ആന്റനനറീവൊ: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് മഡഗാസ്‌കര്‍ പ്രസിഡന്റ് ആന്‍ഡ്രിയ് രജോലിന രാജ്യം വിട്ടു. ഒരു സംഘം സൈനിക ഉദ്യോഗസ്ഥര്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് രജോലിന രാജ്യം വിട്ടത്.
സര്‍ക്കാരിനെതിരെ ജെന്‍ സി പ്രക്ഷോഭം പൊട്ടിപുറപ്പെട്ടതോടെ മഡഗാസ്‌കറിലെ സ്ഥിതിഗതികള്‍ വഷളായി തുടരുകയായിരുന്നു. പ്രക്ഷോഭം രൂക്ഷമായതോടെ ഞായറാഴ്ച രജോലിന രാജ്യം വിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പിന്നാലെ തിങ്കളാഴ്ച ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ താന്‍ സുരക്ഷിതനാണെന്ന് രജോലിന അറിയിച്ചിരുന്നു.
നിലവില്‍ മഡഗാസ്‌കര്‍ പ്രസിഡന്റ് എവിടെയാണെന്നതില്‍ വ്യക്തതയില്ല. അതേസമയം ഫ്രഞ്ച് സൈന്യത്തിന്റെ വിമാനത്തിലാണ് രജോലിന രാജ്യം വിട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
തനിക്ക് നേരെ കൊലപാതകശ്രമം ഉണ്ടായെന്നും ജീവന് ഭീഷണിയുണ്ടെന്നുമാണ് രജോലിനയുടെ ആരോപണം. ഒരു സംഘം സൈനികരും രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് തന്നെ വാദിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് രജോലിന ആരോപിക്കുന്നത്.
എന്നാല്‍ സെപ്റ്റംബര്‍ 25 മുതല്‍ മഡഗാസ്‌കറില്‍ പൊട്ടിപ്പുറപ്പെട്ട ജെന്‍ സി പ്രക്ഷോഭത്തെ കുറിച്ച് പ്രതികരിക്കാന്‍ പ്രസിഡന്റ് ഇതുവരെ തയ്യാറായിട്ടില്ല.
രജോലിനയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് 20 ലധികം പേര്‍ മഡഗാസ്‌കറില്‍ കൊല്ലപ്പെട്ടു. ‘ജനറല്‍ ഇസഡ് മാഡ’ എന്ന് വിശേഷിപ്പിക്കുന്ന പ്രതിഷേധത്തിനാണ് മഡഗാസ്‌കര്‍ സാക്ഷിയായത്.
ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങൾക്ക് ശേഷം ജെന്‍സി പ്രക്ഷോഭത്തില്‍ മഡഗാസ്‌കര്‍ സര്‍ക്കാരും അടിയുലയുകയാണെന്നാണ് നിലവിലെ സാഹചര്യത്തെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Content Highlight: Gen Z protests; Madagascar president leaves the country