നാഗ്പൂര്‍: ജെന്‍ സിയ്ക്കും ജെന്‍ ആല്‍ഫയ്ക്കും ആവശ്യത്തിലധികം വിവരങ്ങള്‍ ലഭ്യമാണെങ്കിലും, അതിനെ യഥാര്‍ത്ഥ അറിവാക്കി മാറ്റാനുള്ള കഴിവ് കുറവാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.
നാഗ്പൂരില്‍ നടന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവര സാങ്കേതികവിദ്യയുടെയും ഡിജിറ്റല്‍ യുഗത്തിന്റെയും ഇടയില്‍ വളരുന്ന ഈ കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് വഴി വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കുന്നുണ്ടെങ്കിലും, അത് ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് തിരിച്ചറിയാനും യഥാര്‍ത്ഥ അറിവിലേക്ക് എത്തിക്കാനും അധ്യാപകരുടെ പിന്തുണ അത്യാവശ്യമാണെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു.
വെറുതെ വിവരങ്ങള്‍ ശേഖരിക്കുന്നത് അറിവാകുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന വിവരങ്ങളെ ശരിയായ അറിവാക്കി മാറ്റുന്നതില്‍ സ്‌കൂളുകള്‍ക്കും അധ്യാപകര്‍ക്കും വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്ക് പ്രാഥമിക ഘട്ടത്തില്‍ മാതൃഭാഷയിലുള്ള വിദ്യാഭ്യാസം ഏറെ അനിവാര്യമാണെന്നും മൊബൈല്‍ ഫോണുകളും സോഷ്യല്‍ മീഡിയയും പൂര്‍ണമായി തടയുന്നതിന് പകരം, അവയുടെ ഉത്തരവാദിത്തമുള്ളതും ശരിയായതുമായ ഉപയോഗം കുട്ടികളെ പഠിപ്പിക്കണമെന്നും ഫഡ്‌നാവിസ് പറഞ്ഞു.
എ.ഐക്ക് മനുഷ്യന്റെ മൂല്യങ്ങളെയും വികാരങ്ങളെയും പകരം വെക്കാന്‍ കഴിയില്ലെന്നും അതിനാല്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് തന്നെ മുന്‍ഗണന നല്‍കണമെന്നും ഡിജിറ്റല്‍ യുഗത്തില്‍ വിദ്യാര്‍ത്ഥികളെ ശരിയായ പാതയിലൂടെ നയിക്കാന്‍ വിദ്യാഭ്യാസ രീതികളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും അദ്ദേഹം അധ്യാപകരോട് ആഹ്വാനം ചെയ്തു.
Content Highlight: Gen Z and Gen Alpha have information, but lack knowledge; it is teachers who must bridge this gap: Fadnavis