| Sunday, 23rd August 2026, 1:01 pm

ബ്രിട്ടണും ഫ്രാന്‍സും ഇസ്രഈലിന്റെ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാവാന്‍ മനപ്പൂര്‍വം തീരുമാനിച്ചവരെന്ന് ഇറാന്‍ മന്ത്രി

റെന്വര്‍ പി

ടെഹ്‌റാന്‍: ബ്രിട്ടണും ഫ്രാന്‍സും ഇസ്രഈല്‍ നടത്തുന്ന കുറ്റകൃത്യങ്ങളില്‍ പങ്കാളികളാവാനും സഹകരിക്കാനും മനപ്പൂര്‍വം തീരുമാനിച്ചിരിക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യ സഹമന്ത്രി കാസിം ഘാരിബാബാദി. സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു ഇറാന്‍ മന്ത്രിയുടെ പ്രതികരണം.

തുടര്‍ച്ചയായി ആയുധങ്ങള്‍ അയച്ചുകൊണ്ടും വിവിധ തരത്തില്‍ പിന്തുണ നല്‍കിക്കൊണ്ടും ഇസ്രഈലിന്റെ കുറ്റകൃത്യങ്ങളില്‍ ബ്രിട്ടണും ഫ്രാന്‍സും പങ്കാളികളാവുകയാണെന്ന് ഘാരിബാബാദി പറഞ്ഞു. ‘സാഹചര്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നു,’ എന്ന വാചകത്തിന് പിറകില്‍ ബ്രിട്ടണും ഫ്രാന്‍സും മറഞ്ഞിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രഈലിന്റെ നയം വംശീയ ഉന്മൂലനത്തിലേക്കും ഫലസ്തീനെ ഭൂമിയില്‍ നിന്ന് തുടച്ചുനീക്കുന്നതിലേക്കും നയിക്കുന്നതായി ചൂണ്ടിക്കാണിച്ച് നൂറിലധികം ബ്രിട്ടീഷ്, ഫ്രഞ്ച് മുന്‍ നയതന്ത്രജ്ഞര്‍ ഒരു കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ഘാരിബാബാദി എക്‌സ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

ആയുധ കൈമാറ്റം നിര്‍ത്തലാക്കുക, കുടിയേറ്റക്കാരുമായുള്ള വ്യാപാരം നിരോധിക്കുക, ഹേഗ് കോടതികളുടെ തീരുമാനങ്ങള്‍ നടപ്പിലാക്കുക എന്നിവയുള്‍പ്പെടെ കൃത്യമായ നടപടി സ്വീകരിക്കാന്‍ ഈ നയതന്ത്രജ്ഞര്‍ ബ്രിട്ടണോടും ഫ്രാന്‍സിനോടും ആവശ്യപ്പെട്ടുവെന്നും ഇറാന്‍ വിദേശകാര്യ സഹമന്ത്രി എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

ഇസ്രഈലിനെതിരെ ഫ്രാന്‍സും ബ്രിട്ടണും സംയുക്ത ഉപരോധം ചുമത്തണമെന്ന ആവശ്യവുമായി ഇരു രാജ്യങ്ങളുടെയും 102 മുന്‍ നയതന്ത്ര പ്രതിനിധികള്‍ കഴിഞ്ഞ ദിവസം തുറന്ന കത്തെഴുതിയിരുന്നു. ഇതിനെക്കുറിച്ചാണ് ഘാരിബാബാദി തന്റെ എക്‌സ് പോസ്റ്റില്‍ പറഞ്ഞത്.

യുദ്ധക്കുറ്റങ്ങള്‍ക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും ഉത്തരവാദികളായവരെ ഉത്തരം പറയാന്‍ ബാധ്യസ്ഥരാക്കണമെന്ന് കത്തില്‍ മുന്‍ നയതന്ത്രജ്ഞര്‍ ഫ്രാന്‍സിനോടും ബ്രിട്ടണോടും ആവശ്യപ്പെട്ടിരുന്നു. അത്തരം നടപടികളി ലേക്ക് പോയാലെ ബ്രിട്ടീഷ്, ഫ്രഞ്ച് സര്‍ക്കാരുകള്‍ ഇരട്ടത്താപ്പ് കാണിക്കുന്നൂ എന്ന ആരോപണത്തിന് മറുപടി പറയാന്‍ സാധിക്കൂവെന്നും കത്തില്‍ മുന്‍ നയതന്ത്രജ്ഞര്‍ പറഞ്ഞിരുന്നു.

ഐക്യരാഷ്ട്രസഭയിലെ മുന്‍ ബ്രിട്ടീഷ് അംബാസഡര്‍മാരായ ജെറമി ഗ്രീന്‍സ്റ്റോക്ക്, എമിര്‍ ജോണ്‍സ് പാരി, മുന്‍ ഫ്രഞ്ച് മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍മാരായ യെവ്സ് ഓബിന്‍ ഡി ലാ മെസ്സുസിയര്‍, ഡെനിസ് ബൗച്ചാര്‍ഡ് എന്നിവര്‍ അടക്കമുള്ളവരാണ് കത്തില്‍ ഒപ്പുവച്ചിട്ടുള്ളത്.

2025ല്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച ഫ്രാന്‍സും ബ്രിട്ടണും ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശം സംരക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും കത്തില്‍ ഒപ്പിട്ടവര്‍ പറഞ്ഞിരുന്നു.

മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടി ഇസ്രഈലിനെതിരായ വിവിധ കരാറുകള്‍ അവസാനിപ്പിക്കാനും കത്തില്‍ ആവശ്യപ്പെടുന്നു. യൂറോപ്യന്‍ യൂണിയന്‍-ഇസ്രഈല്‍ അസോസിയേഷന്‍ കരാറും യു.കെ-ഇസ്രഈല്‍ വ്യാപാര പങ്കാളിത്ത കരാറും താല്‍ക്കാലികമായി നിര്‍ത്തിവയക്കുന്നതടക്കമുള്ള ഏഴ് നടപടികള്‍ സ്വീകരിക്കാന്‍ ബ്രിട്ടണും ഫ്രാന്‍സും തയ്യാറാവണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

ഇസ്രഈിലേക്കും തിരിച്ചുമുള്ള ആയുധ കൈമാറ്റവും ഉഭയകക്ഷി സൈനിക സഹകരണവും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. വെസ്റ്റ്ബാങ്കിലെ ഇസ്രഈലി കുടിയേറ്റക്കാരുമായുള്ള എല്ലാ വ്യാപാരങ്ങളും നിരോധിക്കാനും ഇരു സര്‍ക്കാരുകളും തയ്യാറാവണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

Content Highlight: Gharibabadi says London, Paris ‘deliberately’ participating in Israeli crimes

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more