വാഷിങ്ടൺ: ഗസയിലെ യു.എസ് സമാധാന പദ്ധതിക്ക് യു.എൻ സുരക്ഷ സമിതി അംഗീകാരം നൽകിയതോടെ ഫലസ്തീനികൾക്ക് പിന്തുണയുമായി യു.എൻ ആസ്ഥാനത്തിന് സമീപം പ്രതിഷേധം. ഗസയിലെ ഭരണത്തിൽ യു.എസിനും ഇസ്രഈലിനും അധികാരം നൽകുന്ന പ്രമേയമാണിതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
പീപ്പിൾസ് ഫോറം, ഷട്ട് ഇറ്റ് ഡൗൺ ഫോർ ഫലസ്തീൻ ഗ്രൂപ്പ് തുടങ്ങിയ ഫലസ്തീൻ അനുകൂല സംഘടനകളുടെ സഹകരണത്തോടെ ന്യൂയോർക്ക് സിറ്റി ഫലസ്തീൻ യുവജന പ്രസ്ഥാനമാണ് പ്രതിഷേധ മാർച്ച് നടത്തിയത്.
ഈ പ്രമേയം ഗസയിലേക്കുള്ള അമേരിക്കൻ അധിനിവേശത്തിനും ഭാവിയിൽ ഗസ ഭരണത്തിൽ ഇടപെടാൻ യു.എസിനും ഇസ്രഈലിനും പൂർണമായ അംഗീകാരം നൽകുന്നതാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
ഫലസ്തീനിൽ ഒരു അധിനിവേശ ശക്തിയായി അമേരിക്കയെ സ്ഥാപിക്കുന്നതിനുള്ള യു.എൻ സുരക്ഷാ കൗൺസിലിന്റെ പ്രമേയം ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിന് വിരുദ്ധമാണെന്ന് റാമല്ല ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയും ചൂണ്ടിക്കാട്ടി.
യു.എൻ സ്ഥിരാംഗങ്ങളായ ചൈനയുടെയും റഷ്യയുടെയും കടുത്ത എതിർപ്പിനിടെയാണ് യു.എസ് പദ്ധതിക്ക് സുരക്ഷാ സമിതി അംഗീകാരം നൽകിയത്. 13 വോട്ടുകൾക്കാണ് പ്രമേയം പാസായത്. റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു.
നിലവിലെ സാഹചര്യത്തിൽ അന്താരാഷ്ട്ര നിയമത്തിൽ അധിഷ്ഠിതമായ പ്രമേയങ്ങൾ പാസാക്കുകയാണ് ചെയ്യേണ്ടതെന്നും എന്നാൽ യു.എസ് പദ്ധതിയിൽ ഔദ്യോഗിക അംഗീകാരത്തിനുള്ള വിശദാംശങ്ങൾ ഇല്ലെന്നുമായിരുന്നു ചൈനയും റഷ്യയും പറഞ്ഞത്.
അതേസമയം മറ്റ് യു.എൻ.എസ്.സി അംഗങ്ങൾ യു.എസ് പ്രമേയത്തെ അംഗീകരിച്ചു.
ഗസയിൽ അന്താരാഷ്ട്ര സേനയെ വിന്യസിക്കണമെന്നും എല്ലാ ക്രോസിങ്ങുകളും തുറക്കണമെന്നും തടസ്സമില്ലാത്ത സഹായമെത്തിക്കണമെന്നും യു.എൻ.എസ്.സി അംഗങ്ങൾ അറിയിച്ചു.
നിലവിൽ നടക്കുന്ന എല്ലാ സമാധാന ശ്രമങ്ങളെയും പിന്തുണയ്ക്കുന്നു. ഹമാസിന്റെ നിരായുധീകരണവും മാനുഷിക സഹായ വിതരണവും ഉൾപ്പടെയുള്ള ആവശ്യങ്ങൾ നിറവേറ്റണമെന്നും യു.എൻ.എസ്.സി അംഗങ്ങൾ പറഞ്ഞു.
യു.കെ, ഫ്രാൻസ്, ദക്ഷിണകൊറിയ, സ്ലോവേനിയ, ഡെൻമാർക് തുടങ്ങിയ അംഗങ്ങൾ ഫലസ്തീനികളുടെ സ്വയം നിർണയാവകാശത്തിനുള്ള പിന്തുണയും അറിയിച്ചു.
Content Highlight: Gaza peace plan; Protest near UN headquarters in support of Palestinians