ന്യൂദല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട ജെന്‍ സി പ്രക്ഷോഭത്തിനിടയില്‍ വിദ്യാര്‍ത്ഥികളെ ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ധര്‍മേന്ദ്ര പ്രധാന്‍.
താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് രാജിവെച്ചതെന്നും പ്രധാന്‍ പറഞ്ഞു. നീറ്റ് വിവാദത്തെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍ താന്‍ നടത്തിയ രാജി തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് ഭുവനേശ്വറിലെ ജി.എം സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോടും അധ്യാപകരോടും സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘രാജ്യത്തെ പുതിയ തലമുറയായ ജെന്‍ സി നമ്മുടെ മക്കളാണ്. എന്നാല്‍ ചിലര്‍ അവരെ തെറ്റായ വഴിയിലേക്ക് നയിക്കാന്‍ ശ്രമിക്കുകയായിരുന്നു. എനിക്ക് ആ സമയത്ത് വ്യക്തിപരമായ പ്രശ്‌നങ്ങളോ മന്ത്രിസ്ഥാനത്തോടുള്ള വലിയ താത്പര്യമോ ഉണ്ടായിരുന്നില്ല,’ പ്രധാന്‍ പറഞ്ഞു.
പ്രധാനമന്ത്രിയെ താന്‍ നേരില്‍ കണ്ട് രാജിവെക്കാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷോഭങ്ങളുടെ പേരില്‍ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചുവെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന്ആവശ്യപ്പെട്ടുള്ള സി.ജെ.പിയുടെ നേതൃത്വത്തിലുള്ള ജെന്‍ സി പ്രക്ഷോഭത്തിന് പിന്നാലെയായിരുന്നു അദ്ദേഹം രാജിവെച്ചത്.
Content Highlight: Gen Z are our children; some misled them during the NEET protests; resigned due to a lack of interest: Pradhan.