| Tuesday, 4th December 2018, 11:55 am

ഒരു കിലോ വഴുതനങ്ങക്ക് ലഭിച്ചത് 20 പൈസ; രണ്ടേക്കര്‍ കൃഷി നശിപ്പിച്ച് കര്‍ഷകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രണ്ട് ലക്ഷം രൂപ മുടക്കി കൃഷി ചെയ്ത വഴുതനങ്ങക്ക് ന്യായമായ വില ലഭിക്കാത്തത്തിനാല്‍ കര്‍ഷകന്‍ കൃഷി നശിപ്പിച്ചു. വിളയ്ക്ക് ന്യായമായ വില ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകന്‍ രണ്ടേക്കര്‍ പാടത്തെ കൃഷി നശിപ്പിച്ചത്.

വിളവെടുത്ത വഴുതനങ്ങ വിറ്റു കിട്ടിയത് 65,000 രൂപയാണ്. ഇതില്‍ മനം നൊന്ത കര്‍ഷകന്‍ പാടത്തെ മുഴുവന്‍ വഴുതനങ്ങ ചെടിയും പറിച്ചെടുത്ത് നശിപ്പിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ സാകുരി ഗ്രാമത്തിലെ രാജേന്ദ്ര ബാവക്കെ എന്ന കര്‍ഷകനാണ് കൃഷി മുഴുവനായും നശിപ്പിച്ചത്.

നാസിക്കിലേയും സൂറത്തിലേയും മൊത്തവ്യാപാരകേന്ദ്രത്തിലാണ് വഴുതന വില്‍ക്കാന്‍ പോയിരുന്നത്. എന്നാല്‍ കിലോയ്ക്ക് 20 പൈസ നിരക്കില്‍ മാത്രമാണ് അവിടെനിന്നും വഴുതനങ്ങ വിറ്റുപോയത്.


രണ്ടേക്കര്‍ പാടത്താണ് വഴുതനങ്ങ കൃഷി ചെയ്തിരുന്നത്. കൃഷിക്കാവശ്യമായ വെള്ളത്തിനായി വലിയ തുക മുടക്കി പൈപ്പ് സ്ഥാപിച്ചിരുന്നു. വിളവ് വര്‍ദ്ധിപ്പിക്കുന്നതിനായി ആധുനിക കൃഷിരീതികള്‍ ഉപയോഗിച്ചിരുന്നു. വളവും കീടനാശിനികളും വാങ്ങിയ വകയില്‍ വിതരണക്കാരന് 35,000 രൂപ നല്‍കാനുണ്ട്. കടം വീട്ടാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് തനിക്കറിയില്ലെന്നും രാജേന്ദ്ര ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ മൂന്ന നാല് മാസമായി വിളകള്‍ക്ക് ന്യായമായ വില ലഭിച്ചിട്ടില്ല, അതുകൊണ്ടുതന്നെ കൃഷിയില്‍നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായും രാജേന്ദ്ര പറഞ്ഞു. വീട്ടില്‍ മൂന്ന് പശുക്കളുണ്ട്. അവയ്ക്കാവശ്യമായ കാലിത്തീറ്റ വാങ്ങിക്കണം. വഴുതനങ്ങ കൃഷിയില്‍നിന്നുമുള്ള വരുമാനയിരുന്നു ആകെയുള്ള പ്രതീക്ഷ. പക്ഷേ ഇന്ന് അതിനൊക്കെ എങ്ങനെ തീറ്റ വാങ്ങിക്കണമെന്ന് തനിക്കറിയില്ലെന്നും രാജേന്ദ്ര പറഞ്ഞു.

കഴിഞ്ഞ ദിവസം നാസിക്കിലെ സഞ്ജയ് സേത് എന്ന കര്‍ഷകന്‍ കൃഷി ചെയ്തുണ്ടാക്കിയ ഉള്ളിക്ക് ന്യായമായ വില ലഭിക്കാത്തത്തില്‍ പ്രതിഷേധിച്ച് വിറ്റു കിട്ടിയ തുക പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്ത ചുരുക്കം ചില കര്‍ഷകരില്‍ ഒരാളായിരുന്നു സഞ്ജയ് സേത്. മുംബൈ നാസിക്ക് ജില്ലയിലെ നിപാട് ടെഹ്‌സ് സ്വദേശിയാണ് സഞ്ജയ് സേത്.


കൃഷി ചെയ്ത 750 കിലോ ഉളളിക്ക് 1064 രൂപയാണ് ആകെ ലഭിച്ചത്. നിപാദ് മൊത്തക്കച്ചവട മാര്‍ക്കറ്റില്‍ കിലോയ്ക്ക് ഒരു രൂപ വില പറഞ്ഞപ്പോള്‍ വില പേശി 1.40 വരെ എത്തിക്കുകയായിരുന്നു. എന്നിട്ടും 750 കിലോ വിറ്റപ്പോള്‍ 1064 രൂപ മാത്രമാണ് കൈയ്യില്‍ കിട്ടിയതെന്ന് സഞ്ജയ് സേത് പറയുന്നു.

നീണ്ട നാല് മാസത്തെ കഷ്ടപ്പാടിന് തുച്ഛമായ തുക ലഭിക്കുന്നത് ശരിക്കും സങ്കടകരമായ കാര്യമാണ്. ഇതിന്‍ പ്രതിഷേധിച്ചാണ് വിറ്റു കിട്ടിയ തുക മുഴുവനും പ്രധാനമന്ത്രിക്ക് അയച്ചു കൊടുത്തത്. തുക മണി ഓര്‍ഡറായി അയക്കുന്നതിനായി 54 രൂപ ചെലവായെന്നും സേത് പറഞ്ഞിരുന്നു

We use cookies to give you the best possible experience. Learn more