ഫുട്‌ബോള്‍ ലോകത്തെ മികച്ച താരം ആരാണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മുന്‍ ജര്‍മന്‍ താരം തോമസ് മുള്ളര്‍. ഈ ചോദ്യം എന്നോട് ഒരുപാട് തവണ ചോദിച്ചിട്ടുണ്ടെന്നും തന്റെ കരിയറിലെ ആദ്യ പത്ത് വര്‍ഷത്തോളം ഞാന്‍ ക്രിസ്റ്റ്യാനോയ്‌ക്കൊപ്പമായിരുന്നെങ്കിലും എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരം മെസിയാണെന്ന് അദ്ദേഹം പറഞ്ഞു. ഒച്ചോസിന്‍ഗോയില്‍ ലേറ്റ് റണ്‍ എന്ന അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുള്ളര്‍.
‘ഈ ചോദ്യം എന്നോട് ഒരുപാട് തവണ ചോദിച്ചിട്ടുണ്ട്. എന്റെ കരിയറിലെ ആദ്യ പത്ത് വര്‍ഷത്തോളം ഞാന്‍ ക്രിസ്റ്റ്യാനോയ്‌ക്കൊപ്പമായിരുന്നു. എന്നാല്‍ കാര്യങ്ങളെല്ലാം, അതിലും വലിയ ചിത്രം നോക്കുമ്പോള്‍, എനിക്ക് പറയേണ്ടിവരുന്നത് എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരം മെസിയാണെന്നാണ്.
ലയണല്‍ മെസി
ഏറ്റവും മികച്ച ഗോള്‍സ്‌കോറര്‍ എന്ന നിലയിലോ, ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ താരം എന്ന നിലയിലോ അല്ല ഞാന്‍ പറയുന്നത്. 2022ലെ ലോകകപ്പില്‍ അദ്ദേഹം നേടിയതും ഇപ്പോള്‍ അദ്ദേഹം ചെയ്യുന്നതുമെല്ലാം കണക്കിലെടുക്കുമ്പോള്‍, അദ്ദേഹം വലിയൊരു വിജയം സ്വന്തമാക്കിക്കഴിഞ്ഞു.
എന്നാല്‍ അതിനും മുമ്പ് തന്നെ, അദ്ദേഹം ഫുട്‌ബോള്‍ കളിക്കുന്നത് കാണുന്നതിലുള്ള സന്തോഷം തന്നെയാണ് പ്രധാനപ്പെട്ടത്. അത് വെറുമൊരു ഷോ മാത്രമല്ല, ഒരു വര്‍ഷം മാത്രം നീണ്ടുനിന്ന് അവസാനിക്കുന്ന ഒന്നുമല്ല. ഏകദേശം രണ്ട് പതിറ്റാണ്ടോളമായി അത് തുടരുകയാണ്. കണക്കുകളും അദ്ദേഹം നല്‍കുന്ന സന്തോഷവും എല്ലാം പരിഗണിക്കുമ്പോഴാണ് ഞാന്‍ പറയുന്നത് ലയണല്‍ മെസിയാണ് എക്കാലത്തെയും മികച്ച താരം,’ മുള്ളര്‍ പറഞ്ഞു.
അടുത്തിടെയാണ് ഫുട്‌ബോള്‍ പ്രേമികളെ നിരാശയിലാക്കി മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ തന്റെ ആരാധകര്‍ക്ക് വേണ്ടി ഒക്ടോബര്‍ ആറിന് അര്‍ജന്റീനക്കൊപ്പമുള്ള വിടവാങ്ങല്‍ മത്സരത്തിന് ഒരുങ്ങുകയാണ് മെസി. ബെനിനെതിരെയായിരിക്കും മെസി അവസാനമായി നീല ജേഴ്‌സി അണിയുക. 2028 കോപ്പ അമേരിക്കയില്‍ കൂടി മെസി അര്‍ജന്റീനക്ക് വേണ്ടി ബൂട്ട് കെട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു മെസിയുടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ലയണൽ മെസി. Photo: Sudanalytics/x.com
2026 ഫിഫ ലോകകപ്പില്‍ മെസിയുടെ മികവില്‍ ഫൈനല്‍ വരെ മുന്നേറാന്‍ അര്‍ജന്റീനക്ക് സാധിച്ചിരുന്നു. എന്നാല്‍ കലാശപ്പോരാട്ടത്തില്‍ സ്‌പെയ്‌നിനോട് പരാജയപ്പെട്ട് അര്‍ജന്റീനക്ക് കിരീടം നഷ്ടമാവുകയായിരുന്നു. ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സി സ്റ്റേഡിയത്തില്‍ നടന്ന കലാശ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീനയെ വീഴ്ത്തിയാണ് സ്പെയ്ന്‍ ചാമ്പ്യന്മാരായത്.
ലോകകപ്പില്‍ മിന്നും പ്രകടനം നടത്തി ആരാധകരുടെ ഹൃദയം കീഴടക്കിയാണ് മെസി മടങ്ങിയത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി തിളങ്ങിയത്. ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളാണ് മെസി നേടിയത്. ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഗോള്‍ വേട്ടക്കാരനും അര്‍ജന്റൈന്‍ ഇതിഹാസമാണ്.
Content Highlight: German Player Thomas Mullar Says Lionel Messi Is The Best Football Player In The World