| Friday, 5th June 2026, 6:10 pm

ഹഴ്സ്റ്റ്, എംബാപ്പെ.... ലോകകപ്പ് ചരിത്രത്തില്‍ ഇങ്ങനെ രണ്ടേ രണ്ട് പേര്‍ മാത്രം!

ഫസീഹ പി.സി.

ഫുട്‌ബോളില്‍ ഹാട്രിക്കിന് പ്രത്യേക സ്ഥാനമുണ്ട്. ഒരു മത്സരത്തില്‍ മൂന്ന് തവണ എതിരാളികളുടെ വല കുലുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നതാണ് ഇതിന് കാരണം. ഇങ്ങനെയുള്ള ഹാട്രിക്ക് നേട്ടം വിശ്വവേദിയായ ലോകകപ്പിലാകുമ്പോള്‍ അതിന്റെ മൊഞ്ച് പതിന്മടങ്ങ് കൂടുമെന്നുറപ്പ്. അത് ലോകകപ്പിന്റെ ഫൈനലില്‍ തന്നെയായാലോ? അതിന്റെ സന്തോഷത്തിനും ആരവങ്ങളും ഒട്ടും അതിരുണ്ടാവില്ല.

ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആരെങ്കിലും കലാശപ്പോരില്‍ ഹാട്രിക് നേടിയിട്ടുണ്ടോ? തീര്‍ച്ചയായും, പക്ഷേ, വെറും രണ്ടേ രണ്ട് പേര്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചവര്‍. ഇംഗ്ലണ്ട് മുന്‍ ഫുട്‌ബോളര്‍ ജെഫ് ഹഴ്സ്റ്റും ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയുമാണിത്.

ജെഫ് ഹഴ്സ്റ്റ്. Photo: thesefootballtimes.co

ഹഴ്സ്റ്റാണ് ലോകകപ്പ് ഫൈനലില്‍ ആദ്യമായി ഹാട്രിക് നേടിയത്. 1966 ഇംഗ്ലണ്ട് ലോകകപ്പിലായിരുന്നു ഇത്. ഫൈനലില്‍ വെസ്റ്റ് ജര്‍മനിക്കെതിരെയായിരുന്നു താരത്തിന്റെ ചരിത്ര നേട്ടം. എക്‌സ്ട്രാ ടൈമിന്റെ അവസാന മിനിറ്റില്‍ ഹാട്രിക് പൂര്‍ത്തിയാക്കിയത് ചരിത്രപ്രസിദ്ധമാണ്. താരത്തിന്റെ കരുത്തില്‍ ഇംഗ്ലണ്ട് തങ്ങളുടെ ഏക ലോകകപ്പും ഉയര്‍ത്തി.

56 വര്‍ഷങ്ങള്‍ക്ക് ശേഷം എംബാപ്പെയാണ് പിന്നീട് ഈ നേട്ടം ആവര്‍ത്തിച്ചത്. 2022 ഫൈനലില്‍ അര്‍ജന്റീനക്കെതിരെയുള്ള ലോകകപ്പിലായിരുന്നു ഫ്രഞ്ച് സ്‌ട്രൈക്കറുടെ ട്രെബിള്‍. ഹാട്രിക് നേടിയെങ്കിലും ഫ്രാന്‍സിന് നീലപ്പടക്ക് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു.

കിലിയന്‍ എംബാപ്പെ

1950-ലെ ലോകകപ്പില്‍ ബ്രസീലിന്റെ അഡെമിര്‍ നാല് ഗോളുകള്‍ നേടിയിരുന്നു. സ്വീഡനെതിരായ അവസാന ഗ്രൂപ്പ് റൗണ്ട് മത്സരത്തിലായിരുന്നു ഇത്. എന്നാല്‍, ആ വര്‍ഷത്തെ ലോകകപ്പ് ഫൈനലായി പൊതുവെ കണക്കാക്കപ്പെടുന്നത് ഉറുഗ്വേ – ബ്രസീല്‍ മത്സരമാണ്.

അതേസമയം, 2026 ഫിഫ ലോകകപ്പിന് ജൂണ്‍ 11 മുതലാണ് അരങ്ങുണരുന്നത്. ജൂലൈ 19 വരെയാണ് ടൂര്‍ണമെന്റ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 48 രാജ്യങ്ങളാണ് കിരീടമെന്ന ഒറ്റ ലക്ഷ്യത്തില്‍ ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടുന്നത്. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്.

Content Highlight: Geoff Hurst and Kylian Mbappe are the only players to score hat trick in FIFA World Cup finals

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more