| Wednesday, 11th February 2026, 1:59 pm

മനോജ് ബജ്പേയി ചിത്രത്തിന്റെ പേര് മാറ്റും; തീരുമാനം ജാതീയ അധിക്ഷേപമെന്ന പരാതിയ്ക്ക് പിന്നാലെ

യെലന കെ.വി

ന്യൂദല്‍ഹി: ബോളിവുഡ് താരം മനോജ് ബാജ്പേയിയെ കേന്ദ്രകഥാപാത്രമാക്കി നീരജ് പാണ്ഡെ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പേര് മാറ്റുന്നു.

ഘൂസ്ഖോര്‍ പണ്ഠിത് എന്ന സിനിമയുടെ പേര് ഒരു പ്രത്യേക സമുദായത്തെ അധിക്ഷേപിക്കുന്നതാണെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി.
നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയാണ് പേര് മാറ്റുന്ന കാര്യം ദല്‍ഹി ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചത്.

സിനിമയുടെ പേര് ജാതീയമായ അധിക്ഷേപമാണെന്നും പണ്ഠിത് എന്ന വാക്കിനെ അഴിമതിയുമായി ബന്ധിപ്പിക്കുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും ആരോപിച്ച് മഹേന്ദര്‍ ചതുര്‍വേദിയാണ് കോടതിയെ സമീപിച്ചത്.

ഘൂസ്‌ഖോര്‍ പണ്ഠിത് എന്ന പേര് മാറ്റണമെന്നും സിനിമയുടെ റിലീസ് തടയണമെന്നും ചതുര്‍വേദി ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

സംഭവം വിവാദമായതോടെ ചിത്രത്തിന്റെ പ്രൊമോഷണല്‍ വീഡിയോകളും ടീസറുകളും നെറ്റ്ഫ്‌ലിക്‌സ് പിന്‍വലിച്ചു.

സിനിമയുടെ പേര് മാറ്റാന്‍ നിര്‍മ്മാതാക്കള്‍ സ്വമേധയാ തയ്യാറായ സാഹചര്യത്തിലാണ് ജസ്റ്റിസ് പുരുഷൈന്ദ്ര കുമാര്‍ കൗരവ് ഹരജി തീര്‍പ്പാക്കിയത്.

നീരജ് പാണ്ഡെ നിര്‍മ്മിച്ച് റിതേഷ് ഷാ സംവിധാനം ചെയ്യുന്ന ഈ ചിത്രം അഴിമതിക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് പറയുന്നത്.

ഇന്ത്യന്‍ സിനിമയില്‍ ഇതിനുമുമ്പും സമാനമായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് സിനിമകളുടെ പേര് മാറ്റേണ്ടി വന്നിട്ടുണ്ട്.

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പദ്മാവതി എന്ന ചിത്രം പ്രതിഷേധങ്ങളെത്തുടര്‍ന്ന് പദ്മാവത് എന്ന് മാറ്റിയാണ് റിലീസ് ചെയ്തത്.

മലയാളത്തില്‍ സുരേഷ് ഗോപി നായകനായ ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പേരും അടുത്തിടെ വിവാദത്തിലായിരുന്നു.

ജാനകി സീത ദേവിയുടെ പേരാണെന്ന സെന്‍സര്‍ ബോര്‍ഡ് നിരീക്ഷണത്തെത്തുടര്‍ന്ന് സിനിമയുടെ പേര് ജാനകി വി. വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന് നിര്‍മ്മാതാക്കള്‍ക്ക് പേര് മാറ്റേണ്ടിവന്നു.

Content Highlight: ‘Ghooskhor Pandat’ controversy: Makers to change title

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more