| Friday, 19th September 2025, 1:57 pm

രാഹുല്‍ ജെന്‍ സികളില്‍ പ്രതീക്ഷ വെക്കേണ്ട; ബംഗ്ലാദേശിലും നേപ്പാളിലും അവരുടെ ആവശ്യം മതരാഷ്ട്രമായിരുന്നു: ബി.ജെ.പി എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വോട്ട് ചോരിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വിമര്‍ശനവുമായി ബി.ജെ.പി.

നേപ്പാള്‍ മാതൃകയിലുള്ള പ്രക്ഷോഭങ്ങള്‍ ഇന്ത്യയിലും ഉണ്ടാക്കുക എന്നതാണ് രാഹുലിന്റെ ലക്ഷ്യമെന്നും രാജ്യംവിടാന്‍ ആദ്യം തയ്യാറാകേണ്ടത് രാഹുലാണെന്നും ബി.ജെ.പി നേതാവ് നിഷികാന്ത് ദുബെ പറഞ്ഞു. ജെന്‍ സികള്‍ കുടുംബ വാഴ്ചയ്‌ക്കെതിരാണെന്ന് അദ്ദേഹം എക്‌സില്‍ എഴുതി.

വോട്ട് ചോരിയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു ഇന്ത്യയിലെ ജെന്‍ സി വിഭാഗത്തില്‍പ്പെട്ടവര്‍ ഭരണഘടനയെ സംരക്ഷിക്കുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്ന് രാഹുല്‍ പറഞ്ഞത്.

രാജ്യത്തെ ജെന്‍ സികള്‍ ജനാധിപത്യം സംരക്ഷിക്കുകയും ഈ വോട്ട് മോഷണം അവസാനിപ്പിക്കുകയും ചെയ്യുമെന്നായിരുന്നു രാഹുല്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്.

‘രാജ്യത്തിന്റെ യുവാക്കള്‍, രാജ്യത്തെ വിദ്യാര്‍ത്ഥികള്‍, രാജ്യത്തിന്റെ ജനറല്‍ ഇസെഡ്, ഇവര്‍ ഭരണഘടനയെ സംരക്ഷിക്കും, ജനാധിപത്യത്തെ സംരക്ഷിക്കും, വോട്ട് മോഷണം തടയും. ഞാന്‍ എപ്പോഴും അവരോടൊപ്പം നില്‍ക്കും. ജയ് ഹിന്ദ്!’ എന്നായിരുന്നു രാഹുല്‍ ഗാന്ധി കുറിച്ചത്.

നേപ്പാളില്‍ സര്‍ക്കാരിനെ അട്ടിമറിച്ച ജെന്‍ സി പ്രതിഷേധങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് ഈ പരാമര്‍ശമെന്നതും ശ്രദ്ധേയമായിരുന്നു. ഈ പരാമര്‍ശനത്തിനെതിരെയാണ് നിഷികാന്ത് ദുബെ രംഗത്തെത്തിയത്.

‘ജനറല്‍ ഇസെഡ് കുടുംബവാഴ്ചയ്ക്ക് എതിരാണ്’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് ആരംഭിച്ചത്.

‘1. നെഹ്റു ജി, ഇന്ദിരാ ജി, രാജീവ് ജി, സോണിയ ജി ഇനി എന്തിനാണ് അവര്‍ രാഹുല്‍ ജിയെ സഹിക്കുന്നത്?

2. അവര്‍ അഴിമതിക്കെതിരാണ്, എന്തുകൊണ്ടാണ് അവര്‍ നിങ്ങളെ ഓടിച്ചുവിടാത്തത് ?

3. ബംഗ്ലാദേശില്‍ ഒരു ഇസ്‌ലാമിക രാഷ്ട്രവും നേപ്പാളില്‍ ഒരു ഹിന്ദു രാഷ്ട്രവും ഉണ്ടാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു, പിന്നെ എന്തുകൊണ്ട് അവര്‍ക്ക് ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കിക്കൂടാ? രാജ്യം വിടാന്‍ തയ്യാറാകൂ, അവര്‍ വരുന്നു………….’ എന്നായിരുന്നു കുറിപ്പില്‍ പറഞ്ഞത്.

