| Friday, 23rd October 2026, 10:53 am

ജെന്‍സീ പ്രതിഷേധം ജര്‍മനിയിലേക്കും; പിന്തുണയുമായി ദി ലെഫ്റ്റ് പാര്‍ട്ടി

റെന്വര്‍ പി

ബെര്‍ലിന്‍: ഫ്രാന്‍സിലെ പോലെ ജര്‍മനിയിലും വിവിധ നഗരങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി യുവജന-വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍. ജെന്‍ സീ റെഗെല്‍റ്റ് (ജെന്‍ സീ ഗോട്ട് ഇറ്റ്) എന്ന യുവജന കൂട്ടായ്മയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഈ മാസം 31ന് ബെര്‍ലിന്‍, കൊളോണ്‍, ഹാംബര്‍ഗ്, മ്യൂണിക് എന്നിവയുള്‍പ്പെടെ 21 നഗരങ്ങളില്‍ വലിയ പ്രതിഷേധ പരിപാടികള്‍ക്ക് സംഘടന ആഹ്വാനം ചെയ്തതായി ഡോയ്ചവെല്ലെ (ഡി.ഡബ്ല്യു) റിപ്പോര്‍ട്ട് ചെയ്തു.

ജെന്‍ സീ റെഗെല്‍റ്റിനൊപ്പം ജെന്‍ സീ സ്റ്റീറ്റ് ഔഫ്’ (ജെന്‍ സീ വേക്കിങ് അപ്പ്) എന്ന പ്രസ്ഥാനവും ഈ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അനഡോളു റിപ്പോര്‍ട്ട് ചെയ്തു. ഈ രണ്ട് പ്രസ്ഥാനങ്ങളും പ്രതിഷേധങ്ങള്‍ക്ക് പിന്തുണ തേടി ഓണ്‍ലൈന്‍ പ്രചാരണങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

തകര്‍ന്നടിഞ്ഞ സ്‌കൂള്‍ സംവിധാനങ്ങള്‍, സാമ്പത്തിക നിയന്ത്രണങ്ങള്‍, വര്‍ധിച്ച ജീവിതച്ചെലവ്, സാമൂഹികമായ അനീതി, നിര്‍ബന്ധിത സൈനിക സേവനം, കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്കെതിരെയാണ് പ്രതിഷേധം. ഈ പ്രതിഷേധങ്ങളില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡി.ഡബ്ല്യുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പരിസ്ഥിതി സംരക്ഷണം ശക്തമാക്കുക എന്ന ആവശ്യവും ഈ സംഘടനകള്‍ ഉന്നയിക്കുന്നു. ഇന്ത്യയിലെ കോക്രോച്ച് ജനതാ പാര്‍ട്ടിയെ പോലെ അഹിംസാ മാര്‍ഗത്തില്‍ പ്രതിഷേധിക്കണമെന്ന നിലപാടാണ് ഈ സംഘടനകളും മുന്നോട്ട് വെക്കുന്നത്.

രാജ്യത്തെ പ്രതിഷേധങ്ങള്‍ അക്രമാസക്തമാകില്ലെന്ന് ജെന്‍ സീ റെഗെല്‍റ്റ് അവരുടെ വെബ്‌സൈറ്റില്‍ പറഞ്ഞു. ആളുകള്‍ക്ക് നേരെയോ സ്വത്തുക്കള്‍ക്ക് നേരെയോ ഉള്ള എല്ലാത്തരം അക്രമങ്ങളെയും തങ്ങള്‍ എതിര്‍ക്കുന്നുവെന്ന് വെബ്സൈറ്റില്‍ വ്യക്തമായി പറയുന്നു.

പ്രതിഷേധവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരുന്നതായി പൊലീസ് അറിയിച്ചു. ജനങ്ങള്‍ക്ക് ഒത്തുചേരാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള അവകാശം സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അതേസമയം ജാഗ്രതയോടെയും എന്നാല്‍ ശാന്തമായും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. പ്രതിഷേധങ്ങള്‍ തീവ്ര ഇടതുപക്ഷവാദികള്‍ ഹൈജാക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു.

