| Saturday, 29th August 2026, 10:44 pm

ഇസ്രഈലി സ്ഥാപനവും വോക്‌സ്‌വാഗണും തമ്മിലെ സഹകരണം; കരാറിനെതിരെ ജര്‍മനിയില്‍ ഇടത് പാര്‍ട്ടികളുടെ പ്രതിഷേധം

റെന്വര്‍ പി

ബെര്‍ലിന്‍: ഇസ്രയേല്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള പ്രതിരോധ സ്ഥാപനവുമായി സഹകരിക്കാനുള്ള വോക്‌സ്‌വാഗന്റെ നീക്കത്തിനെതിരെ ജര്‍മനിയില്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം. ഇസ്രഈല്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള റഫാല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റവുമായാണ് വോക്‌സ്‌വാഗണ്‍ സഹകരിക്കാനൊരുങ്ങുന്നത്.

വോക്‌സ്‌വാഗന്റെ ഓസ്‌നാബ്രൂക്ക് പ്ലാന്റ് പ്രതിരോധ ഉപകരണ നിര്‍മാണത്തിനായി ഉപയോഗിക്കാനും ഇതിനായി റഫാലുമായി സഹകരിക്കാനുമാണ് നീക്കം. ഇതിനെതിരെ ജര്‍മനിയിലെ ഇടത് പാര്‍ട്ടികളില്‍നിന്ന് കടുത്ത വിമര്‍ശനം ഉയരുന്നതായി അനഡോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഓസ്‌നാബ്രൂക്കില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് മേയര്‍ സ്ഥാനാര്‍ത്ഥിയായ തോമസ് ഗ്രോസ് അടക്കമുള്ളവര്‍ വോക്‌സ് വാഗന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം അറിയിച്ചു. ആയിരക്കണക്കിന് തൊഴിലാളികളെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും കമ്പനി മാനേജ്‌മെന്റ് അവരെ ഇരുട്ടില്‍ നിര്‍ത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കമ്പനി മാനേജ് മെന്റിനെ അദ്ദേഹം ശക്തമായി വിമര്‍ശിക്കുന്നതായും അനഡോലു റിപ്പോര്‍ട്ട് ചെയ്തു.

‘സമാധാന നഗരം’ എന്ന ഓസ്‌നാബ്രൂക്കിന്റെ പാരമ്പര്യവുമായി ഒത്തുപോകുന്നതല്ല ഇസ്രഈലി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു സംരംഭവുമായി സഹകരിക്കുന്നതെന്ന് അനഡോലുവിന് നല്‍കിയ പ്രസ്താവനയില്‍ ഗ്രോസ് പറഞ്ഞു. ആധുനിക അന്താരാഷ്ട്ര നിയമത്തിന്റെ അടിത്തറ പാകാന്‍ സഹായിച്ച 1648 ലെ വെസ്റ്റ്ഫാലിയ സമാധാന ഉടമ്പടിയുടെ പൈതൃകമുള്ള നഗരമാണ് ഓസ്‌നാബ്രൂക്കെന്നും അദ്ദേഹം പറഞ്ഞു.

ഗസയിലെ നിരവധി യുദ്ധക്കുറ്റകൃത്യങ്ങള്‍ക്ക് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ ഉത്തരവാദിയാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ അവ വംശഹത്യയ്ക്ക് തുല്യമാണെന്ന് വ്യക്തമാക്കിയതാണെന്നും തോമസ് ഗ്രോസ് ചൂണ്ടിക്കാട്ടി. ഓസ്‌നാബ്രൂക്കിലെ സിവിലിയന്‍ ഉല്‍പ്പാദനം ഒരു പ്രതിരോധ കേന്ദ്രമാക്കി മാറ്റാതെ സംരക്ഷിക്കാനുള്ള പ്രായോഗിക സാധ്യതകള്‍ നിലവിലുണ്ടെന്നും ഗ്രോസ് പറഞ്ഞു.

