ഓണം ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ആശംസകളുമായി ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്. ഓണത്തിന്റെ ഭാഗമായി ആശംസകള്‍ അറിയിച്ചുകൊണ്ട് ബയേണ്‍ മ്യൂണിക്കിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ തരംഗമായത്.
ജര്‍മനിയുടെ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ എന്നിവര്‍ അടക്കമുള്ള നാല് താരങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് മലയാളികളുടെ ഓണാഘോഷത്തില്‍ ബയേണ്‍ മ്യൂണികും പങ്കുചേര്‍ന്നത്.
ജര്‍മന്‍ വമ്പന്മാരുടെ ആശംസകള്‍ എത്തിയതിന് പിന്നാലെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ പിടിച്ചു പറ്റി. കമന്റ് ബോക്‌സുകളിലെല്ലാം മലയാളികളുടെ ഫുട്‌ബോള്‍ ആവേശം നിറഞ്ഞുനിന്നു. മലയാളികളുടെ മാത്രം ആഘോഷമായ ഓണം അങ്ങ് അലയന്‍സ് അരീനയിലും എത്തിയെന്നാണ് പല ആരാധകരും ആവേശത്തോടെ പങ്കുവെച്ചത്.
അതേസമയം പുതിയ സീസണിനായുള്ള ഒരുക്കത്തിലാണ് ബയേണ്‍ മ്യൂണിക്. ഓഗസ്റ്റ് 29നാണ് ബുണ്ടസ്ലീഗ സീസണിന് തുടക്കം കുറിക്കുന്നത്. സീസണിലെ ആദ്യ മത്സരത്തില്‍ സ്റ്റുഡ്ഗാര്‍ഡിനെയാണ് ബയേണ്‍ നേരിടുക.
പുതിയ സീസണ്‍ തുടങ്ങുന്നതിന്റെ മുന്നോടിയായി നടന്ന ഈ സീസണിലെ ജര്‍മന്‍ കപ്പ് ബയേണ്‍ മ്യൂണിക് സ്വന്തമാക്കിയിരുന്നു. ബൊറൂസിയ ഡോര്‍ട്മുണ്ടിനെ തകര്‍ത്തുകൊണ്ടായിരുന്നു ബയേണിന്റെ കിരീട നേട്ടം. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബയേണിന്റെ വിജയം.
പ്രീ സീസണിലും ബയേണ്‍ വമ്പന്‍ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായി വിജയം ജര്‍മന്‍ അമേച്ചര്‍ ക്ലബ്ബായ റോട്ടാച്ച് എഗെര്‍ണ്‍ എഫ്. സിക്കെതിരെയുള്ള വിജയമായിരുന്നു.
എതിരില്ലാത്ത 15 ഗോളുകള്‍ക്കായിരുന്നു ബയേണ്‍ മ്യൂണിക്കിന്റെ വിജയം. ഇതേ ടീമിനെതിരെയുള്ള കഴിഞ്ഞ നാല് സീസണുകളിലും പ്രീ സീസണ്‍ പോരാട്ടങ്ങളിലും വമ്പന്‍ വിജയമായിരുന്നു ബയേണ്‍ സ്വന്തമാക്കിയിരുന്നത്.
2018ലാണ് ബയേണ്‍ മ്യൂണിക് റോട്ടാച്ച് എഗെര്‍ണിനെതിരെ ആദ്യമായി പ്രീ സീസണ്‍ മത്സരം കളിക്കുന്നത്. അന്ന് 20-2 എന്ന കൂറ്റന്‍ സ്‌കോറിനായിരുന്നു ജര്‍മന്‍ വമ്പന്‍മാരുടെ വിജയം. പിന്നീട് 2023ല്‍ എതിരില്ലാത്ത 27 ഗോളുകള്‍ക്കും ബയേണ്‍ എതിരാളികളെ തരിപ്പണമാക്കി.
തൊട്ടടുത്ത വര്‍ഷം നടന്ന സൗഹൃദ മത്സരത്തില്‍ ഒന്നിനെതിരെ 14 ഗോളുകള്‍ക്കായിരുന്നു ബവേറിയന്‍സിന്റെ വിജയം. ഇപ്പോള്‍ രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഇതേ ടീമിന്റെ പോസ്റ്റിലേക്ക് 15 ഗോളുകള്‍ അടിച്ചുകയറ്റിയിരിക്കുകയാണ് ബയേണ്‍.
റോട്ടാച്ച് എഗെര്‍ണിനെതിരെ കഴിഞ്ഞ നാല് മത്സരങ്ങളില്‍ നിന്നും 76 ഗോളുകളാണ് ബയേണ്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത്. മൂന്ന് തവണ മാത്രമാണ് ബയേണ്‍ ഈ മത്സരങ്ങളില്‍ ഗോള്‍ വഴങ്ങിയിട്ടുള്ളത്.
Content Highlight: German club Bayern Munich extends its best wishes to Malayalis around the world celebrating Onam