| Monday, 22nd September 2025, 9:40 pm

ഗസയിലെ വംശഹത്യ; ഇസ്രഈലിനെ വിലക്കാന്‍ ഒരുങ്ങി യുവേഫ; ലോകകപ്പും യൂറോപ്പ ലീഗും കളിക്കാനാകില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിയോണ്‍: ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രഈലിനെ എല്ലാ ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്നും വിലക്കാന്‍ തയ്യാറെടുത്ത് യുവേഫ. അടുത്തയാഴ്ച യുവേഫ എക്‌സിക്യൂട്ടീവ് നടത്തുന്ന വോട്ടെടുപ്പില്‍ ഇസ്രഈലിന്റെ വിധി നിര്‍ണയിക്കപ്പെടും. അന്താരാഷ്ട്ര ഫുട്‌ബോള്‍ വേദികളിലടക്കം ഇസ്രഈലിന്റെ വംശഹത്യയ്ക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

ഇസ്രഈലിനെ പുറത്താക്കാനായി യൂറോപ്യന്‍ ഫുട്‌ബോളിനെ നിയന്ത്രിക്കുന്ന യുവേഫയ്ക്ക് മേല്‍ സമ്മര്‍ദമേറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇസ്രഈലിനെ പുറത്താക്കാനുള്ള നടപടികള്‍ കൈക്കൊണ്ടേക്കും. 20 അംഗ എക്‌സ്‌ക്യൂട്ടീവാണ് വോട്ടിനിട്ട് തീരുമാനമെടുക്കുക.

ഫലസ്തീന് നേരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പുറമെ ഖത്തറിന് നേരെ നടത്തിയ ആക്രമണവുമാണ് ഇസ്രഈലിന് തിരിച്ചടിയായിരിക്കുന്നത്. ഇസ്രഈലിന് എതിരെ നടപടിയെടുക്കാന്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ഏറ്റവും വലിയ പങ്കാളികളില്‍ ഒന്നായ ഖത്തര്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വോട്ട് ചെയ്യാന്‍ അധികാരമുള്ള 20 അംഗ രാജ്യങ്ങളില്‍ രണ്ടോ മൂന്നോ രാജ്യങ്ങളൊഴിച്ച് ആരും തന്നെ ഇസ്രഈലിന് അനുകൂലമായി വോട്ട് ചെയ്യാന്‍ സാധ്യതയില്ല. ജര്‍മ്മനി, ഹംഗറി തുടങ്ങിയ ചുരുക്കം രാജ്യങ്ങള്‍ ഇസ്രഈലിനെ പിന്തുണയ്ക്കുമെന്ന് ഇസ്രഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭൂരിപക്ഷം എതിര്‍പ്പ് രേഖപ്പെടുത്തുന്നതിനാല്‍ തന്നെ ഇസ്രഈലിന് വിലക്ക് നേരിടേണ്ടി വരുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.

അതേസമയം, ഈ റിപ്പോര്‍ട്ടുകളില്‍ വിശ്വാസമില്ലെന്ന് അറിയിച്ച് ഇസ്രഈല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ യുവേഫയില്‍ നടക്കാനിരിക്കുന്ന വോട്ടെടുപ്പ് തടയാനായി കായിക, നയതന്ത്ര മേഖലകളിലെ സഖ്യകക്ഷികളുടെ സഹായം തേടിയിരിക്കുകയാണ് ഇസ്രഈല്‍ ഫുട്‌ബോള്‍ അസോസിയേഷനെന്നാണ് ഇസ്രഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കായിക,നയതന്ത്ര മേഖലകളിലെ ഇസ്രഈലുമായി അടുത്തബന്ധമുള്ള രാജ്യങ്ങളെ കയ്യിലെടുക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുകയാണെന്ന് ഒരു ഐ.എഫ്.എ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇസ്രഈലിലെ ഹയോം ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, ഈ റിപ്പോര്‍ട്ടുകള്‍ ഐ.എഫ്.എ തള്ളി. യുവേഫയുടെ എക്‌സിക്യൂട്ടീവ് യോഗം ഡിസംബര്‍ മൂന്നിനാണെന്നാണ് ഔദ്യോഗിക വെബ്‌സൈറ്റില്‍ സൂചിപ്പിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഈ ആഴ്ചയില്‍ യോഗം നടക്കാനോ വോട്ടെടുപ്പ് നടക്കാനോ സാധ്യതയില്ലെന്ന് ഐ.എഫ്.എ വക്താവ് പറഞ്ഞു. ഇസ്രഈലിലെ പ്രധാന കായിക വിനോദമായ ഫുട്‌ബോളിന് നേരെ വിലക്കുകള്‍ ഉണ്ടായാല്‍ അത് രാജ്യത്തിന്റെ കായിക സംസ്‌കാരത്തിന് തന്നെ കനത്ത പ്രഹരമായിരിക്കുമെന്ന് ഐ.എഫ്.എയുടെ കമ്മ്യൂണിക്കേഷന്‍ മേധാവി ഷ്‌ലോമി ബാര്‍സല്‍ പ്രതികരിച്ചു.

ഇസ്രഈലിന്റെ ദേശീയ ഫുട്‌ബോള്‍ ടീം അടുത്തവര്‍ഷം നടക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായി യുവേഫ സംഘടിപ്പിക്കുന്ന യോഗ്യത മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഇസ്രഈലിലെ ക്ലബ് ഫുട്‌ബോള്‍ ടീമായ മക്കാബി ടെല്‍ അവീവ് ഈ സീസണിലെ യൂറോപ്പ ലീഗില്‍ പങ്കെടുക്കാനും യോഗ്യത നേടിയിട്ടുണ്ട്. ബുധനാഴ്ചയാണ് ഗ്രീസിന്റെ പി.എ.ഒ.കെ എഫ്.സിക്ക് എതിരായ ആദ്യമത്സരം. എന്നാല്‍ യുവേഫയുടെ വിലക്ക് നിലവില്‍ വന്നാല്‍ ഇസ്രഈല്‍ ദേശീയ ടീമിനും ക്ലബുകള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.

അതേസമയം, ഉക്രൈനിലെ അധിനിവേശത്തിന്റെ പേരില്‍ റഷ്യക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിലക്ക് നേരിടുകയാണ്. എന്നാല്‍ സമാനമായ യുദ്ധക്കുറ്റം ചെയ്യുന്ന ഇസ്രഈലിന് നേരെ കണ്ണടയ്ക്കുകയാണ് കായിക സംഘടനകള്‍ എന്ന വിമര്‍ശനവും ശക്തമാണ്. ലോകകപ്പ് യോഗ്യത മത്സരത്തിനിടെ ഇസ്രഈലിനെതിരെ പരസ്യ പ്രതിഷേധവുമായി ഇറ്റലിയുടെ ആരാധകര്‍ രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും ഇസ്രഈലിനെ വിലക്കണമെന്ന് ഇറ്റാലിയന്‍ കോച്ചുമാരുടെ കൂട്ടായ്മയും ആവശ്യപ്പെട്ടിരുന്നു.

Content Highlight: Genocide in Gaza; UEFA prepares to ban Israel; World Cup and Europa League cannot be played

We use cookies to give you the best possible experience. Learn more