ദിലീപിന്റെ തിരിച്ചുവരവാകുമെന്ന് ആരാധകര്‍ വാദിച്ച ചിത്രമായിരുന്നു ഭ ഭ ബ. അനൗണ്‍സ് ചെയ്ത സമയത്ത് പ്രതീക്ഷ ഇല്ലാതിരുന്ന ചിത്രത്തിന് ഹൈപ്പ് ഉയര്‍ത്താന്‍ നിര്‍മാതാക്കള്‍ പല എലമെന്റുകളും കുത്തിക്കയറ്റിയിരുന്നു. അത്തരത്തിലൊന്നായിരുന്നു ഗില്ലി യൂണിവേഴ്‌സ് തിയറി. വിജയ്‌യുടെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായ ഗില്ലിയുടെ യൂണിവേഴ്‌സിലാണ് ഭ ഭ ബയുമെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടു.
ആരാധകര്‍ക്കിടയില്‍ ഇത് ഹൈപ്പ് ഇരട്ടിപ്പിച്ചു. മോഹന്‍ലാലിന്റെ അതിഥിവേഷവും ഹൈപ്പ് കൂട്ടുന്നതില്‍ പ്രധാന പങ്കുവഹിച്ചു. എന്നാല്‍ റിലീസിന് ശേഷം ചിത്രത്തില്‍ ഇതെല്ലാം ഊതിവീര്‍പ്പിച്ച ബലൂണാണെന്ന് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു. ഒ.ടി.ടി റിലീസിന് ശേഷം ചിത്രം വീണ്ടും എയറില്‍ പറന്നുകളിക്കുകയാണ്. ഗില്ലി യൂണിവേഴ്‌സും ഭ ഭ ബയെ എയറിലാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
ഗില്ലി സിനിമയിലെ ഒരൊറ്റ കഥാപാത്രത്തെപ്പോലും കാണിക്കുകയോ ആ സിനിമയുടെ കഥയുമായി ബന്ധപ്പെടുത്തുകയോ ചെയ്യാത്ത ചിത്രമാണ് ഭ ഭ ബ. ഗില്ലിയിലെ ‘അര്‍ജുനര് വില്ല്’ എന്ന പാട്ട് സിനിമയില്‍ അടിക്കടി പ്ലേ ചെയ്യുന്നതും മോഹന്‍ലാലിന്റെ ഗില്ലി ബാല എന്ന പേരുമല്ലാതെ മറ്റൊരു കണക്ഷനും ഭ ഭ ബയ്ക്കില്ല. അണിയറപ്രവര്‍ത്തകരുടെ മാര്‍ക്കറ്റിങ് തന്ത്രങ്ങളിലൊന്നായിരുന്നു ഭ ഭ ബയിലെ പ്രീ റിലീസ് ഹൈപ്പ്.
കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള നടന്മാരാണ് മോഹന്‍ലാലും വിജയ്‌യും. ഇവരുടെ ആരാധകരെ മുതലെടുത്ത് ചുളുവില്‍ ഒരു ഹിറ്റ് സ്വന്തമാക്കാനുള്ള അണിയറപ്രവര്‍ത്തകരുടെ ശ്രമമായിരുന്നു ഭ ഭ ബ. ഇതൊന്നും ഒട്ടും വര്‍ക്കായില്ലെന്ന് മാത്രമല്ല, സിനിമക്ക് തിരിച്ചടിയായി മാറുകയും ചെയ്തു. വിജയ് ഫാന്‍സിനെ ഭ ഭ ബയില്‍ ചിത്രീകരിച്ച രീതിയും വിമര്‍ശനത്തിന് ഇരയായി.
സിനിമയുടെ ആദ്യ ഷോട്ടില്‍ തന്നെ ‘ദളപതി കോളനി’ എന്ന നെയിം ബോര്‍ഡാണ് കാണിക്കുന്നത്. സമൂഹത്തിലെ താഴേത്തട്ടിലുള്ളവരെ അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന ‘കോളനി’ എന്ന വാക്ക് ഉപയോഗിച്ചത് വിമര്‍ശനത്തിന് വിധേയമായി. എന്നാല്‍ ഒ.ടി.ടി റിലീസില്‍ ‘ദളപതി നഗര്‍’ എന്ന് മാറ്റം വരുത്തി അണിയറപ്രവര്‍ത്തകര്‍ സ്വന്തം തടി രക്ഷിച്ചു.
വിജയ്‌യുടെ ആരാധകനായി മാറിയ കഥ പറയുന്ന മോഹന്‍ലാലിന്റെ സീന്‍, വിജയ് ആരാധകരായ കൊച്ചുകുട്ടികള്‍ സിനിമയുടെ തുടക്കത്തില്‍ കാണിക്കുന്ന പരാക്രമങ്ങള്‍ എന്നിവയെല്ലാം അസഹനീയമായിരുന്നു. ഫാന്‍സിനെ സുഖിപ്പിക്കാന്‍ വേണ്ടി പടച്ചുവിട്ട രംഗങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്.
ശക്തമായൊരു കഥയില്ലാതെ സ്പൂഫ് എന്ന പേരില്‍ എന്ത് കാണിച്ചാലും ആളുകള്‍ കാണുമെന്ന തിരക്കഥാകൃത്തുകളുടെ ഓവര്‍ കോണ്‍ഫിഡന്‍സാണ് ഭ ഭ ബ എന്ന ചിത്രം. ഒരുതരത്തിലും എന്‍ഗേജ് ചെയ്യിക്കാത്ത തീര്‍ന്നുകിട്ടാന്‍ വേണ്ടി പാടുപെട്ട സിനിമകളിലൊന്നായി ഭ ഭ ബ മാറിയിരിക്കുകയാണ്.
Content Highlight: Ghilli reference in Bha Bha Ba getting trolls after OTT release