‘ദൃശ്യം 3’ ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തെക്കുറിച്ചുള്ള ട്രോളുകളും രസകരമായ ചര്‍ച്ചകളും കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ.
ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും പുതിയ രീതിയില്‍ വിലയിരുത്തുന്ന കുറിപ്പുകള്‍ വൈറലാകുന്നതിനിടയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടുന്നത് റാണി എന്ന കഥാപാത്രത്തെക്കുറിച്ചുള്ള ഒരു വിശകലനമാണ്.
റാണിയുടെ അസാധ്യമായ ‘മെന്റല്‍ സ്റ്റെബിലിറ്റി’യെ കുറിച്ചാണ് കുറിപ്പ്. കഥയിലെ യഥാര്‍ത്ഥ ‘സ്‌ട്രോങ്ങ്’ കഥാപാത്രം റാണിയാണെന്നും കുടുംബത്തെ രക്ഷിക്കാന്‍ നടന്ന കുറ്റകൃത്യത്തിലും അതിന്റെ മറച്ചുവെക്കലിലും പങ്കാളിയായിട്ടും, 13 വര്‍ഷങ്ങള്‍ക്കുശേഷവും കുറ്റബോധത്തിന്റെയോ മാനസിക സമ്മര്‍ദത്തിന്റെയോ ലക്ഷണങ്ങള്‍ ഒന്നുമില്ലാതെ ഏറ്റവും ആത്മവിശ്വാസത്തോടെ ജീവിക്കുന്നത് അവരാണെന്നാണ് പോസ്റ്റിലെ നിരീക്ഷണം.
ദൃശ്യം സിനിമയില്‍ നിന്നുള്ള രംഗം Photo: Aashirvad Cinemas
ജോര്‍ജുകുട്ടിയുടെ ശരീരഭാഷയില്‍ ഇപ്പോഴും ഭയവും സമ്മര്‍ദവും പ്രകടമാണെന്നും, മൂത്ത മകള്‍ ചികിത്സയുടെയും തെറാപ്പിയുടെയും പിന്തുണയിലാണെന്നും, ഇളയ മകള്‍ ഇപ്പോഴും ആശയക്കുഴപ്പത്തോടെയാണ് ജീവിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.
എന്നാല്‍ ഇതെല്ലാം നടക്കുമ്പോഴും നാട്ടിലെ പുതിയ തുണിക്കടകള്‍ വരെ അന്വേഷിച്ച് സ്വന്തം ജീവിതം സാധാരണ നിലയില്‍ മുന്നോട്ടുകൊണ്ടുപോകുന്ന റാണിയുടെ മനോധൈര്യം അമ്പരപ്പിക്കുന്നതാണെന്നും കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.
‘ഒരു കൊച്ചനെ കൊല്ലാന്‍ കൂട്ട് നിന്നു. അതിനെ കുഴിച്ചിട്ടു. എന്നിട്ട് ഭര്‍ത്താവ് അതിനെ മറച്ചുവെക്കാന്‍ നോക്കിയപ്പോള്‍ അതിന്റെ മുഴുവന്‍ ടെന്‍ഷനും അങ്ങേരുടെ തലയിലോട്ട് ഇട്ട് ഇപ്പോഴും ഫുള്‍ ഗ്ലോയില്‍ നില്‍ക്കുന്ന റാണി ചേച്ചി.
ദൃശ്യം സിനിമയില്‍ നിന്നുള്ള രംഗം Photo: Aashirvad Cinemas
അമ്മച്ചിയാണേ ക്രിമിനോളജി ക്ലാസ്സില്‍ മൈറ ഹിന്‍ഡ്ലി (Myra Hindley) അടക്കം പല ജാതി കുറ്റവാളികളെക്കുറിച്ച് പഠിച്ചിട്ടുണ്ടെങ്കിലും വായിച്ചിട്ടുണ്ടെങ്കിലും കേട്ടിട്ടുണ്ടെങ്കിലും റാണി ചേച്ചി ഒരു സംഭവമാണ്. ഈ പതിമൂന്ന് വര്‍ഷം ഇത്രയും അനുഭവത്തിലൂടെ പോയിട്ടും ആ കുടുംബത്തില്‍ ഏറ്റവും ഉറപ്പുള്ളത് റാണി ചേച്ചിക്കല്ലയോ?’
