കാലിഫോര്‍ണിയ: പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങി ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ് പ്ലാറ്റ്‌ഫോമായ ജെമിനി. വിവിധ ഗൂഗിള്‍ പ്ലാറ്റ്‌ഫോമുകളിലെ ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും വിധത്തിലുളള മാറ്റങ്ങള്‍ക്കാണ് ജെമിനി തയ്യാറാകുന്നത്.
ഇനിമുതല്‍ സെര്‍ച്ചിങ്, ഷോപ്പിങ്, വര്‍ക്ക്സ്പെയ്സ്, ഫിലിം മേക്കിങ്, വീഡിയോ കമ്മ്യൂണിക്കേഷന്‍സ് പ്ലാറ്റ്ഫോമുകള്‍ എന്നിവയിലുടനീളം ജെമിനിയുടെ സേവനങ്ങള്‍ ലഭ്യമാകും. എട്ട് അപ്ഡേറ്റുകളാണ് ജെമിനിയില്‍ വരുത്തിയിരിക്കുന്നത്.
ഈ നീക്കം ജെമിനിയെ കൂടുതല്‍ ബുദ്ധിപരവും വ്യക്തിഗതവുമായ ഒരു അസിസ്റ്റന്റായി മാറ്റുന്നതിനുള്ള ഗൂഗിളിന്റെ പ്രതിബദ്ധതയെയാണ് കാണിക്കുന്നതെന്ന് ഗൂഗിള്‍ ആന്‍ഡ് ആല്‍ഫബെറ്റിന്റെ സി.ഇ.ഒ സുന്ദര്‍ പിച്ചൈ പറഞ്ഞു. ഗൂഗിളിന്റെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എല്ലാവര്‍ക്കും എല്ലായിടത്തും ഇന്റലിജന്റ്സ് ലഭ്യമാണ്. മുമ്പത്തേക്കാളും വലിയ വേഗത്തിലാണ് എ.ഐ വിവരങ്ങള്‍ സ്വീകരിക്കുന്നത്. ഈ പുരോഗതിയെല്ലാം അര്‍ത്ഥമാക്കുന്നത് എ.ഐ പ്ലാറ്റ്ഫോം മാറ്റത്തിന്റെ ഒരു പുതിയ ഘട്ടത്തിലാണെന്നാണ്. പതിറ്റാണ്ടുകളായി നടത്തിക്കൊണ്ടിരിക്കുന്ന ഗവേഷണം ഇപ്പോള്‍ ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും ഉപയോഗപ്രദമായിരിക്കുന്നു,’ സുന്ദര്‍ പിച്ചൈ പറഞ്ഞു.
ജെമിനിയിലെ പുതിയ മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്, പ്ലാറ്റ്ഫോമിലെ ‘ഏജന്റ് മോഡ്’ ആണ്. ഉപയോക്താക്കളെ ഇവന്റുകളുടെ ആസൂത്രണം, ഷെഡ്യൂളുകള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയ ജോലികള്‍ ചെയ്യാന്‍ പ്രാപതരാക്കുന്നു. വോയ്സ്, ക്യാമറ, സ്‌ക്രീന്‍-ഷെയറിങ് തുടങ്ങിയ ഓപ്ഷനുകളിലൂടെ ജെമിനി ലൈവ് സേവനവും നല്‍കുന്നു.
സമഗ്രമായ വെബ് അധിഷ്ഠിത ഗവേഷണം നടത്തുന്നതിനായി ഉപയോക്താക്കളെ സഹായിക്കുന്ന ‘ഡീപ് റിസര്‍ച്ച് ഫീച്ചര്‍’ അപ്ഗ്രേഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ കൂടുതല്‍ ഫലപ്രദമായി വിവരങ്ങള്‍ കണ്ടെത്താന്‍ യുസേഴ്സിന് സാധിക്കും.
കൂടാതെ ഉപയോക്താക്കളെ ഗൂഗിള്‍ ആപ്പുകളുമായും മറ്റു സേവനങ്ങളുമായും ബന്ധിപ്പിക്കാനുള്ള ടൂളായും ജെമിനി പ്രവര്‍ത്തിക്കും. അതായത് ഒരു ഉപയോക്താവ് പുതിയ ഒരു ലൊക്കേഷനിലെത്തുമ്പോള്‍ ആ പ്രദേശത്തെ ഏറ്റവും മികച്ചതോ അല്ലെങ്കില്‍ ഉപയോക്താവിന്റെ സെര്‍ച്ചുകള്‍ക്ക് അനുസൃതമായതോ ആയ റെസ്റ്റോറന്റുകള്‍ ജെമിനി നിര്‍ദേശിക്കും.
കലണ്ടര്‍, ടാസ്‌ക്, ഫോട്ടോസ് തുടങ്ങിയ ഗൂഗിള്‍ ആപ്പുകളിലും ജെമിനിയുടെ സാന്നിധ്യമുണ്ടാകും. സങ്കീര്‍ണമായ മള്‍ട്ടി-സ്റ്റെപ്പ് കമാന്‍ഡുകളായിരിക്കും ജെമിനി ഇതിലൂടെ ഉപയോക്താക്കള്‍ക്ക് നല്‍കുക. കസ്റ്റമൈസ്ഡ് എ.ഐ പേഴ്‌സണുകളെയും ജെമിനി ലഭ്യമാക്കും. അതായത് ഒരു അധ്യാപകനോ അല്ലെങ്കില്‍ ഒരു ഫിറ്റ്‌നസ് ട്രെയിനര്‍ക്കോ നിര്‍ദേശം നല്‍കാന്‍ കഴിയുന്ന ടൂളായി എ.ഐ പേഴ്‌സണ്‍ പ്രവര്‍ത്തിക്കും.
കൂടുതല്‍ സംഭാഷണാനുഭവങ്ങള്‍ നല്‍കുന്ന ചാറ്റ്‌ബോട്ടുകളും പുതിയ മാറ്റത്തില്‍ ഉള്‍പ്പെടുന്നു. അഡ്വാന്‍സ്ഡായ ഓട്ടോണമസ് എ.ഐ ഏജന്റുകളെയും ജെമിനി ലഭ്യമാക്കും. ഇതിലൂടെ വിവിധ വെബ് മെറ്റീരിയലുകള്‍ മനസിലാക്കാനും ഒന്നിലധികം ഘട്ടങ്ങളുള്ള ജോലികള്‍ ചെയ്യാനുള്ള ഓപ്ഷനുകളും ലഭ്യമാകും.
Content Highlight: Gemini is getting ready for a radical change with eight updates