‘ഈ രാജ്യത്തെ യുവാക്കള്‍ക്കൊപ്പം നില്‍ക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു, രാജവംശ പ്രത്യയശാസ്ത്രത്തിനും അഴിമതിക്കുമെതിരെ നമ്മുടെ പ്രധാനമന്ത്രി ഇവിടെ നിലകൊള്ളുകയാണ്,’ ദുബെ പറഞ്ഞു.

മാത്രമല്ല ജെന്‍ സികള്‍ ഇന്ത്യയില്‍ ഇതിനകം തന്നെ ചിലത് നടപ്പാക്കിയിട്ടുണ്ടെന്നും നിഷ്‌കാന്ത് ദുബെ പറഞ്ഞു.

‘2013-ല്‍ നിര്‍ഭയ കേസിന്റെ സമയത്ത് ഒരു ലക്ഷം പേര്‍ തെരുവിലിറങ്ങി, പക്ഷേ ബി.ജെ.പി അക്രമത്തെ പ്രേരിപ്പിക്കരുതെന്ന് തീരുമാനിച്ചു. നേപ്പാളിലും ബംഗ്ലാദേശിലും സംഭവിച്ച കാര്യങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു. രണ്ടിടത്തും, ജെന്‍ സികള്‍ സ്വജനപക്ഷപാതത്തിനും കുടുംബാധിപത്യത്തിനും എതിരായിരുന്നു..

എന്നാല്‍ ഈ കുടുംബവാഴ്ച, ഗാന്ധി കുടുംബത്തില്‍ പതിറ്റാണ്ടുകളായി ഉണ്ട്. ജനറല്‍ ഇസഡിനെ പ്രകോപിപ്പിക്കുകയാണെങ്കില്‍ ഞാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പമാണ്. കാരണം അങ്ങനെ സംഭവിച്ചാല്‍ മുഴുവന്‍ കോണ്‍ഗ്രസുകാരും ആ പാര്‍ട്ടിയും ഈ രാജ്യത്ത് നിന്ന് ഒളിച്ചോടേണ്ടിവരും.

ബംഗ്ലാദേശില്‍ ജെന്‍ സികള്‍ ഒരു ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ ആഗ്രഹിച്ചു. നേപ്പാളില്‍ അവര്‍ ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനും ആഗ്രഹിച്ചു. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്, എന്നാല്‍ ഇവിടുത്തെ ജെന്‍ സി വിഭാഗത്തില്‍പ്പെട്ടവര്‍ ഒരു ഹിന്ദു രാഷ്ട്രം ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ എന്തു ചെയ്യും.

ഇന്ത്യയില്‍ ആഭ്യന്തരയുദ്ധം സൃഷ്ടിക്കാന്‍ രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു. അതേ ആഭ്യന്തരയുദ്ധം ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛന്‍ നെഹ്റു രാജ്യത്തെ വിഭജിച്ചു. അദ്ദേഹം സോറോസ് ഫൗണ്ടേഷനുമായി ചേര്‍ന്ന് രാജ്യത്തെ വിഭജിക്കാന്‍ ശ്രമിച്ചു. ബി.ജെ.പി ജനറല്‍ ഇസഡിനൊപ്പം നില്‍ക്കുന്നു. കോണ്‍ഗ്രസും സഖ്യകക്ഷികളും രാജ്യത്ത് നിന്ന് ഒളിച്ചോടുന്നത് കാണാം’ ദുബെ എ.എന്‍.ഐയോട് പറഞ്ഞു.

Content Highlight: Gen Z is against family politics BJP Leader Nishikanth Dubey to Rahul Gandhi

We use cookies to give you the best possible experience. Learn more