അച്ഛനെ അപമാനിക്കാനോ മറയാക്കി പച്ചക്കള്ളം പ്രചരിപ്പിക്കാനോ ശ്രമിച്ചിട്ടില്ല എന്ന കള്ളം മുഖ്യമന്ത്രി ആവര്‍ത്തിക്കുകയാണെന്നാണ് ഗീത നസീര്‍ പറയുന്നത്.
1971 ല്‍ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന അച്ഛന്‍ കേരളത്തില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി പ്രീമിയര്‍ ബ്രിവറീസിന് കോഓപ്പറേറ്റീവ് ഷുഗര്‍ ലിമിറ്റഡിന്റെ കീഴിലുള്ള ഭൂമിയില്‍ 20 ഏക്കര്‍ പാട്ടത്തിന് നല്‍കുകയാണുണ്ടായത്. താങ്കള്‍ എനിക്കയച്ചുതന്ന ടെലക്‌സ് കോപ്പിയിലും ഇതാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും അവര്‍ പറയുന്നു.
എന്‍.ഇ. ബലറാം വ്യവസായമന്ത്രി ആയിരുന്നപ്പോള്‍ 1971 ജനുവരി 13ന് അയച്ച ടെലക്‌സ് സന്ദേശത്തോടെയാണു ഭൂമി നല്‍കാന്‍ നടപടി ആരംഭിച്ചത് എന്നു മാത്രമാണ് പറഞ്ഞതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് ചരിത്രവസ്തുതയും ഫയലുകളില്‍ ഉള്ള രേഖകളുമാണ്. അത്രയും കാലപ്പഴക്കമുള്ള ഇടപാട് എന്ന കാര്യം വ്യക്തമാക്കാനാണ് ടെലക്‌സ് സന്ദേശത്തിന്റെ കാര്യം സൂചിപ്പിച്ചത്.
അന്ന് അങ്ങനെ ചെയ്തത് തെറ്റായിപ്പോയിയെന്നോ അതില്‍ അഴിമതിയുണ്ടെന്നോ പറഞ്ഞിട്ടില്ല. കേരളത്തില്‍ ഒരു വ്യവസായം തുടങ്ങണം എന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തതെന്നു വിശ്വസിക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
വിജയമല്യയ്ക്കു ഭൂമി അനുവദിച്ചത് എന്‍.ഇ ബല്‍റാമിന്റെ കാലത്താണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനെതിരെ ഗീത നസീര്‍ ഫേസ്ബുക്കിലൂടെ രംഗത്തുവന്നിരുന്നു. ഇതിനു മറുപടിയെന്നോണമാണ് മുഖ്യമന്ത്രിയുടെ ഈ വിശദീകരണം. ഇതിനെതിരെയാണ് ഇപ്പോള്‍ ഗീത വീണ്ടും രംഗത്തുവന്നിരിക്കുന്നത്.
കത്തില്‍ പറയുന്നതിങ്ങനെ:
ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
നാല്‍പത്തിയഞ്ച് വര്‍ഷം മുമ്പ് തുടങ്ങിയ ഇടപാടിന് ബലിയാടാക്കുന്നത് ക്രൂരമെന്ന തലക്കെട്ടില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും മുഖ്യമന്ത്രിയുടെ പേരില്‍ വന്ന പത്രക്കുറിപ്പിനെ ആധാരമാക്കി ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത കത്തിന് മറുപടിയെന്നോണം അങ്ങ് പുറത്തിറക്കിയ പത്രക്കുറിപ്പ് വായിച്ചു. കത്തിലുന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായി ഞാനതിനെ കണക്കാക്കുന്നു. അതോടൊപ്പമുള്ള അന്നത്തെ വ്യവസായ സെക്രട്ടറി അന്നത്തെ പാലക്കാട് കളക്ടര്‍ക്കയച്ച ഫാക്‌സ് സന്ദേശ കോപ്പിയും ലഭിച്ചു.
