| Monday, 16th June 2025, 9:09 am

ഫൗളുകളും റെഡ് കാര്‍ഡുകളും മുഖമുദ്രായാക്കിയവന്‍ ഇനി പരിശീലകന്‍; ഇറ്റലിയെ തൊടാന്‍ ഇനി ആരും പേടിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ഇറ്റലിയുടെ എക്കാലത്തെും മികച്ച മധ്യനിര താരങ്ങളില്‍ പ്രധാനിയായ ഗെന്നാരോ ഗട്ടൂസോ ഇനി പരിശീലകന്റെ റോളില്‍. 2026 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ടീമിന്റെ മോശം പ്രകടനം തുടര്‍ക്കഥയായതിന് പിന്നാലെയാണ് ഗട്ടൂസോ അസൂറികളുടെ പരിശീലകന്റെ റോളിലെത്തുന്നത്. ലൂസിയാനോ സ്‌പെലേറ്റിയെ പുറത്താക്കിയാണ് ഇറ്റലി ഗട്ടൂസോയെ പരിശീലകന്റെ കുപ്പായമേല്‍പ്പിക്കുന്നത്.

കഴിഞ്ഞ രണ്ട് ലോകകപ്പിലും യോഗ്യത നേടാന്‍ ഇറ്റലിക്ക് സാധിച്ചിരുന്നില്ല. യൂറോ കപ്പ് ജേതാക്കളായിട്ടും 2022 ലോകകപ്പില്‍ ഇറ്റലിയുണ്ടായിരുന്നില്ല. ഈ ദുര്‍വിധി 2026ലും ആവര്‍ത്തിക്കരുതെന്ന ലക്ഷ്യത്തോടെയാണ് ഗട്ടൂസോയെ പരിശീലകന്റെ ചുമതലയേല്‍പ്പിച്ച് പുതിയ പരീക്ഷണത്തിനൊരുങ്ങുന്നത്.

കളിക്കളത്തില്‍ കണിശക്കാരനും അതിലേറ ‘ചീത്തക്കുട്ടിയുമായിരുന്ന’ ഗട്ടൂസോ പരിശീലകന്റെ റോളിലെത്തുമ്പോള്‍ ആരാധകരുടെ ആവേശവും വാനോളമുയര്‍ന്നിരിക്കുകയാണ്.

ബ്രൂട്ടല്‍ ടാക്കിളുകളും ഹാര്‍ഡ് ഫൗളുകളും ഗ്രൗണ്ടില്‍ റഫറിയുമായുള്ള തര്‍ക്കങ്ങളും റെഡ് കാര്‍ഡുകളും പതിവാക്കിയ ഗട്ടൂസോ കോച്ചായെത്തുമ്പോള്‍ ഇറ്റാലിയന്‍ ടീമിന്റെ സമീപനത്തില്‍ മാറ്റം വരുമോ എന്നത് കണ്ടുതന്നെ അറിയണം. മാല്‍ഡീനിയെക്കൊണ്ട് മാത്രം തളയ്ക്കാന്‍ സാധിച്ചിരുന്ന ഒറ്റക്കൊമ്പന്‍ ഇറ്റലിയെ ഉടച്ചുവാര്‍ക്കുമെന്നുറപ്പാണ്.

ഇറ്റലിക്കൊപ്പം 2006 ലോകകപ്പില്‍ മുത്തമിട്ട ഗട്ടൂസോ എ.സി. മിലാനൊപ്പം ലീഗ് ടൈറ്റിലുകളും ചാമ്പ്യന്‍സ് ലീഗും ക്ലബ്ബ് വേള്‍ഡ് കപ്പും അടക്കമുള്ള കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

