പല തവണ റിലീസ് മാറ്റിവെച്ച ടോക്‌സിക് ഒടുവില്‍ പ്രേക്ഷകരിലേക്കെത്തുകയാണ്. 2023ല്‍ അനൗണ്‍സ് ചെയ്ത ചിത്രം കഴിഞ്ഞവര്‍ഷമാണ് പൂര്‍ത്തിയായത്. കെ.ജി.എഫ് എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് ശേഷം യഷ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗീതു മോഹന്‍ദാസാണ്. ലയേഴ്‌സ് ഡൈസ്, മൂത്തോന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗീതു അണിയിച്ചൊരുക്കുന്ന ചിത്രം കൂടിയാണ് ടോക്‌സിക്.
പാന്‍ ഇന്ത്യനായൊരുങ്ങുന്ന ടോക്‌സിക്കിന് വമ്പന്‍ പ്രൊമോഷനാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്. ഇന്ത്യയിലെ വമ്പന്‍ നഗരങ്ങളില്‍ ടോക്‌സിക്കിന്റെ ടീം നടത്തുന്ന പ്രീ റിലീസ് ഇവന്റുകളില്‍ ജനസാഗരമാണ് പങ്കെടുക്കുന്നത്. കഴിഞ്ഞദിവസം ചെന്നൈയിലായിരുന്നു ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് അരങ്ങേറിയത്.
സംവിധായിക ഗീതു മോഹന്‍ദാസ് ഇവന്റില്‍ പറഞ്ഞ വാക്കുകള്‍ പലരുടെയും ശ്രദ്ധയാകര്‍ഷിച്ചു. ടോക്‌സിക്കിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ ഒരുപാട് പഴികേട്ട ഒന്നായിരുന്നു ഗീതു മോഹന്‍ദാസിന്റെ സംവിധാനം. മാസ് സിനിമ ഗീതുവിന് പുള്‍ ഓഫ് ചെയ്യാനാകില്ലെന്നായിരുന്നു പലരുടെയും പ്രവചനം. ടോക്‌സിക്കിന് മുമ്പും ശേഷവുമുള്ള തന്റെ സംവിധാന കരിയറിനെക്കുറിച്ച് സംസാരിക്കുകയാണ് ഗീതു മോഹന്‍ദാസ്.
‘2014 സമയത്ത് ഞാന്‍ ചെയ്ത ചെറിയ സിനിമകളായിരുന്നു കേള്‍ക്കുന്നുണ്ടോയും ലയേഴ്‌സ് ഡയസും. ചെറിയ സിനിമ എന്നു പറഞ്ഞാല്‍, 50 ലക്ഷത്തിനാണ് ആ പടം ചെയ്തുതീര്‍ത്ത്. ഓസ്‌കര്‍ എന്‍ട്രിയും കിട്ടിയിരുന്നു. പക്ഷേ, അന്ന് ആരും എന്നെ വിശ്വസിച്ച് പണം തരാനില്ലായിരുന്നു. പിന്നീട് അതിലും കുറച്ചുകൂടി വലിയ സിനിമ ചെയ്തു. അതാണ് മൂത്തോന്‍.
മൂത്തോന് ശേഷവും അതേ അവസ്ഥ വന്നു. ഒരുപാട് സ്ട്രഗിള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇന്ന്, ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമ, അതില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നടനും സ്റ്റാറുമായ ഒരാള്‍ എന്നെ വിശ്വസിച്ച് കൂടെ നില്‍ക്കുന്നു. യഷ് എന്നെ വിശ്വസിച്ചതോടെ എല്ലാവരും എന്നെ വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുകയാണ്,’ ഗീതു മോഹന്‍ദാസ് പറഞ്ഞു.
യഷ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രം ഗോവ കേന്ദ്രീകരിച്ച് ഒരുങ്ങുന്ന ഗ്യാങ്‌സ്റ്റര്‍ ആക്ഷന്‍ ഡ്രാമയാണ്. 1960കളിലാണ് ടോക്‌സിക്കിന്റെ കഥ നടക്കുന്നത്. നയന്‍താര, കിയാര അദ്വാനി, രുക്മിണി വസന്ത്, ഹുമ ഖുറേഷി, താര സുതാര്യ, സുദേവ് നായര്‍ തുടങ്ങി വലിയ താരനിര ടോക്‌സിക്കില്‍ അണിനിരക്കുന്നുണ്ട്. ഓഗസ്റ്റ് 26ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Geethu Mohandas shares the struggles she faced as a director