| Monday, 12th October 2026, 5:59 pm

ഇവനെ സിക്‌സറടിച്ചാല്‍ നീ തീര്‍ന്നെടാ, നീ തീര്‍ന്ന്... നമന്‍ ധിറിന്റെ വല്ലാത്തൊരു പ്രതികാര കഥ

ആദർശ് എം.കെ.

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വിജയിച്ച് ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുമ്പിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

ആതിഥേയരായ ഇന്ത്യ ഉയര്‍ത്തിയ 224 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെയും കാമില്‍ പൂരന്റെയും വിക്കറ്റുകളാണ് മത്സരത്തില്‍ നിര്‍ണായകമായത്. നമന്‍ ധിര്‍ ആണ് ഇരുവരെയും മടക്കിയത്.

26 പന്തില്‍ 43 റണ്‍സ് നേടിയ ഹെറ്റ്‌മെയറിനെ ബൗള്‍ഡാക്കിയും 27 പന്തില്‍ 42 റണ്‍സടിച്ച പൂരനെ അര്‍ഷ്ദീപ് സിങ്ങിന്റെ കൈകളിലെത്തിച്ചുമാണ് നമന്‍ ധിര്‍ പുറത്താക്കിയത്.

ഇരുവരെ പുറത്തായ രീതിയും രസകരമായിരുന്നു. തന്നെ സിക്‌സറിന് പറത്തിയതിന് ശേഷമുള്ള തൊട്ടടുത്ത പന്തില്‍ തന്നെയാണ് ഇരുവരെയും ധിര്‍ പുറത്താക്കിയത്.

ഇത് കേവലം ഈ മത്സരത്തിലെ മാത്രം രീതിയല്ല, ഈ പരമ്പരയില്‍ നമന്‍ ധിര്‍ വീഴ്ത്തിയ അഞ്ച് വിക്കറ്റുകളും ഇതേ പാറ്റേണില്‍ തന്നെയായിരുന്നു.

ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റുമായാണ് നമന്‍ ധിര്‍ അരങ്ങേറ്റം ഗംഭീരമാക്കിയത്. ക്യാപ്റ്റന്‍ ഷായ് ഹോപ്പ്, റൊമാരിയോ ഷെപ്പേര്‍ഡ്, ഷമര്‍ സ്പ്രിംഗര്‍ എന്നിവരെയാണ് നമന്‍ ധിര്‍ മടക്കിയത്. മൂവരും പുറത്താകുന്നതിന് മുമ്പുള്ള പന്തില്‍ നമന്‍ ധിറിനെ സിക്‌സറിന് പറത്തിയിരുന്നു.

സിക്സര്‍ വഴങ്ങിയതിന് പിന്നാലെ അടുത്ത പന്തില്‍ത്തന്നെ വിക്കറ്റ് വീഴ്ത്താന്‍ ശ്രമിക്കുന്ന നമന്‍ ധിറിന്റെ ആത്മവിശ്വാസത്തെയും ആക്രമണോത്സുകമായ ഇന്റന്റിനെയും ആരാധകര്‍ പ്രശംസിക്കുന്നുണ്ട്.

വരും മത്സരങ്ങളിലും നമന്‍ ധിര്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഒക്ടോബര്‍ 14നാണ് പരമ്പരയിലെ നാലാം മത്സരം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

Content Highlight: Gets out on the very next ball after hitting a six; Naman Dhir shines.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more