അതേസമയം,അക്രമങ്ങളെയും അക്രമികളെയും പോലീസ് കര്‍ശനമായി നേരിടുമെന്ന് ജര്‍മ്മന്‍ ഫെഡറല്‍ പോലീസിലെ യൂണിയന്‍ തലവനായ ആന്‍ഡ്രിയാസ് റോസ്‌കോഫ് പറഞ്ഞതായി ഡി.ഡബ്ല്യു റിപ്പോര്‍ട്ട് ചെയ്തു. ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടായാല്‍ സംസ്ഥാന പോലീസും ഫെഡറല്‍ പോലീസും ചേര്‍ന്ന് ശക്തവും നിര്‍ണ്ണായകവുമായ നടപടി സ്വീകരിക്കും എന്നും റോസ്‌കോഫ് പറഞ്ഞു. പ്രക്ഷോഭകാരികള്‍ക്കിടയില്‍ നുഴഞ്ഞുകയറുന്ന തീവ്രവാദികള്‍ പൊലീസിനെ ആക്രമിക്കാനോ അല്ലെങ്കില്‍ വെറുതെ നാശനഷ്ടങ്ങള്‍ വരുത്താനോ സാധ്യതയുണ്ടെന്നും റോസ്‌കോഫ് പറയുന്നു.

പ്രതിഷേധത്തിന് പ്രതിപക്ഷ പാര്‍ട്ടിയായ ദി ലെഫ്റ്റ് പിന്തുണ പ്രഖ്യാപിച്ചതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അനഡോളു റിപ്പോര്‍ട്ട് ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ഫണ്ടും നിക്ഷേപവും അനുവദിക്കണമെന്നും, സ്‌കൂളുകളില്‍ മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ഉറപ്പാക്കണമെന്നുമുള്ള ആവശ്യങ്ങളുന്നയിച്ചുള്ള പ്രതിഷേധത്തിന് ഫെഡറല്‍ സ്റ്റുഡന്റ് കോണ്‍ഫറന്‍സ് എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ പിന്തുണ ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ടെന്നും ഫെഡറല്‍ സ്റ്റുഡന്റ് കോണ്‍ഫറന്‍സ് വക്താവായ ഇസബെല്‍ റൈനിഷെ പോസ്റ്റ് എന്ന ദിനപത്രത്തോട് പറഞ്ഞു. പ്രതിഷേധത്തിന് അവര്‍ക്ക് മതിയായ കാരണങ്ങളുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഫ്രാന്‍സിലും ഇറ്റലിയിലും നടന്ന പ്രതിഷേധങ്ങളില്‍ ഉയര്‍ന്നുവന്ന പല ആവശ്യങ്ങളും ഫെഡറല്‍ സ്റ്റുഡന്റ് കോണ്‍ഫറന്‍സിനും ഉണ്ടെന്ന് സെല്‍റ്റന്റീക്ക് പറഞ്ഞു.

‘സ്‌കൂളുകളില്‍ മെച്ചപ്പെട്ട സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുക, മതിയായ എണ്ണം അധ്യാപകരെ നിയമിക്കുക, ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുക, പഠന സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, സാമൂഹിക പശ്ചാത്തലം പരിഗണിക്കാതെ എല്ലാ യുവാക്കള്‍ക്കും തുല്യ അവസരങ്ങള്‍ നല്‍കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവരിക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു,’ അവര്‍ വ്യക്തമാക്കി.

ഇത്തരം പ്രതിഷേധങ്ങളെ വിവിധ രാഷ്ട്രീയ ഗ്രൂപ്പുകള്‍ മുതലെടുക്കാന്‍ സാധ്യതയുണ്ടെന്നും സെല്‍റ്റന്റീക്ക് പറഞ്ഞു. ഫ്രാന്‍സിലെയും ഇറ്റലിയിലെയും സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവര്‍ ഈ കാര്യം പറഞ്ഞത്.

Content Highlight: German student initiatives Gen Z steht auf and Gen Z regelt calls for nationwide protests; The Left Supports

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more