ഭയവും മാനസിക സമ്മര്‍ദവും ജോര്‍ജ്ജുകുട്ടിയെയും മക്കളെയും വേട്ടയാടുമ്പോഴും റാണിയെ അതൊന്നും ബാധിക്കുന്നില്ല.
‘ജോര്‍ജ്ജുകുട്ടിയുടെ ശരീരഭാഷയില്‍ പേടിയുണ്ട്. ഇളയ മകള്‍ അന്ന് തൊട്ട് കണ്‍ഫ്യൂസ്ഡ് വിത്ത് ക്യൂരിയോസിറ്റി മോഡിലാണ്. മൂത്ത കുഞ്ഞ് മെഡിക്കേഷനില്‍ നിന്ന് ഇപ്പോള്‍ തെറാപ്പി സപ്പോര്‍ട്ടില്‍ എത്തിയിരിക്കുന്നു. പക്ഷേ റാണി ചേച്ചി… പുള്ളിക്കാരി ദേ പുല്ലുപോലെ നാട്ടില്‍ എവിടെയൊക്കെയാ പുതിയ തുണിക്കട ഉള്ളതെന്ന് റിസര്‍ച്ച് ചെയ്തിരിക്കുന്നു!’ കുറിച്ച് ചൂണ്ടിക്കാട്ടുന്നു.
താന്‍ കൂടി ചെയ്ത കുറ്റം മറയ്ക്കാന്‍ ശ്രമിക്കുന്ന ജോര്‍ജ്ജുകുട്ടിയോട് റാണി ചോദിക്കുന്ന ചില ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ പ്രശസ്തമായ ഹോളിവുഡ് ചിത്രം ‘കില്‍ ബില്ലിലെ’ (Kill Bill) നായികയുടെ വകയിലെ കുഞ്ഞമ്മയുടെ മോളായി റാണിയെ തോന്നുമെന്നും പോസ്റ്റില്‍ പരിഹാസമുണ്ട്.
ദൃശ്യം സിനിമയില്‍ നിന്നുള്ള രംഗം Photo: Aashirvad Cinemas
‘ഗീതാ പ്രഭാകറെ, ചെയ്ത കാര്യത്തില്‍ ഒരു തരത്തിലുള്ള കുറ്റബോധവുമില്ലാതെ എന്‍ടൈറ്റില്‍ഡ് ആയി ജീവിക്കുന്നത് റാണി ചേച്ചിയാണ്. നിങ്ങള്‍ ഇമോഷണല്‍ ജസ്റ്റിസ് ആണ് നോക്കുന്നതെങ്കില്‍ സ്‌കെച്ച് ചെയ്യേണ്ടത് അവരെയാണ്,’ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
എന്തായാലും ദൃശ്യത്തിന്റെ മൂന്നാം ഭാഗവും ചര്‍ച്ചയാകുമ്പോള്‍, ജോര്‍ജ്ജുകുട്ടിയുടെ ബുദ്ധിക്കപ്പുറം റാണിയുടെ ഈ ‘കൂള്‍ ആറ്റിറ്റിയൂഡ്’ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചിരി പടര്‍ത്തുന്നുണ്ട്.
‘റാണി ചേച്ചിയാണ് യഥാര്‍ത്ഥ മാസ്റ്റര്‍മൈന്‍ഡ്’, ‘കുടുംബത്തിലെ ഏറ്റവും കൂള്‍ കഥാപാത്രം’, ‘ജോര്‍ജുകുട്ടിയേക്കാള്‍ ഡേഞ്ചറസ്’ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.
അതേസമയം, ഇത് ആരാധകരുടെ തമാശയും ട്രോള്‍ സംസ്‌കാരത്തിന്റെയും ഭാഗമായുള്ള അഭിപ്രായപ്രകടനമാണെന്നും, കഥാപാത്രങ്ങളെ വ്യത്യസ്ത കാഴ്ചപ്പാടുകളില്‍ വായിച്ചെടുക്കുന്ന സോഷ്യല്‍ മീഡിയയുടെ പുതിയ രീതിയ്ക്ക് ഉദാഹരണമാണെന്നുമാണ് സിനിമാപ്രേമികള്‍ ചൂണ്ടിക്കാട്ടുന്നത്.
Content Highlight: Geetha Prabhakar, if you are looking for emotional justice, it’s Rani Chechi you should sketch”; Viral note