| Saturday, 8th August 2026, 10:30 pm

എല്ലാവരും സംശയിച്ചപ്പോള്‍ എന്റെ കഴിവിനെ വിശ്വസിച്ച് കൂടെ നിന്ന ഒരേയൊരാള്‍... ട്രെയ്‌ലര്‍ ലോഞ്ചില്‍ കണ്ണ് നിറഞ്ഞ് ഗീതു മോഹന്‍ദാസ്

അമര്‍നാഥ് എം.

സൗത്ത് ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ടോക്‌സിക്. കന്നഡ സൂപ്പര്‍താരം യഷ് നായകനാകുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ ചര്‍ച്ചകളില്‍ ഇടംപിടിച്ചിരുന്നു. ആക്ഷന്‍ സിനിമകളിലൂടെ ഇന്‍ഡസ്ട്രിയുടെ ടോപ്പിലെത്തിയ യഷ് മലയാളി സംവിധായിക ഗീതു മോഹന്‍ദാസുമായി കൈകോര്‍ക്കുന്ന വാര്‍ത്ത പലരെയും അത്ഭുതപ്പെടുത്തി.

അനൗണ്‍സ് ചെയ്ത് രണ്ട് വര്‍ഷമായിട്ടും ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാകാത്തതോടെ യഷും ഗീതു മോഹന്‍ദാസും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായെന്ന് വരെ പലരും പറഞ്ഞു പരത്തി. എന്നാല്‍ യഷും ടോക്‌സിക്കിന്റെ നിര്‍മാതാക്കളും ഇതെല്ലാം തള്ളിക്കളഞ്ഞു. ഇപ്പോഴിതാ ചിത്രത്തിന്റെ ഗ്രാന്‍ഡ് ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ബെംഗളൂരുവില്‍ നടന്ന ട്രെയ്‌ലര്‍ ലോഞ്ചില്‍ ടോക്‌സിക്കിലെ അണിയറപ്രവര്‍ത്തകരടക്കം പലരും പങ്കെടുത്തു. ട്രെയ്‌ലര്‍ ലോഞ്ചില്‍ സംവിധായിക ഗീതു മോഹന്‍ദാസ് പറഞ്ഞ വാക്കുകളാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. രണ്ടര വര്‍ഷത്തോളം താന്‍ ടോക്‌സിക്കിന് പിന്നാലെയായിരുന്നെന്നും ഈ യാത്രയില്‍ തനിക്കൊപ്പം നിന്ന എല്ലവരോടും ഗീതു നന്ദി പറഞ്ഞു. എല്ലാത്തിനുമൊടുവില്‍ യഷിനെക്കുറിച്ച് സംവിധായിക പറഞ്ഞ വാക്കുകള്‍ വൈറലായി.

‘യഷിനെക്കുറിച്ച് എടുത്തുപറയണം. ഈ സിനിമയുടെ യാത്രയില്‍ എനിക്ക് ഏറ്റവും വലിയ പ്രചോദനം തന്നത് യഷ് ആണ്. അയാളുമായുള്ള ഓരോ സംഭാഷണവും എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു. ഈ സിനിമക്ക് ശേഷവും യഷിന്റെ ഒരു ഭാഗം എന്നോടൊപ്പം എപ്പോഴും ഉണ്ടാകും. അത്രമാത്രം ഇന്‍ഫ്‌ളുവന്‍സ് യഷിനുണ്ട്.

ചുറ്റുമുള്ള എല്ലാവരും എന്റെ കഴിവിലും കാര്യപ്രാപ്തിയിലും സംശയം പ്രകടിപ്പിച്ചപ്പോള്‍ എന്നില്‍ പൂര്‍ണമായും വിശ്വാസമര്‍പ്പിച്ച ഒരേയൊരാള്‍ യഷ് മാത്രമാണ്. അതിന് അദ്ദേഹത്തോട് വലിയൊരു നന്ദി പറയണം. അതുപോലെ ഈ സിനിമയുടെ ഭാഗമായി നിന്ന നൂറുകണക്കിന് ആളുകളോടും ഹൃദയം തൊട്ട് നന്ദി അറിയിക്കുന്നു,’ ഗീതു മോഹന്‍ദാസ് പറഞ്ഞു.

600 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ ചിത്രമാണ് ടോക്‌സിക്. 1960കളില്‍ ഗോവയില്‍ അരങ്ങേറുന്ന ഗ്യാങ്‌സ്റ്റര്‍ ഡ്രാമയാണ് ചിത്രത്തിന്റെ കഥ. രായ എന്ന ഗ്യാങ്‌സ്റ്ററായും അയാളുടെ മകന്‍ ടിക്കറ്റ് എന്ന റൗഡിയായും യഷ് പ്രത്യക്ഷപ്പെടുന്നുണ്ട്. കിയാര അദ്വാനി, താര സുതാര്യ, ഹുമ ഖുറേഷി, നയന്‍താര, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഓഗസ്റ്റ് 26ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Geethu Mohandas’s words about Yash in Toxic trailer launch

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more