എന്റെ അച്ഛനെ അപമാനിക്കാനോ മറയാക്കി പച്ചക്കള്ളം പ്രചരിപ്പിക്കാനോ ശ്രമിച്ചിട്ടില്ല എന്ന കള്ളം താങ്കള്‍ വീണ്ടും ആവര്‍ത്തിക്കുന്നു. ഇടപാടിന്റെ കാലപ്പഴക്കം ബോധ്യപ്പെടുത്താനാണ് ബലറാമിന്റെ പേര് ഉപയോഗിച്ചത് എന്ന് പറയുമ്പോഴും, “”കേരളത്തില്‍ ഒരു വ്യവസായം തുടങ്ങണം എന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തതെന്ന് ഞാന്‍ കരുതുന്നു, വിശ്വസിക്കുന്നു”” എന്ന് പറയുമ്പോഴും താങ്കള്‍ വീണ്ടും കൗശലം പുറത്തെടുക്കുകയാണ്.
1971 ല്‍ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന അച്ഛന്‍ കേരളത്തില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി പ്രീമിയര്‍ ബ്രിവറീസിന് കോഓപ്പറേറ്റീവ് ഷുഗര്‍ ലിമിറ്റഡിന്റെ കീഴിലുള്ള ഭൂമിയില്‍ 20 ഏക്കര്‍ പാട്ടത്തിന് നല്‍കുകയാണുണ്ടായത്. താങ്കള്‍ എനിക്കയച്ചുതന്ന ടെലക്‌സ് കോപ്പിയിലും ഇതാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഈ വസ്തുത താങ്കള്‍ വീണ്ടും വീണ്ടും വളച്ചൊടിക്കുന്നു. 1985 ല്‍ അന്നത്തെ മുഖ്യമന്ത്രി കരുണാകരനും ഇ അഹമ്മദും നടത്തിയ ഇടപാടുകള്‍ വിശദീകരിക്കാന്‍ അവര്‍ തന്നെ വേണമെന്നില്ല. ആ രേഖകള്‍ എവിടെയും ലഭ്യമാണ്. അത് താങ്കള്‍ക്കുമറിയാം. 45 വര്‍ഷം മുമ്പുള്ള ടെലക്‌സ് സന്ദേശം ലഭിക്കാമെങ്കില്‍ അതും ലഭ്യമാണ്.
വിജയ്മല്യയുടെ ഭൂമി ഇടപാടുമായി അച്ഛനെ ബന്ധപ്പെടുത്തി താങ്കള്‍ പുറത്തിറക്കിയ ഏപ്രില്‍ 22 ന്റെ പത്രക്കുറിപ്പ് ഇപ്പോഴത്തെ വിശദീകരണത്തിലൂടെ താങ്കള്‍ തന്നെ മറികടക്കുന്നു. 45 വര്‍ഷം മുമ്പ് എന്‍.ഇ ബാലറാമിന്റെ കാലത്ത് ആരംഭിച്ച ഭൂമി ഇടപാടിന്റെ തുടര്‍ നടപടികളുടെ ഭാഗമായാണ് വിജയ് മല്യക്ക് ഭൂമി നല്‍കിയതെന്ന ആ പത്രക്കുറിപ്പ് താങ്കള്‍ പ്രസിദ്ധീകരിച്ചിട്ട് നാലു ദിവസമേ ആയിട്ടുള്ളു.
എന്റെ വികാരം സത്യമാണ്. എനിക്ക് വളച്ചൊടിക്കാനും കൗശലം പ്രയോഗിക്കാനും അറിയില്ല. കമ്യൂണിസ്റ്റുകാരനെന്ന നിലയില്‍ അച്ഛന്‍ ആ പൈതൃകമാണ് കൈമാറിയിട്ടുള്ളത്. താങ്കള്‍ അത് തിരിച്ചറിയുമെന്ന് തന്നെ പ്രത്യാശിക്കുന്നു.
പ്രതീക്ഷയോടെ
ഗീതാനസീര്‍