| Tuesday, 9th September 2025, 6:44 pm

നേപ്പാളില്‍ ജെന്‍ സി പ്രക്ഷോഭം കനക്കുന്നു; പ്രസിഡന്റും രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാഠ്മണ്ഡു: ജെന്‍ സി പ്രതിഷേധത്തില്‍ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പിന്നാലെ രാജിവെച്ച് നേപ്പാള്‍ പ്രസിഡന്റ് രാം ചന്ദ്ര പൗഡലും.

രാജിവെച്ച പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി രാജ്യം വിട്ടു. സൈന്യത്തിന്റെ പ്രത്യേക ഹെലികോപ്റ്ററിലാണ് ഒലി നേപ്പാള്‍ വിട്ടത്. മന്ത്രിമാര്‍ക്ക് എതിരെ ആക്രമണം നടന്ന സാഹചര്യത്തിലാണ് ശര്‍മ ഒലി രാജ്യം വിടാന്‍ നിര്‍ബന്ധിതനായത്.

നിലവില്‍ സമാധാനപരമായ ചര്‍ച്ചകളിലൂടെ പ്രതിസന്ധി പരിഹരിക്കാമെന്ന് രാജ്യത്തെ സുരക്ഷാ ഏജന്‍സികളുടെ മേധാവികള്‍ സംയുക്തമായി പ്രതിഷേധക്കാരോട് അഭ്യർത്ഥിച്ചിരിക്കുകയാണ്.

നേപ്പാള്‍ സൈനിക മേധാവി അശോക് രാജ് സിഗ്‌ഡേല്‍, നേപ്പാള്‍ ഗവണ്‍മെന്റ് ചീഫ് സെക്രട്ടറി ഏക് നാരായണ്‍ ആര്യാല്‍, ആഭ്യന്തര സെക്രട്ടറി ഗോകര്‍ണ ദവാടി, സായുധ പൊലീസ് സേന മേധാവി രാജു ആര്യാല്‍, ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ചന്ദ്ര കുബേര്‍ ഖപുങ്, ദേശീയ അന്വേഷണ വകുപ്പ് മേധാവി ഹുത് രാജ് താപ്പ എന്നിവര്‍ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയിലാണ് അഭ്യര്‍ത്ഥന.

‘നേപ്പാളിന്റെ സ്വാതന്ത്ര്യം, പരമാധികാരം, പ്രദേശിക സമഗ്രത എന്നിവ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ഈ രാജ്യത്തെ ജനതയ്ക്കുണ്ട്. സമാധാനം പാലിക്കണം. ദേശീയ ഐക്യം ഉയര്‍ത്തിപ്പിടിക്കേണ്ട സാഹചര്യമാണിത്,’ നേപ്പാള്‍ സൈന്യം ആഹ്വാനം ചെയ്തു.

അതേസമയം നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭത്തില്‍ മുന്‍ പ്രധാനമന്ത്രി ഷേർ ബഹാദൂർ ഡ്യൂബ അടക്കമുള്ളവര്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. പ്രതിഷേധക്കാരില്‍ നിന്ന് ഡ്യൂബയെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരികയായിരുന്നു.

വിദേശകാര്യമന്ത്രി ആര്‍സു റാണ ഡ്യൂബയ്ക്കും പരിക്കേറ്റതായി വിവരമുണ്ട്. മുന്‍ പ്രധാനമന്ത്രി ഝാല നാഥ് ഖനാലിന്റെ പങ്കാളി കൊല്ലപ്പെട്ടതായും ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടെ സോഷ്യല്‍ മീഡിയ നിരോധത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കിയ ജെന്‍ സി നേപ്പാള്‍ പാര്‍ലമെന്റിലേക്ക് ഇരച്ചുകയറി. പാര്‍ലമെന്റ് വളപ്പിലെ കെട്ടിടങ്ങള്‍ക്ക് തീയിടുകയും ചെയ്തു. കെ.പി. ശര്‍മ ഒലിയുടേതുള്‍പ്പടെ നിരവധി മന്ത്രിമാരുടെ വീടുകള്‍ കത്തിക്കുകയുമുണ്ടായി.

നേപ്പാളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. നേപ്പാളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും അറിയിച്ചു.

Content Highlight: Gen z protests intensify in Nepal; President resigns

We use cookies to give you the best possible experience. Learn more