| Wednesday, 26th August 2026, 6:06 pm

സിനിമ കണ്ടതിന് ശേഷമാണ് ചർച്ച ഉണ്ടാകേണ്ടത്, സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്തിട്ടില്ല; ഗീതു മോഹൻദാസ്

അജ്മല്‍ കെ

യഷ് നായകനായ ‘ടോക്സിക്ക്’ സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്യുന്നുവെന്ന വിമർശനങ്ങളിൽ പ്രതികരിച്ച് സംവിധായിക ഗീതു മോഹൻദാസ്. ചിത്രത്തിന്റെ ട്രെയിലറും ടീസറും പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിലെ സ്ത്രീകളുടെ അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഫെമിനിസ്റ്റ് നിലപാടുകളിലൂടെ നേരത്തെയും ശ്രദ്ധ നേടിയിട്ടുള്ള ഗീതു, ഇപ്പോഴാണ് ഈ വിഷയത്തിൽ മറുപടി നൽകിയത്.

‘താൻ സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്തിട്ടില്ല’ എന്ന നിലപാടാണ് ഗീതു വ്യക്തമാക്കിയത്. സിനിമ കണ്ടതിന് ശേഷമാണ് ചിത്രത്തെക്കുറിച്ച് സംസാരിക്കേണ്ടതെന്നും, അതിന് ശേഷം സിനിമയുടെ അണിയറപ്രവർത്തകർ തന്നെ അതേക്കുറിച്ച് സംസാരിക്കുകയുമാണ് ചെയ്യേണ്ടത് എന്നും അവർ അഭിപ്രായപ്പെട്ടു.

ടോക്സിക്ക്. Photo: Screengrab/ Youtube.com

‘ഒന്നാമതായി, ഞാൻ സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്തുവെന്ന് എനിക്ക് തോന്നുന്നില്ല. രണ്ടാമതായി, ആളുകൾ ആദ്യം സിനിമ കാണുകയും അതിന് ശേഷം സിനിമയെക്കുറിച്ച് അണിയറപ്രവർത്തകർ സംസാരിക്കുകയും ചെയ്യേണ്ടത് എന്ന് ഞാൻ കരുതുന്നു’ ഗീതു പറഞ്ഞു.

‘ടോക്സിക്’ ചർച്ചകളിൽ മനപൂർവം വിവാദത്തിന് വഴിയൊരുക്കുന്ന തരത്തിലുള്ള സമീപനം സ്വീകരിച്ചതിന് കൃത്യമായ കാരണമുണ്ടെന്നും ഗീതു വ്യക്തമാക്കി. ചിത്രത്തെക്കുറിച്ച് ആളുകൾ സംസാരിക്കുകയും ചർച്ചകൾ ഉണ്ടാകുകയും ചെയ്യണമെന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നാണ് ഗീതുവിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

‘എന്തുകൊണ്ടാണ് ഞങ്ങൾ ഈ റേജ്-ബെയ്റ്റിങ് ചെയ്തത് എന്നെനിക്ക് കൃത്യമായി അറിയാം. അതിന് എനിക്ക് ഒരു കാരണമുണ്ട്. നിങ്ങൾ തിയേറ്ററിൽ വന്ന് സിനിമ കാണണം. അതിന് ശേഷം ഞാൻ എപ്പോഴും ഒരു സംഭാഷണത്തിന് തയ്യാറാണ്,’ ഗീതു പറഞ്ഞു.

തന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും താൻ ആരാണെന്നതിനെക്കുറിച്ചും തനിക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും ഗീതു വ്യക്തമാക്കി. സിനിമ പ്രേക്ഷകരിൽ ചിന്തയുണ്ടാക്കണമെന്നും അസ്വസ്ഥമായ ചോദ്യങ്ങൾ ഉയർത്തണമെന്നും വിശ്വസിക്കുന്ന സംവിധായികയാണ് താനെന്നും അവർ പറഞ്ഞു.

ടോക്സിക്ക്. Photo: Screengrab/ Youtube.com

‘ആർട്ട് ചിന്തിപ്പിക്കുന്നതായിരിക്കണം. അസ്വസ്ഥമായതിനെ കൂടുതൽ അസ്വസ്ഥമാക്കാനും, സുഖകരമായി തോന്നുന്ന കാര്യങ്ങളെ പോലും അസ്വസ്ഥമാക്കാനും അതിന് കഴിയണം,’ ഗീതു പറഞ്ഞു.

‘ടോക്സിക്’ കണ്ടതിന് ശേഷം സിനിമയെക്കുറിച്ച് കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്ന പ്രതീക്ഷയും ഗീതു പങ്കുവെച്ചു. സിനിമയുടെ ദൃശ്യങ്ങളെയും കഥാപാത്രങ്ങളുടെ അവതരണത്തെയും മാത്രം അടിസ്ഥാനമാക്കി വിലയിരുത്തുന്നതിനുപകരം ചിത്രം പൂർണമായി കണ്ട ശേഷം സംവാദങ്ങളിലേക്ക് കടക്കണമെന്നാതാണ് തന്റെ നിലപാട് എന്നും ടോക്സികിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിൽ താരം പറഞ്ഞു.

Content Highlight: Geethu Mohandas Talks about Toxic Movie

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more