അസൂറികളുടെ മധ്യനിരയിലെ കാവലാള്‍ എന്നതിനൊപ്പം തന്നെ പരിശീലകന്റെ റോളിലും ഗട്ടൂസോ തന്റെ കഴിവ് പ്രകടമാക്കിയിട്ടുണ്ട്. ഇറ്റാലിയന്‍ ക്ലബ്ബായ എ.സി. മിലാന്‍, സ്പാനിഷ് ക്ലബ്ബായ വലന്‍സിയ, ഫ്രഞ്ച് ക്ലബ്ബ് മാഴ്‌സെ, ക്രൊയേഷ്യന്‍ ക്ലബ്ബായ ഹജ്ഡുക് സ്പ്ലിറ്റ് തുടങ്ങിയ ക്ലബ്ബുകളെ താരം പരിശീലിപ്പിച്ചിട്ടുണ്ട്. ഇറ്റലിക്ക് ലോകകപ്പിന് യോഗ്യത നേടിക്കൊടുക്കുക എന്നത് തന്നെയായിരിക്കും ഗട്ടൂസോയുടെ ആദ്യ ലക്ഷ്യം.

നാല് തവണ ഫുട്‌ബോള്‍ ലോകത്തിന് നെറുകയിലെത്തിയ ഇറ്റലി ഒരു പതിറ്റാണ്ടിലേറെയായി മോശം പ്രകടനമാണ് പുറത്തെടുക്കുന്നത്. അവസാന രണ്ട് ലോകകപ്പിലും യോഗ്യത നേടാനായില്ല എന്നതും ടീമിന്റെ മോശം പ്രകടനത്തെ അടിവരയിടുന്നതാണ്. ഇതിനിടെ 2020ല്‍ യൂറോ ചാമ്പ്യന്‍മാരായി തിരിച്ചുവരവിന്റെ സൂചന കാട്ടിയെങ്കിലും പിന്നീടെല്ലാം പഴയതുപോലെയായി.

2023ല്‍ ചുമതലയേറ്റ സ്പലേറ്റിക്ക് കീഴിലും ടീമിന് മികവ് കാട്ടാനായില്ല. 24 കളിയില്‍ 12 ജയം മാത്രമാണ് അസൂറികള്‍ നേടിയത്. ആറുവീതം തോല്‍വിയും സമനിലയും. തുടര്‍ച്ചയായ മൂന്നാം തവണയും ലോകകപ്പ് യോഗ്യത തുലാസിലായതോടെയാണ് പരിശീലകനെ അടിയന്തരമായി പുറത്താക്കിയത്.

യോഗ്യതാമത്സരത്തില്‍ നോര്‍വെയോട് മൂന്ന് ഗോളിന് പരാജയപ്പെട്ടത് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.. പിന്നീട് മള്‍ഡോവയെ 2-0ന് തോല്‍പ്പിച്ചെങ്കിലും സ്പലേറ്റിയുടെ സ്ഥാനം തെറിച്ചു.

യൂറോപ്യന്‍ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ഐ-യില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ഇറ്റലി. രണ്ട് കളിയില്‍ മൂന്ന് പോയിന്റാണ്. കളിച്ച നാലിലും ജയിച്ച നോര്‍വെ 12 പോയിന്റോടെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതാണ്. ആറ് പോയിന്റുള്ള ഇസ്രഈലാണ് രണ്ടാമത്.

എസ്റ്റോണിയയും മള്‍ഡോവയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഓരോ ഗ്രൂപ്പിലെയും ജേതാക്കള്‍ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. രണ്ടാം സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫ് കളിച്ചും ലോകകപ്പിലെത്താം.

സെപ്റ്റംബര്‍ അഞ്ചിനാണ് ഗട്ടൂസോക്ക് കീഴില്‍ ഇറ്റലി ആദ്യ മത്സരത്തിനിറങ്ങുന്നത്. എസ്‌റ്റോണിയയാണ് എതിരാളികള്‍.

Content Highlight: Gennaro Gattuso appointed as Italy’s coach

We use cookies to give you the best possible experience. Learn more