| Saturday, 7th June 2025, 1:55 pm

'ചിന്താക്കുഴപ്പങ്ങളൊന്നുമില്ല, അമ്മ വസ്ത്രം ധരിച്ചാല്‍ ചില മക്കള്‍ക്ക് ഇഷ്ടപ്പെടും ഇഷ്ടപ്പെടാതിരിക്കും അത്രയേ ഉള്ളൂ'; ഭാരതാംബ വിവാദത്തില്‍ ജോര്‍ജ് കുര്യന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലമ്പൂര്‍: ഭാരതാംബ വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍. ഒരമ്മ വസ്ത്രം ധരിച്ചാല്‍ ചില മക്കള്‍ക്ക് ഇഷ്ടപ്പെടുകയും ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നത് പോലെയാണ് സംഭവിച്ചതെന്നും പ്രശ്‌നങ്ങളൊന്നുമില്ലെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

എല്ലാവരും ഭാരതാംബയെ അംഗീകരിക്കുന്നുണ്ടെന്നും ചിന്താക്കുഴപ്പമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മ പരമ്പരാഗത വസ്ത്രം ധരിക്കണോ ആധുനിക വസ്ത്രം ധരിക്കണോ എന്നത് അംഗീകരിക്കാനുള്ള അവകാശം മക്കളെ സംബന്ധിച്ചിടത്തോളമുണ്ടെന്നും അതിനനുസരിച്ച് തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവാദം അനാവശ്യമാണോ എന്ന ചോദ്യത്തിന് നിങ്ങള്‍ പറഞ്ഞു കഴിഞ്ഞുവെന്നും മാധ്യമപ്രവര്‍ത്തകനോട് പ്രതികരിച്ച മന്ത്രി അമ്മയെ കുറിച്ച് പറയുമ്പോള്‍ ഹര്‍ട്ട് ചെയ്യുമെന്നും പറഞ്ഞു.

കഴിഞ്ഞ ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് വിവാദം ആരംഭിച്ചത്. അന്ന് രാവിലെയാണ് രാജ് ഭവന്‍ കൃഷിവകുപ്പിനെ ചടങ്ങുമായി ബന്ധപ്പെട്ട് തിരി തെളിക്കലും പുഷ്പാര്‍ച്ചനയും വേണമെന്ന് അറിയിച്ചത്. പിന്നാലെ ഒരു കാരണവശാലും സര്‍ക്കാര്‍ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെക്കാന്‍ കഴിയില്ലെന്ന് കൃഷി മന്ത്രിയുടെ ഓഫീസ് മറുപടി നല്‍കുകയായിരുന്നു.

രാജ് ഭവനിലെ പരിസ്ഥിതി ദിന പരിപാടി റദ്ദാക്കിയ കൃഷി വകുപ്പിന്റെ നിലപാടിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. പരിപാടിയുടെ വിശദാംശങ്ങള്‍ കൃഷിമന്ത്രി പി. പ്രസാദ് മുഖ്യമന്ത്രിയെ അറിയിച്ചതിന് പിന്നാലെയായിരുന്നു പിന്തുണച്ചത്. വിഷയത്തില്‍ സി.പി.ഐയും സി.പി.ഐ.എമ്മും നിലപാട് വ്യക്തമാക്കിയിരുന്നു. മന്ത്രിയെ പിന്തുണച്ചായിരുന്നു സംഘടനകള്‍ നിലപാട് സ്വീകരിച്ചത്.

Content Highlight: George Kurien in the Bharatamba controversy

We use cookies to give you the best possible experience. Learn more