും ക്ലബ്ബ് ഫുട്‌ബോളില്‍ വീണ്ടും സജീവമായിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് നേടുകയെന്ന മെസിയുടെയും അര്‍ജന്റീനയും സ്വപ്നം ഫൈനലില്‍ അവസാനിക്കുകയായിരുന്നു. കലാശപോരാട്ടത്തില്‍ സ്‌പെയ്‌നിനോട് പരാജയപ്പെട്ടതാണ് അര്‍ജന്റീനക്ക് കിരീടം നഷ്ടമായത്.

ഈ ലോകകപ്പില്‍ മിന്നും പ്രകടനം നടത്തി ആരാധകരുടെ ഹൃദയം കീഴടക്കിയാണ് മെസി മടങ്ങിയത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി ഈ ലോകകപ്പ് അവസാനിപ്പിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളാണ് മെസി നേടിയത്.

മറുഭാഗത്ത് റൊണാള്‍ഡോക്ക് പ്രീക്വാര്‍ട്ടര്‍ വരെയാണ് ലോകകപ്പില്‍ മുന്നേറാന്‍ സാധിച്ചത്. ചാമ്പ്യന്മാരായ സ്‌പെയ്‌നിനോട് പരാജയപ്പെട്ടായിരുന്നു പോര്‍ച്ചുഗലിന്റെ മടക്കം. 41ാം വയസില്‍ തന്റെ ആറാം ലോകകപ്പിനിറങ്ങിയ റൊണാള്‍ഡോ ടൂര്‍ണമെന്റില്‍ മൂന്ന് ഗോളുകള്‍ നേടി ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഉസ്‌ബെക്കിസ്ഥാനെതിരെ ഇരട്ടഗോള്‍ നേടിയ റൊണാള്‍ഡോ പിന്നീട് ക്രൊയേഷ്യക്കെതിരെയും ലക്ഷ്യം കണ്ടു. ഈ ടൂര്‍ണമെന്റിലും ഗോള്‍ നേടിയതോടെ ലോകകപ്പ് ചരിത്രത്തില്‍ ആറ് വ്യത്യസ്ത പതിപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും പോര്‍ച്ചുഗലിന്റെ എക്കാലത്തെയും മികച്ച ലോകകപ്പ് ഗോള്‍ വേട്ടക്കാരനെന്ന റെക്കോഡും റൊണാള്‍ഡോ സ്വന്തമാക്കി.

Content Highlight: Gianluigi Buffon talks about Cristiano Ronaldo and Lionel Messi

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more