ഗസ: രണ്ട് വർഷത്തിന് ശേഷം ഗസയിലെ കുട്ടികൾ വീണ്ടും സെക്കണ്ടറി പരീക്ഷയെഴുതി. സർവകലാശാലാ പഠനം ആരംഭിക്കാമെന്ന പ്രതീക്ഷയിൽ ഗസയിലെ നൂറുകണക്കിന് ഫലസ്തീൻ വിദ്യാർത്ഥികൾ വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന സെക്കൻഡറി സ്കൂൾ പ്രവേശന പരീക്ഷ എഴുതി.
ഈ മാസം ആദ്യമായിരുന്നു വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷ പ്രഖ്യാപിച്ചത്. 2023 ഒക്ടോബറിൽ തെക്കൻ ഇസ്രഈലിൽ ഹമാസ് നടത്തിയ പ്രത്യാക്രമണത്തിന് ശേഷം ഗസയിൽ ഇസ്രഈൽ വംശഹത്യ നടത്തുകയാണ്. ഈ യുദ്ധത്തിനിടെ നടക്കുന്ന ആദ്യ പരീക്ഷയാണിത്. പരീക്ഷ എഴുതാനുള്ള ആപ്പുകൾ കുട്ടികൾ ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നും ഇന്റർനെറ്റ് സൗകര്യവും വൈദ്യുതി ലഭ്യതയുമെല്ലാം പരിശോധിച്ചിട്ടുണ്ടെന്നും സെൻട്രൽ ഗസ ഗവർണറേറ്റിലെ പരീക്ഷാ ഡയറക്ടർ മൊറാദ് അൽ അഗ പറഞ്ഞു.
‘പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. പക്ഷേ അവർ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്,’ പരീക്ഷാ ഡയറക്ടർ മൊറാദ് അൽ അഗ പറഞ്ഞു. പ്രധാന പരീക്ഷക്ക് മുമ്പ് അവർ ഒരു മോക്ക് ടെസ്റ്റ് എഴുതിയിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇലക്ട്രോണിക് രീതിയിൽ നടത്തുന്ന പരീക്ഷ എഴുതാൻ ഏകദേശം 1,500 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. സുഗമമായി പരീക്ഷ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ സാങ്കേതിക തയ്യാറെടുപ്പുകളും നടത്തിയിരുന്നെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
മിക്ക വിദ്യാർത്ഥികളും വീട്ടിലിരുന്ന് ഓൺലൈനായി പരീക്ഷ എഴുതി. ഫലസ്തീൻ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം, സ്കോളർഷിപ്പുകൾ, ഇസ്രഈൽ ഉപരോധത്തിനപ്പുറമുള്ള ഒരു ഭാവി എന്നിവയിലേക്കുള്ള നിർണായക കവാടമാണ് ഈ പരീക്ഷയെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഗസയിൽ ഡിജിറ്റൽവത്ക്കരണം എളുപ്പമായിരുന്നില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
‘മിക്കവാറും ഓൺലൈനായി പരീക്ഷ എഴുതാനായിരുന്നു തീരുമാനിച്ചത്, പക്ഷേ അത് വളരെ ബുദ്ധിമുട്ടായിരുന്നു. ഇന്റർനെറ്റ് ദുർബലമാണ്, ഞങ്ങളിൽ പലർക്കും ഉപകരണങ്ങളില്ല, പരീക്ഷ എഴുതാൻ സുരക്ഷിതമായ ഇടവുമില്ല. ബോംബാക്രമണത്തിൽ ഞങ്ങളുടെ പുസ്തകങ്ങളും നഷ്ടപ്പെട്ടു,’ വിദ്യാർത്ഥിയായ ദോഹ ഖതാബ് പറഞ്ഞു.
യുദ്ധം ആരംഭിച്ചതിനുശേഷം, ഗസയിലെ നിരവധി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം തടസപ്പെട്ടിരുന്നു. ഈ പരീക്ഷയിലൂടെ അവർക്ക് സർവകലാശാലയിൽ പഠനം തുടരാൻ സാധിക്കും.
ഇസ്രഈലി ആക്രമണങ്ങൾ ഗസയിലെ വിദ്യാഭ്യാസ സൗകര്യങ്ങളും പ്രദേശത്തെ മറ്റ് സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും തകർത്തതിനാൽ സർവകലാശാല പഠനം ആരംഭിക്കേണ്ടിയിരുന്ന പലരും ഇപ്പോഴും ഹൈസ്കൂൾ തലത്തിൽ തന്നെ തുടരേണ്ടി വന്നിരുന്നു.
Content Highlight: Gaza students sit exams for first time since war began in October 2023