കാഠ്മണ്ഡു: നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയും രാജിവെച്ചു. പ്രക്ഷോഭം ശക്തമായതോടെയാണ് ശര്‍മ ഒലി രാജി സമര്‍പ്പിച്ചത്. ആഭ്യന്തരമന്ത്രി രാകേഷ് ലേഖക്കിന്റെ രാജിക്ക് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ രാജി.
‘ഇന്നലെ രാത്രിയോടെ സോഷ്യല്‍ മീഡിയ വിലക്ക് നീക്കി. പ്രതിഷേധത്തെ കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു. ഇരകള്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. അക്രമത്തിന് പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാര്‍ പ്രതിഷേധക്കാരെന്ന പേരില്‍ ചിലര്‍ നുഴഞ്ഞുകയറി,’ രാജിക്ക് പിന്നാലെ കെ.പി. ശര്‍മ ഒലി പറഞ്ഞു.
പ്രധാനമന്ത്രി രാജ്യം വിടണമെന്ന ആവശ്യം ഉയര്‍ത്തിയാണ് ജെന്‍ സി പ്രതിഷേധം തുടരുന്നത്. നേരത്തെ പ്രധാനമന്ത്രി ഒലി, നേപ്പാള്‍ പ്രസിഡന്റ്, മുന്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ എന്നിവരുടെ വസതിയിലേക്ക് യുവാക്കള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.
നിലവില്‍ തലസ്ഥാന നഗരമായ കാഠ്മണ്ഡുവില്‍ ഉള്‍പ്പെടെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രതിഷേധം കൂടുതല്‍ രൂക്ഷമാകുകയാണ്. ബുത്വാള്‍, ഭൈരഹവ, ഇറ്റഹാരി എന്നിവിടങ്ങളിലും കര്‍ഫ്യൂ നിലവിലുണ്ട്.
ഇന്നലെ (തിങ്കള്‍) രാവിലെയോടെയാണ് നേപ്പാളില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധത്തിനിടെ 19 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ആഭ്യന്തരമന്ത്രി രാകേശ് ലേഖക് രാജിവെച്ചത്.
ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുകയാണെന്നാണ് രാകേശ് അറിയിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിരോധിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ തന്നെ രാകേഷ് ലേഖക് രാജി സന്നദ്ധത അറിയിച്ചിരുന്നു. മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അദ്ദേഹം രാജിവെക്കുകയുമായിരുന്നു.
രാജ്യസുരക്ഷ ചൂണ്ടിക്കാട്ടിയാണ് നേപ്പാളിലെ കെ.പി. ശര്‍മ ഒലി സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ ആപ്പുകള്‍ നിരോധിച്ചത്. ഫേസ്ബുക്ക്, എക്സ്, യൂട്യൂബ് ഉള്‍പ്പടെ 26 പ്ലാറ്റ്ഫോമുകളാണ് നിരോധിത പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്.
ഐ.ടി മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം പാലിക്കാത്തതും നിശ്ചിത സമയത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തതുമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ നിരോധിക്കാനുള്ള തീരുമാനത്തിലേക്ക് ഒലി സര്‍ക്കാരിനെ നയിച്ചത്.
എന്നാല്‍ പ്രതിഷേധം ഉയര്‍ന്നതോടെ സോഷ്യല്‍ മീഡിയകള്‍ക്കുള്ള നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. നിലവില്‍ സോഷ്യല്‍ മീഡിയ സൈറ്റുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. ഇന്ന് (ചൊവ്വ) രാവിലെയാണ് സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചത്. നേപ്പാള്‍ വാർത്താവിനിമയ മന്ത്രി പൃഥ്വി സുബ്ബ ഗുരങ്ങിന്റെ നേതൃത്വത്തില്‍ അടിയന്തരമായി ചേര്‍ന്ന കാബിനറ്റ് യോഗത്തിലായിരുന്നു തീരുമാനം.
അതേസമയം ഇന്ത്യ ഉള്‍പ്പെടെയുള്ള വലിയ രാജ്യങ്ങളില്‍ സോഷ്യല്‍ മീഡിയ ഭീമന്മാര്‍ നിയമങ്ങള്‍ പാലിച്ചപ്പോള്‍ നേപ്പാളില്‍ നിഷേധാത്മകമായ സമീപനമാണ് സ്വീകരിച്ചതെന്ന വിമര്‍ശനവും നിലവിലുണ്ട്.
Content Highlight: Gen Z protests in Nepal; Prime Minister resigns