| Friday, 24th July 2020, 1:41 pm

പൈലറ്റിനൊപ്പമുള്ള എം.എല്‍.എമാര്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് വിളിച്ചിരുന്നു; വെളിപ്പെടുത്തലുമായി ഗെലോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢ ശ്രമത്തിലാണ് ബി.ജെ.പിയെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. സംസ്ഥാനം എങ്ങനെ കൊവിഡിനെ നേരിടുമെന്ന് ചിന്തിക്കുമ്പോള്‍ ബി.ജെ.പി എങ്ങനെ ഈ സര്‍ക്കാരിനെ താഴെയിറക്കാമെന്നാണ് ആലോചിക്കുന്നതെന്നും ഗോലോട്ട് പറഞ്ഞു.

പൈലറ്റ് ക്യാംപിലെ എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക് തിരിച്ച് വരണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും ഗെലോട്ട് വ്യക്തമാക്കി.

‘ഹരിയാനയിലെ (പൈലറ്റ് ക്യാംപിലെ) എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക് മടങ്ങി വരണമെന്നാഗ്രഹിക്കുന്നുണ്ട്. ചിലരൊക്കെ തങ്ങളെ രക്ഷിക്കണമെന്ന് പറഞ്ഞ് ഞങ്ങളെ വിളിച്ചിരുന്നു,’ ഗെലോട്ട് പറഞ്ഞു.

തങ്ങള്‍ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ഒരു പ്രയാസവുമില്ലെന്നും ഗെലോട്ട് വ്യക്തമാക്കി. ഇപ്പോള്‍ ഗവര്‍ണര്‍ക്കാണ് കൂടുതല്‍ ആധിയെന്നാണ് തോന്നുന്നതെന്നും ഗെലോട്ട് പരിഹസിച്ചു.

അതേസമയം സച്ചിന്‍ പൈലറ്റ് തെറ്റ് തിരുത്തി വന്നാല്‍ സ്വീകരിക്കാമെന്ന് അശോക് ഗെലോട്ട നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സച്ചിന്‍ പൈലറ്റിന്റെ അത്യാഗ്രഹം കൊണ്ടാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടായത്. അദ്ദേഹം വീണ്ടും കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിച്ച് മടങ്ങി വരാന്‍ തയ്യാറായാല്‍ ഉറപ്പായും സ്വീകരിക്കും’, ഗെലോട്ട് പറഞ്ഞു.

സച്ചിന്‍ പൈലറ്റ് അടക്കം 19 എം.എല്‍.എമാരെ അയോഗ്യരാക്കിയ രാജസ്ഥാന്‍ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത സച്ചിന്‍ പൈലറ്റിന്റെ ഹരജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വാദം കേള്‍ക്കാനിരിക്കുകയാണ്.

നേരത്തെ കേസില്‍ കേന്ദ്രസര്‍ക്കാരിനെ ഹൈക്കോടതി കക്ഷി ചേര്‍ത്തിരുന്നു. സച്ചിന്‍ പൈലറ്റിന്റെ ആവശ്യപ്രകാരമാണ് കോടതി കേന്ദ്രസര്‍ക്കാരിനേയും കക്ഷി ചേര്‍ത്തത്.

വിധിക്കായി മാറ്റിവെച്ച കേസില്‍ ഇത്തരത്തില്‍ നടപടി കൈക്കൊള്ളുന്നത് അസാധാരണമാണെന്നാണ് വിലയിരുത്തുന്നത്. താനടക്കമുള്ള വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയ രാജസ്ഥാന്‍ സ്പീക്കറുടെ നടപടി ചോദ്യം ചെയ്താണ് സച്ചിന്‍ പൈലറ്റ് ഹരജി സമര്‍പ്പിച്ചത്.

നേരത്തെ സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെ 19 കോണ്‍ഗ്രസ് വിമത എം.എല്‍.എ.മാര്‍ക്കെതിരേ വെള്ളിയാഴ്ചവരെ നടപടി പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.

ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് രാജസ്ഥാന്‍ സ്പീക്കറുടെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്.

അതേസമയം ഹൈക്കോടതി ഉത്തരവ് എന്തായാലും സുപ്രീംകോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഹരജി സുപ്രീംകോടതി 27-ന് വീണ്ടും പരിഗണിക്കും. ഹരജിയില്‍ വിശദമായ വാദം കേള്‍ക്കല്‍ ആവശ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more