| Monday, 17th February 2025, 8:31 pm

ഇടതുപക്ഷത്തോടുള്ള വിമര്‍ശനം വലതുവത്കരണം, തരൂരിന്റെ സാമ്പത്തിക നയങ്ങളോട് വിജോയിപ്പും: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനം സംബന്ധിച്ച വിവാദങ്ങളില്‍ പ്രതികരിച്ച് യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.

ഒരു സോഷ്യലിസ്റ്റ് എന്ന നിലയിലും ഇടതുപക്ഷ അനുഭാവി എന്ന നിലയിലും ശശി തരുരിന്റെ മുതലാളിത്ത സാമ്പത്തിക വികസന നയങ്ങളോട് വിയോജിപ്പാണെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘ശശി തരൂര്‍ എന്ന എഴുത്തുകാരനെയും ചിന്തകനെയും എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ഒരു സോഷ്യലിസ്റ്റ് എന്ന നിലയിലും ഇടതുപക്ഷ അനുഭാവി എന്ന നിലയിലും എനിക്ക് അദ്ദേഹത്തിന്റെ മുതലാളിത്ത സാമ്പത്തിക വികസന നയങ്ങളോട് വിയോജിപ്പാണ്,’ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.

ക്യാപിറ്റലിസ്റ്റ് സാമ്പത്തിക വികസന നയങ്ങള്‍ ശക്തമായി പിന്തുടരുന്ന തരൂര്‍, ഒരു ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന നയത്തെ അഭിനന്ദിക്കണമെങ്കില്‍ അതില്‍ രണ്ടു വായനകളാണ് സാധ്യമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നുകില്‍ തരൂര്‍ ആശയപരമായി ഇടതുപക്ഷത്തേക്ക് മാറണം. അതിന് വിദൂര സാധ്യത പോലും ആരും കാണില്ല. രണ്ടാമത്തെ സാധ്യത, ഇടതുപക്ഷം തരൂരിന് സ്വീകര്യമായ വിധത്തില്‍ മുതലാളിത്ത നയങ്ങള്‍ സ്വീകരിച്ചു തുടങ്ങി എന്നാണെന്നും കൂറിലോസ് പ്രതികരിച്ചു.

ശശി തരൂരിന്റെ ലേഖനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തന്റെ വായന ഇതാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലത്തെ മുഖ്യധാര ഇടതുപക്ഷത്തെ കുറിച്ചുള്ള തന്റെ വിമര്‍ശനവും വലതുവത്കരണം തന്നെയാണെന്നും കൂറിലോസ് പറഞ്ഞു.

ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളര്‍ച്ചയെ ശശി തരൂര്‍ പ്രശംസിച്ചത്. 2024ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികമാണെന്നാണ് തരൂര്‍ ലേഖനത്തില്‍ പറയുന്നത്.

പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍, മുന്‍ എം.പി കെ. മുരളീധരന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിനെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു.

Content Highlight: Geevarghese Coorilos disagrees with Shashi Tharoor’s capitalist economic development policies

We use cookies to give you the best possible experience. Learn more