| Monday, 9th March 2026, 10:00 am

ഗദ്ര്‍, ഇമാദ്, ഖൈബാര്‍; യു.എസിന്റെ താഡ് റഡാര്‍ സംവിധാനത്തെ തകര്‍ത്ത് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍; 1.2 ബില്യണ്‍ ഡോളറിന്റെ നഷ്ടമെന്ന് ഐ.ആര്‍.ജി.സി

അനിത സി

ടെഹ്‌റാന്‍: പശ്ചേമേഷ്യന്‍ സംഘര്‍ഷത്തില്‍ യു.എസിന് കനത്ത നാശനഷ്ടങ്ങളുണ്ടാക്കി ഇറാന്റെ ഗദ്ര്‍, ഇമാദ്, ഖൈബാര്‍ ഷെക്കന്‍ ബാലിസ്റ്റിക് മിസൈലുകള്‍.

ഞായറാഴ്ച മാത്രം യു.എസിന്റെ ടെര്‍മിനല്‍ ഹൈ ആള്‍റ്റിറ്റിയൂഡ് ഏരിയ ഡിഫന്‍സ് (THAAD) മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ നാല് റഡാറുകള്‍ പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിലായി തകര്‍ത്തതായി ഐ.ആര്‍.ജി.സി അവകാശപ്പെട്ടു.

പശ്ചിമേഷ്യയില്‍ യു.എസ് സ്ഥാപിച്ചിരിക്കുന്ന ഏകദേശം 1.2 ബില്യണ്‍ ഡോളറിന്റെ റഡാര്‍ സംവിധാനങ്ങളാണ് തകര്‍ത്തതെന്ന് ഇറാന്‍ അവകാശപ്പെട്ടു. പ്രധാനപ്പെട്ട നാല് റഡാറുകളാണ് ഇറാന്‍ തകര്‍ത്തിരിക്കുന്നത്.

ഈ വാദം ശരിയാണെങ്കില്‍ സമീപകാലത്ത് യു.എസിന് സംഭവിച്ച മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ഏറ്റവും വലിയ തകര്‍ച്ചയായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യു.എ.ഇയിലെ അല്‍-റൂബ, അല്‍ റുവൈസ്, സൗദി അറേബ്യയിലെ അല്‍-ഖര്‍ജി, ജോര്‍ദാനിലെ മുവാഫഖിന് സമീപത്തെ അല്‍ അസ്‌റാഖ് തുടങ്ങിയ പ്രദേശങ്ങളിലെ താഡ് റഡാര്‍ സംവിധാനങ്ങളാണ് തകര്‍ത്തതെന്ന് ഐ.ആര്‍.ജി.സി പറയുന്നു.

നാല് AN/TPY 2 റഡാര്‍ നോഡുകള്‍ ഒരേസമയം നിര്‍വീര്യമാക്കിയതോടെ അമേരിക്കയുടെ മിസൈല്‍ പ്രതിരോധത്തിന്റെ നട്ടെല്ല് തകര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗള്‍ഫ്-ലെവന്റ് പ്രദേശങ്ങളിലെ യു.എസ്-ഇസ്രഈലി മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ലൈവ് ട്രാക്കിങ് ഡാറ്റ നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നവയാണ് താഡ് റഡാറുകള്‍. ഇറാന്‍ ലക്ഷ്യം വെക്കുന്നത് ഈ റഡാറുകളാണെന്ന് ഭരണകൂടം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

താഡ് റഡാറുകളുടെ തകര്‍ച്ച ശത്രു മിസൈലുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന സമയക്രമങ്ങളില്‍ കാര്യമായ മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്ന് ഇറാന്‍ സൈനിക വൃത്തങ്ങളും അറിയിച്ചു.

ആക്രമണത്തില്‍ യു.എസ്, ഇസ്രഈലി പ്രതിരോധത്തിന് കാര്യമായ തകരാര്‍ സംഭവിച്ചെന്നും, നിലവില്‍ ഇസ്രഈലി വ്യോമാക്രമണ സൈറണുകള്‍ മിസൈല്‍ ആഘാതത്തിനൊപ്പമാണ് മുഴങ്ങുന്നതെന്നും ആക്രമണത്തിന് മുന്നോടിയായി മുഴങ്ങുന്നില്ലെന്നും ഇറാന്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു.

യു.എസും ഇസ്രഈലും പ്രഖ്യാപിച്ച ഓപ്പറേഷന്‍ എപിക് ഫ്യൂരിക്ക് മറുപടിയായി ഇറാന്‍ നടത്തുന്ന ഓപ്പറേഷനായ ട്രൂ പ്രോമിസ് -4ന്റെ 28ാം തരംഗത്തിന്റെ ഭാഗമായാണ് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിക്കുന്നത്. ഇസ്രഈലിന് പുറമെ യു.എസിന്റെ താവളങ്ങള്‍ നിലനില്‍ക്കുന്ന പശ്ചിമേഷ്യയിലെ വിവിധ പ്രദേശങ്ങളും ഇറാന്‍ ലക്ഷ്യം വെക്കുന്നുണ്ട്.

കഴിഞ്ഞദിവസം മാത്രം മൂന്ന് ബാലിസ്റ്റിക് മിസൈലുകളാണ് കുവൈത്ത് പ്രതിരോധിച്ചത്. സൗദിയില്‍ പ്രൊജക്ടൈല്‍ തകര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖത്തറിലും ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി.

Content Highlight: Ghadr, Imad, Khaibar; Iran’s ballistic missiles destroy US’s THAAD radar system; IRGC claims

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more