ന്യൂയോർക്ക്: ഗസ സമാധാന പദ്ധതിയുടെ കരട് പ്രമേയം യു.എൻ സുരക്ഷാ കൗൺസിൽ അംഗങ്ങൾക്കുമുന്നിൽ അവതരിപ്പിച്ച് യു.എസ്.
തുർക്കി, ഈജിപ്ത്, ഖത്തർ, യു.എ.ഇ, സൗദി അറേബ്യയടക്കം സുരക്ഷാ കൗൺസിലിലെ തെരഞ്ഞെടുക്കപ്പെട്ട 10 അംഗങ്ങൾക്ക് മുന്നിലാണ് കരട് പ്രമേയം അവതരിപ്പിച്ചത്.
ഈ രാജ്യങ്ങളുടെ പ്രതിനിധികൾ യു.എസിനോപ്പം ചേരുമെന്ന് യു. എസ് വക്താവ് മൈക്ക് വാൾട്ട്സ് പറഞ്ഞു.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിന്റെ ഉദാഹരണമാണ് ഈ കൂടിക്കാഴ്ചയെന്നും ഇത് ചരിത്രപരമാണെന്നും മൈക്ക് വാൾട്ട്സ് പറഞ്ഞു.
ഗസയിലെ വെടിനിർത്തലിന് മേൽനോട്ടം വഹിക്കാനും ട്രംപിന്റെ 20 ഇന പദ്ധതികളുള്ള സമാധാന കരാറിനെ പിന്തുണയ്ക്കാനും അന്താരാഷ്ട്ര സുരക്ഷാ സേനയ്ക്ക് യു.എൻ സുരക്ഷാ കൗണ്സിലിന്റെ അനുമതി നൽകണമെന്ന് കരടിൽ പറയുന്നു.
പതിറ്റാണ്ടുകളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനും മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനം യാഥാർഥ്യമാക്കാനും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് യു.എസ് വക്താവ് പറഞ്ഞു.
കൂടുതൽ മാനുഷിക സഹായം നൽകുക, എല്ലാ ബന്ദികളെയും വിട്ടയക്കുക, സുരക്ഷിതവും സമൃദ്ധവുമായ ഗസയെ വീണ്ടെടുക്കുക എന്നതടക്കമുള്ള കാര്യങ്ങൾ ട്രംപിന്റെ 20 ഇന പദ്ധതികളുള്ള സമാധാന കരാറിൽ പറയുന്നു.
വെടിനിർത്തൽ ഉറപ്പാക്കാൻ ഗസയിൽ ഒരു സമാധാന സേനയെ നിയമിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്
അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ യു.എന്നിന്റെ ഇടപെടലിനെ ഇസ്രഈൽ എതിർത്തിരുന്നു.
ഒക്ടോബർ പത്തിന് ശേഷം മാത്രം ഇസ്രഈൽ വെടി നിർത്തൽ കരാർ ലംഘിച്ച് ഗസയിൽ നടത്തിയത് 194 നിയമലംഘനങ്ങളാണെന്ന് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചിരുന്നു.
യെല്ലോ ലൈൻ എന്നറിയപ്പെടുന്ന രേഖയ്ക്കപ്പുറം കടന്നുകയറ്റവും സഹായം തടയലും ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ ഇസ്രഈൽ തുടരുകയാണെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു.
Content Highlight: Gaza peace plan; US presents draft resolution to UN Security Council