| Wednesday, 26th November 2025, 10:47 am

ഗസയുടെ നിലനിൽപ്പ് അപകടത്തിൽ; പുനർനിർമാണത്തിന് 70 ബില്യൺ ഡോളർ ചെലവ്; യു.എൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോർക്ക്: ഗസയിലെ പുനർനിർമാണത്തിന് 70 ബില്യൺ ഡോളർ ചെലവ് വരുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. ഇസ്രഈൽ അധിനിവേശം ഫലസ്തീന്റെ സമ്പദ് വ്യവസ്ഥയെ തകർത്തെന്നും നിലനിൽപിന് തന്നെ ഭീഷണിയായെന്നും യു.എൻ പറഞ്ഞു. ഉടനടി അന്താരാഷ്ട്ര ഇടപെടൽ ഉണ്ടാകണമെന്നും യു.എൻ ആവർത്തിച്ചു.

ഗസയെ പുനർനിർമിക്കുന്നതിനായും 2023 ഒക്ടോബറിന് മുമ്പുള്ള ജി.ഡി.പി നിലവാരത്തിലേക്ക് വീണ്ടെടുക്കുന്നതിനായും പതിറ്റാണ്ടുകൾ വേണ്ടിവന്നേക്കുമെന്നും യു.എൻ വ്യാപാര വികസന ഏജൻസി (യു.എൻ.സി.ടി.എ.ഡി) റിപ്പോർട്ടിൽ പറഞ്ഞു.

യുദ്ധവും നിയന്ത്രണങ്ങളും ഫലസ്തീൻ സമ്പദ് വ്യവസ്ഥയുടെ അഭൂതപൂർവമായ തകർച്ചക്ക് കാരണമായിട്ടുണ്ടെന്നും യു.എൻ പറഞ്ഞു.

ഭക്ഷണം മുതൽ പാർപ്പിടം വരെയുള്ള എല്ലാ നിലനിൽപിനെയും യുദ്ധത്തിൽ തകർത്തെന്നും 2.3 ദശലക്ഷം വരുന്ന ജനങ്ങൾ തീവ്രമായ ദാരിദ്ര്യം നേരിടുന്നുണ്ടെന്നും യു.എൻ കൂട്ടിച്ചേർത്തു.

പ്രതിശീർഷ മൊത്ത ആഭ്യന്തര ഉത്പാദനം വെറും 161 ഡോളറായെന്നും 2023-2024 കാലയളവിൽ ഗസയുടെ സമ്പദ് വ്യവസ്ഥ 87% ആയി ചുരുങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു. 22 വർഷത്തെ വികസനത്തെ രണ്ട് വർഷത്തിനുള്ളിൽ ഇല്ലാതാക്കിയെന്നും യു.എൻ വിമർശിച്ചു.

അക്രമവും കുടിയേറ്റ വ്യാപനവും തൊഴിലാളികളുടെ മേലുള്ള നിയന്ത്രണവും സമ്പദ് വ്യവസ്ഥയെ തകർത്തെന്നും യു.എൻ പറഞ്ഞു.

ഗസയിൽ ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ 69,000ത്തിലധികം പേര് കൊല്ലപ്പെട്ടതായി യു.എൻ ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നു.
ഏകോപിതമായ അന്താരാഷ്ട്ര സഹായം, ധനകാര്യ കൈമാറ്റങ്ങൾ പുനഃസ്ഥാപിക്കൽ, വ്യാപാരം, നിക്ഷേപം എന്നിവയിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികൾ എന്നിവ സംയോജിപ്പിച്ച് ഒരു സമഗ്ര പുനർനിർമാണ പദ്ധതിക്ക് യു.എൻ.സി.ടി.എ.ഡി ആഹ്വാനം ചെയ്തു.

ഗസയിലെ ജനങ്ങൾ അങ്ങേയറ്റത്തെ ദാരിദ്ര്യം അനുഭവിക്കുന്നതിനാൽ പ്രതിമാസ പണം കൈമാറുന്ന ഒരു അടിയന്തര അടിസ്ഥാന വരുമാനം ഏർപ്പെടുത്തണമെന്നും യു.എൻ ഏജൻസി ആവശ്യപ്പെട്ടു.

Content Highlight: Gaza’s existence in danger; reconstruction will cost $70 billion: United Nations

We use cookies to give you the best possible experience. Learn more