| Wednesday, 14th May 2025, 9:35 pm

റഷ്യക്കായി പാഴ്സല്‍ ബോംബാക്രമണം ആസൂത്രണം ചെയ്തെന്ന് ആരോപണം; ഉക്രൈന്‍ പൗരന്മാരെ കസ്റ്റഡിയിലെടുത്ത് ജര്‍മനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെര്‍ലിന്‍: റഷ്യക്ക് വേണ്ടി പാഴ്സല്‍ ബോംബാക്രമണം ആസൂത്രണം ചെയ്തെന്ന് ആരോപിച്ച് മൂന്ന് ഉക്രൈന്‍ പൗരന്മാരെ അറസ്റ്റ് ചെയ്ത് ജര്‍മനി. വ്‌ലാഡിസ്ലാവ് ടി, ഡാനില്‍ ബി, യെവ്‌ഹെന്‍ ബി എന്നീ പേരില്‍ അറിയപ്പെടുന്ന മൂന്ന് പുരുഷന്മാരാണ് അറസ്റ്റിലായതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

ജര്‍മന്‍ സ്വകാര്യ നിയമങ്ങള്‍ അനുസരിച്ച് അറസ്റ്റിലായവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് ഉക്രൈന്‍ പൗരന്മാരെ കസ്റ്റഡിയിലെടുത്തത്.

ഇവര്‍ക്കെതിരെ അട്ടിമറിക്കായി രഹസ്യ പ്രവര്‍ത്തനം നടത്തിയതിനും റഷ്യന്‍ സ്ഥാപനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുവെന്ന് കരുതപ്പെടുന്ന വ്യക്തികളുമായി ഗൂഡലോചന നടത്തിയതിനും സ്‌ഫോടനം നടത്താന്‍ ശ്രമിച്ചതിലും കുറ്റം ചുമത്തിയിട്ടുണ്ട്. ട്രാഫിക് ലക്ഷ്യമിട്ട് സ്‌ഫോടനം നടത്തുക എന്നതായിരുന്നു പ്രതികളുടെ ഉദ്ദേശമെന്നാണ് പ്രോസിക്യൂട്ടര്‍മാരുടെ വാദം.

സംഭവത്തില്‍ ഫെഡറല്‍ ക്രിമിനല്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. യെവ്‌ഹെന്‍ ബിയാണ് സ്‌ഫോടനം നടത്തേണ്ട വഴികള്‍ നിശ്ചയിച്ചതെന്നും വ്‌ലാഡിസ്ലാവ് ടിയാണ് ഇതിനുള്ള ജി.പി.എസ് ട്രാക്കറുകള്‍ അടങ്ങിയ പാക്കേജുകള്‍ പാഴ്സലുകള്‍ അയച്ചതെന്നുമാണ് പൊലീസിന്റെ അനുമാനം.

വളരെ കുറഞ്ഞ തുകയ്ക്കായി റഷ്യക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്റുമാര്‍ ഉയര്‍ത്തുന്ന ഹൈബ്രിഡ് ഭീഷണിയിലേക്കാണ് സംഭവം ചുരുളഴിയുന്നതെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രി ഹെര്‍ബര്‍ട്ട് റൂള്‍ പ്രതികരിച്ചു.

റഷ്യ എല്ലാ വിധത്തിലും പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് ജര്‍മന്‍ നീതിന്യായ മന്ത്രി സ്റ്റെഫാനി ഹുബിഗും പറഞ്ഞു. ഇത്തരം ഭീഷണികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

2024ല്‍ യൂറോപ്യന്‍ കാര്‍ഗോ സെന്ററുകളില്‍ നിരവധി പാഴ്സലുകള്‍ പൊട്ടിത്തെറിച്ച് സ്‌ഫോടനമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തുടനീളമായി ഇന്റലിജന്റ്സ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നുവെന്നും ഈ വലയിലാണ് ഉക്രൈന്‍ പൗരന്മാര്‍ വന്നുപ്പെട്ടതെന്നും ജര്‍മന്‍ അധികൃതര്‍ പറയുന്നു.

കഴിഞ്ഞ ദിവസം, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് നടത്തിയ തന്റെ ആദ്യ പ്രസംഗത്തില്‍ റഷ്യയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

യൂറോപ്പിലുടനീളം നടക്കുന്ന കൊലപാതകങ്ങള്‍, സൈബര്‍ ആക്രമണങ്ങള്‍, കടലിനടിയിലെ ഡാറ്റ കേബിളുകള്‍ നശിപ്പിക്കല്‍ എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു മെര്‍സിന്റെ വിമര്‍ശനം. ഈ നീക്കങ്ങളെല്ലാം റഷ്യന്‍ ഭരണകൂടത്തിന്റെയും അവരുടെ സഹായികളുമാണ് നടത്തുന്നതെന്നാണ് മെര്‍സ് ആരോപിച്ചത്.

Content Highlight: Germany detains Ukrainian citizens accused of planning parcel bombings for Russia

We use cookies to give you the best possible experience. Learn more