| Saturday, 19th September 2026, 11:02 am

സെക്യൂരിറ്റി ടെസ്റ്റിനിടെ മൂന്ന് കമ്പനികളുടെ സിസ്റ്റം ഹാക്ക് ചെയ്ത് ജെമിനി

ദേവിക ജയചന്ദ്രന്‍

വാഷിങ്ടണ്‍: സൈബര്‍ സെക്യൂരിറ്റി ടെസ്റ്റിനിടെ ഗൂഗിളിന്റെ എ.ഐ മോഡല്‍ ജെമിനി അബദ്ധത്തില്‍ മൂന്ന് കമ്പനികളുടെ സിസ്റ്റത്തില്‍ പ്രവേശിച്ചു. എ.എഫ്.പിയ്ക്ക് നല്‍കിയ പ്രസ്താവനയിലാണ് ജെമിനി നേരിട്ട് കമ്പ്യൂട്ടര്‍ ഹാക്ക് നടത്തിയതായി ഗൂഗിള്‍ സെക്യൂരിറ്റി എന്‍ജിനീയറിങ് വൈസ് പ്രസിഡന്റ് ഹെതര്‍ ആറ്റ്കിന്‍സ് വെളിപ്പെടുത്തിയത്.

ഇറെഗുലര്‍ (Irreular) എന്ന സൈബര്‍ സെക്യൂരിറ്റി ഏജന്‍സി മെയില്‍ നടത്തിയ സെക്യൂരിറ്റി ടെസ്റ്റിനിടെയാണ് സംഭവം. പരീക്ഷണത്തിനിടെ ഇന്റര്‍നെറ്റ് ആക്‌സസ് ലഭിച്ച എ.ഐ മോഡല്‍, ലോഗിന്‍ വിവരങ്ങള്‍ ഊഹിച്ചോ പബ്ലിക് റെപോസിറ്ററിയില്‍ കണ്ടെത്തിയ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ചോ കമ്പനികളുടെ സിസ്റ്റത്തില്‍ കയറുകയായിരുന്നു.

ഹാക്ക് ചെയ്യപ്പെട്ട സിസ്റ്റങ്ങള്‍ ടെസ്റ്റിന്റെ ഭാഗമാണെന്ന് എ.ഐ മോഡല്‍ തെറ്റിധരിച്ചു എന്നാണ് ഹെതര്‍ ആറ്റ്കിന്‍സ് പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ മൂന്നുതവണയും ആക്‌സസ് ഉപയോഗിച്ച് എന്തെങ്കിലും ചെയ്യുന്നതിനു മുമ്പ് തന്നെ മോഡലിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതായും അവര്‍ പറഞ്ഞു.

എ.ഐ മോഡലുകള്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ നിയന്ത്രണം തെറ്റുന്ന മിസലൈന്‍മെന്റ് ആയി ഇതിനെ കണക്കാക്കാനാവില്ലെന്ന് ഗൂഗിള്‍ പറഞ്ഞു. മറിച്ച് ഇന്റര്‍നെറ്റില്‍ കണക്ട് ആയതോടെ പുറത്തുള്ള സിസ്റ്റം ടെസ്റ്റിന്റെ ഭാഗമാണെന്ന് എ.ഐ മോഡല്‍ തെറ്റിധരിച്ചത് കൊണ്ട് സംഭവിച്ചതാണെന്നാണ് ഗൂഗിള് പറഞ്ഞത്.

മൂന്ന് സ്ഥാപനങ്ങളെയും വിവരം അറിയിച്ചെന്നും കടന്നുകയറ്റം നാശനഷ്ടങ്ങളൊന്നുമുണ്ടാക്കിയിട്ടില്ല എന്നു കരുതുന്നതായും ഗൂഗിള്‍ പറഞ്ഞു.

ഗൂഗിളിന്റെ എ.ഐ സിസ്റ്റം സ്വയം ഇങ്ങനെ ഒരു കാര്യം ചെയ്യുന്നത് ഇതാദ്യമാണ്. സമാന സംഭവങ്ങള്‍ മെറ്റ, ആന്ത്രോപിക്, ഓപ്പണ്‍ എ.ഐ എന്നിവ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് എ.ഐ മോഡലുകള്‍ മനുഷ്യരുടെ നിയന്ത്രണത്തില്‍ നിന്നും പുറത്തുകടന്ന് സ്വയം പ്രവര്‍ത്തിക്കാന്‍ തുടങ്ങുമോ എന്ന ചോദ്യം ശക്തമാക്കുകയാണ്.

Content Highlight: Gemini hacked three companies in first known breakout by Google’s AI

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more