ഗ്രാമീണ മേഖലകളിലെ പൊതുഗതാഗതത്തിന് അടിയന്തിരമായി ആവശ്യമുള്ള മിനിബസുകള്‍ പ്ലാന്റില്‍ നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശത്തെ ഇടതുപക്ഷ പാര്‍ട്ടി പിന്തുണയ്ക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സൈനിക ഉപകരണങ്ങള്‍ക്കായി കോടിക്കണക്കിന് രൂപ നിക്ഷേപിക്കുന്നതിനേക്കാള്‍ കാലാവസ്ഥാ സംരക്ഷണം മെച്ചപ്പെടുത്തേണ്ടത് പോലുള്ള അടിയന്തര വിഷയങ്ങള്‍ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വോക്‌സ്‌വാഗണും ജര്‍മന്‍ സംസ്ഥാനമായ സാക്‌സണിയും റഫേലും ഒരു സൈനിക ഉപകരണ നിര്‍മാണ കേന്ദ്രത്തിനായി കരാറിലേക്ക് അടുക്കുകയാണെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഈ വിഷയത്തില്‍ ഇടത് പാര്‍ട്ടികള്‍ പ്രതികരണം അറിയിച്ചത്.

വോക്‌സ്‌വാഗണ്‍ പ്ലാന്റ് ഭാഗികമായി സാക്‌സണി സംസ്ഥാനത്തിന് കൈമാറുന്ന തരത്തിലാണ് കരാറെന്നാണ് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് റഫേലുമായി ചേര്‍ന്ന് സംയുക്ത സംരംഭം ആരംഭിക്കാനാണ് പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വോക്‌സ് വാഗന്റെ മൂന്നാമത്തെ വലിയ ഓഹരി ഉടമകളായ ഖത്തര്‍ സോവറിന്‍ വെല്‍ത്ത് ഫണ്ട് ജൂലൈയില്‍ ഇത്തരത്തിലുള്ള ഒരു കരാറിനുള്ള നീക്കത്തെ വീറ്റോ ചെയ്തിരുന്നു. ഖത്തര്‍ അശങ്കകളുന്നയിച്ചതിനെത്തുടര്‍ന്ന് വോക്‌സ്‌വാഗണും റഫാലുമായുള്ള നേരിട്ടുള്ള കരാര്‍ ഒഴിവാക്കി ഇപ്പോഴത്തെ രീതിയില്‍ പരിഷ്‌കരിക്കുകയായിരുന്നെന്നും അനഡോലു റിപ്പോര്‍ട്ട് ചെയ്തു.

ഈ വിഷയവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ നാലിന് വോക്സ്വാഗന്റെ സൂപ്പര്‍വൈസറി ബോര്‍ഡ് യോഗം ചേരുന്നുണ്ട്. അന്നാണ് കരാര്‍ സംബന്ധിച്ച തീരുമാനമുണ്ടാവുകയെന്നാണ് വിവരം. ലോവര്‍ സാക്സണിക്ക് കുറഞ്ഞത് 200 മില്യണ്‍ യൂറോ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ കഴിയുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഓസ്‌നാബ്രൂക്ക് പ്ലാന്റില്‍ നിന്നുള്ള കാര്‍ ഉല്‍പാദനം 2027 ന് അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് വോക്‌സ് വാഗണ്‍. ഈ പശ്ചാത്തലത്തിലാണ് പ്രതിരോധ ഉല്‍പന്ന നിര്‍മാണ പ്ലാന്റ് പദ്ധതിയിലേക്ക് കമ്പനി നീങ്ങിയത്. പ്ലാന്റുമായി ബന്ധപ്പെട്ട് നിരവധി പ്രതിരോധ കരാറുകാരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് വോക്‌സ്വാഗണ്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആയുധ നിര്‍മാണത്തിനല്ല, സൈനിക വാഹന നിര്‍മാണത്തിനായിരിക്കും പ്രതിരോധ കരാറുകളെന്നും കമ്പനി പറഞ്ഞിരുന്നു.

Content Highlight: German Left Party opposes Volkswagen’s planned defence deal with Israeli firm

 

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more