| Tuesday, 6th October 2026, 8:20 pm

പാട്ട് ചെയ്തതിനേക്കാൾ ബുദ്ധിമുട്ടായിരുന്നു അതിന്റെ ക്രെഡിറ്റ് കിട്ടാൻ: ഷിബു ചക്രവർത്തി

അനുപമ കെ. സീത

മലയാളികൾ നെഞ്ചിലേറ്റിയ ഏറെ ആഘോഷിക്കപ്പെട്ട പാട്ടാണ് ഷാർജ ടു ഷാർജ സിനിമയിലെ ‘പതിനാലാം രാവിന്റെ…’ എന്നു തുടങ്ങുന്ന പാട്ട്. ഈ പാട്ട് ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടായാണ് ഏറെ മലയാളികളും ധരിച്ചു വെച്ചിരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഈ പാട്ട് എഴുതിയത് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തി ആണ്.

എങ്ങനെയാണ് ഗിരീഷ് പുത്തഞ്ചേരിക്ക് പാട്ടിന്റെ ക്രെഡിറ്റ് പോയതെന്ന് പറയുകയാണ് ഷിബു ചക്രവർത്തി. റെഡ് എഫ്.എമ്മുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ന് ഒരു സിനിമയിൽ നാലും അഞ്ചും പേരൊക്കെ പാട്ടെഴുതാനുണ്ടാവും. പണ്ട് അങ്ങനെ ആയിരുന്നില്ല. ഷാർജ ടു ഷാർജയിൽ സ്ക്രിപ്റ്റ് റൈറ്റേഴ്‌സ് ആയ എ.കെ. സാജനും എ.കെ. സന്തോഷും മെലഡി ഗിരീഷും അടിപൊളി പാട്ടുകൾ ഞാനും എഴുതട്ടെയെന്ന് തീരുമാനിച്ചു. ആ സമയത്ത് പാട്ടെഴുത്ത് എനിക്ക് ഫുൾ ടൈം ജോലിയായിരുന്നില്ല. ഗിരീഷ് അന്ന് സിനിമയിൽ സജീവമായി പാട്ടെഴുതുന്ന ആളായിരുന്നു.

ഞാൻ ആണെങ്കിൽ വല്ലപ്പോഴും എഴുതുന്ന ആളാണ്. അതുകൊണ്ട് നാച്ചുറലി അത് ഗിരീഷിന്റെ പേരിൽ വന്നു. ഞാൻ അത് കുറേകാലം ശ്രദ്ധിച്ചിരുന്നില്ല. ദീർഘകാലം കഴിഞ്ഞ് പാട്ടിന്റെ റോയൽറ്റിയുമായ് ബന്ധപ്പെട്ട് ആളുകളുടെ ഭാഗത്ത് നിന്നും ഒരു റെസ്പോൺസും വരാതെ ആയപ്പോഴാണ് അന്വേഷിച്ചത്. അപ്പോഴാണ് രചന ഗിരീഷിന്റെ പേരിൽ കാണുന്നത്. പിന്നെ ഒരുപാട് ബുദ്ധിമുട്ടിയിട്ടാണ് ക്രെഡിറ്റ് മാറ്റി കിട്ടിയത്. പാട്ട് എഴുതിയതിനേക്കാൾ സ്‌ട്രെയിൻ എടുക്കേണ്ടി വന്നു അത് കറക്റ്റ് ചെയ്തെടുക്കാൻ.’ ഷിബു ചക്രവർത്തി പറഞ്ഞു.

ഷിബു ചക്രവർത്തി Photo: RedFM/Screen Grab/Youtube.com

മലയാള സിനിമക്ക് ഒരുപാട് നല്ല സിനിമകളും ഗാനങ്ങളും തന്ന വ്യക്തിയാണ് ഷിബു ചക്രവർത്തി. 1984ൽ അല്ലിമലർക്കാവ് എന്ന ചിത്രത്തിന് പാട്ടെഴുതിക്കൊണ്ടാണ് അദ്ദേഹം സിനിമയിലേക്ക് കടന്നു വരുന്നത്. 40 വർഷത്തിനിടയിൽ നൂറിലധികം സിനിമകളിലായ് മുന്നൂറോളം പാട്ടുകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. മനു അങ്കിൾ , നായർ സാബ് , സൈന്യം , സാമ്രാജ്യം തുടങ്ങിയ സിനിമകൾക്ക് തിരക്കഥ എഴുതിയതും ഷിബു ചക്രവർത്തിയാണ്.

‘വിണ്ണിലെ ഗന്ധർവ്വ വീണകൾ’,’ചെമ്പരത്തിപ്പൂവേ ചൊല്ല്’,’പിച്ചകപ്പൂങ്കാവുകൾക്കപ്പുറം’ തുടങ്ങി മലയാള സിനിമയിലെ ഒട്ടേറെ ഹിറ്റ് പാട്ടുകൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

Content Highlight: Getting credit for the song was harder than creating it said Shibu Chakravarthy

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more