| Monday, 10th August 2026, 6:53 am

തലമുറകളോളം ഗസ തകര്‍ന്നുതന്നെ കിടക്കണം, ഫലസ്തീനികളുടെ നിരാശ ഇസ്രഈലിന് ഗുണമെന്ന് മുന്‍ ജനറല്‍

ആദർശ് എം.കെ.

ടെല്‍ അവീവ്: ഗസ മുനമ്പ് വരും ദശകങ്ങളില്‍ പുനര്‍നിര്‍നിക്കപ്പെടാതെ പൂര്‍ണമായും തകര്‍ന്നുതന്നെ കിടക്കണമെന്നും ഫലസ്തീനികളുടെ നിരാശയും നാശനഷ്ടങ്ങളും ഇസ്രഈലിന് ഗുണകരമാണെന്നും ഇസ്രഈല്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ മുന്‍ മേധാവിയും റിട്ടയേര്‍ഡ് മേജര്‍ ജനറലുമായ ഗിയോറ ഐലന്‍ഡ്.

ഇസ്രാഈലിന്റെ 103 FM റേഡിയോ സ്‌റ്റേഷന് നല്‍കിയ അഭിമുഖത്തിലാണ് ഇയാള്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. മിഡില്‍ ഈസ്റ്റ് ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ഗസ പുനര്‍നിര്‍മിക്കുന്നതില്‍ ഇസ്രാഈലിന് യാതൊരു താത്പര്യവുമില്ല. വരും തലമുറകളോളം അത് തകര്‍ന്നുതന്നെ കിടക്കുന്നതാണ് നമുക്ക് നല്ലത്,’ എന്നാണ് ഐലന്‍ഡ് പറഞ്ഞത്.

ഗസയിലെ നാശനഷ്ടങ്ങളും ജനങ്ങളുടെ നിരാശയും എത്രത്തോളം വര്‍ധിക്കുന്നുവോ, അത്രത്തോളം അത് ഇസ്രഈലിന്റെ സുരക്ഷയ്ക്കും ഭാവി താത്പര്യങ്ങള്‍ക്കും ഗുണകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒക്ടോബര്‍ ഏഴിലെ സംഭവങ്ങള്‍ക്കുള്ള ദീര്‍ഘകാല പ്രതിരോധമായും സ്മാരകമായും ഈ തകര്‍ച്ച നിലനില്‍ക്കണമെന്നാണും മുന്‍ ജനറല്‍ പ്രസ്താവിച്ചു.

യുദ്ധത്തില്‍ പരാജയപ്പെടുന്ന രാജ്യങ്ങള്‍ക്ക് ഭൂമി നഷ്ടപ്പെടുമെന്നതിന് ചരിത്രപരമായ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഐലന്‍ഡ് സംസാരിച്ചത്. രണ്ടാം ലോകമഹായുദ്ധത്തില്‍ പരാജയപ്പെട്ട ജര്‍മനിക്ക് അവരുടെ ആകെ ഭൂമിയുടെ 25 ശതമാനം വിട്ടുനല്‍കേണ്ടി വന്ന സാഹചര്യം ഐലന്‍ഡ് ഉദാഹരണമായി പറഞ്ഞു.

‘ഗസയുടെ ഉള്ളില്‍ ഇസ്രഈല്‍ സൈന്യം നിലവില്‍ കൈവശപ്പെടുത്തിയിരിക്കുന്ന യെല്ലോ ലൈന്‍ പ്രദേശം ഒരു കാരണവശാലും വിട്ടുകൊടുക്കരുത്. ഗസയുടെ ആകെ വിസ്തൃതിയുടെ 70 ശതമാനം വരെ വരുന്ന ഈ പ്രദേശം ഇസ്രഈലി സെറ്റില്‍മെന്റുകള്‍ക്കായല്ല, മറിച്ച് ഇസ്രഈല്‍ സൈന്യത്തിന് നിലയുറപ്പിക്കാനുള്ള ശക്തമായ സുരക്ഷാ കവചമായി ഉപയോഗിക്കണം,’ മുന്‍ ജനറല്‍ ആവശ്യപ്പെട്ടു.

ഇസ്രഈല്‍ പ്രതിപക്ഷ നേതാവ് അവിഗ്‌ദോര്‍ ലീബര്‍മാന്റെ രാഷ്ട്രീയ നിലപാടുകളോട് ചേര്‍ന്നുനില്‍ക്കുന്ന ഐലന്‍ഡ്, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നയതന്ത്ര സമീപനങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച 15 പോയിന്റ് ഗസ പദ്ധതിയെ ഹമാസ് അനുകൂലം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അമേരിക്കയോട് നേരിട്ട് നോ എന്ന് പറയുന്നതിന് പകരം തന്ത്രപരമായ നിബന്ധനകളോടെ മറുപടി നല്‍കാന്‍ അദ്ദേഹം നെതന്യാഹുവിനോട് ആവശ്യപ്പെട്ടു.

കൂടാതെ, വാഷിങ്ടണുമായുള്ള നയതന്ത്ര ബന്ധത്തില്‍ ഇസ്രഈല്‍ അമിതമായി നെതന്യാഹു-ട്രംപ് വ്യക്തിബന്ധത്തെ മാത്രം ആശ്രയിക്കുന്നത് ശരിയായ രീതിയിലല്ലെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ ഇസ്രഈലി ജനറലിന്റെ ഇത്തരത്തിലുള്ള തീവ്രനിലപാടുകള്‍ക്കിടയില്‍ ഗസയില്‍ ഫലസ്തീന്‍ ജനത നേരിടുന്ന മാനുഷിക സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.

ഒക്ടോബര്‍ 11ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം മാത്രം ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 1,258 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 4,139 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 10 മാസത്തിനിടെ കുറഞ്ഞത് 300 കുട്ടികളെങ്കിലും ഗസയില്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ കുട്ടികള്‍ക്കായുള്ള ഏജന്‍സിയായ യുണിസെഫ് (UNICEF) അറിയിച്ചു.

2023 ഒക്ടോബര്‍ 7 മുതല്‍ ഇതുവരെ ഇസ്രഈല്‍ നടത്തിയ അതിരൂക്ഷമായ ആക്രമണങ്ങളില്‍ ഗസയില്‍ ആകെ 73,386 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,74,250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Gaza must remain in ruins for generations; Palestinian despair benefits Israel, says former general.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more